ADVERTISEMENT

തിരുവനന്തപുരം ∙ നെടുങ്കണ്ടം കസ്റ്റഡി കൊലയുമായി ബന്ധപ്പെട്ടു പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി.അനിൽ കുമാറിനെ തിരൂർ സബ് ജയിലിലേക്കു മാറ്റി.

ഡപ്യൂട്ടി പ്രിസൺ ഓഫിസർ ബാസ്റ്റൺ ബോസ്കോയെ സസ്പെൻഡ് ചെയ്യുകയും അസിസ്റ്റന്റ് വാർഡറായ താൽക്കാലിക ജീവനക്കാരൻ സുഭാഷിനെ പിരിച്ചുവിടുകയും ചെയ്തു. ജയിൽ ഡിഐജി സാം തങ്കയ്യന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.ജയിലിൽ കുമാറിനു മർദനമേറ്റിട്ടില്ലെന്നും എന്നാൽ അവശനിലയിലായ തടവുകാരനു ചികിത്സ നൽകുന്നതിൽ ഇവർ വീഴ്ച വരുത്തിയെന്നുമാണു കണ്ടെത്തൽ. 

മർദനമേറ്റെന്ന ആരോപണം ശരിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദ അന്വേഷണത്തിനു ചീമേനി തുറന്ന ജയിൽ സൂപ്രണ്ട് പി.അജയകുമാറിനെ ജയിൽ ഡിജിപി ഋഷിരാജ് സിങ് ചുമതലപ്പെടുത്തി.

ഡിഐജിയുടെ കണ്ടെത്തലുകൾ: കുമാറിനെ ജയിലിൽ പ്രവേശിപ്പിച്ച ദിവസവും മരിക്കുന്നതിന്റെ തലേന്നും ബാസ്റ്റൺ ബോസ്കോ ആയിരുന്നു ഡ്യൂട്ടിയിൽ. അവശ നിലയിലായിരുന്ന പ്രതിയെ 2 കിലോമീറ്റർ അപ്പുറത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയില്ല. 20 ന് രാത്രി ഗുരുതര സ്ഥിതിയിലായ ശേഷമാണു കൊണ്ടുപോയത്. ജയിലിലെത്തി 36 മണിക്കൂർ കഴിഞ്ഞാണ് ആദ്യ ചികിത്സ ലഭ്യമാക്കിയത്.

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സുഭാഷ് പ്രതിയെ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല. ആശുപത്രിയിലെ ഡോക്ടർമാരും ചികിത്സയിൽ വീഴ്ച വരുത്തി. ഇത്രയും അവശ നിലയിലായിരുന്നിട്ടും കിടത്തി ചികിത്സിക്കാൻ അവർ നിർദേശിച്ചില്ല. 

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിയുടെ സ്കാൻ റിപ്പോർട്ട് എസ്കോർട്ട് പോയ പൊലീസുകാർ ഡ്യൂട്ടി ഡോക്ടർമാരെ കാണിച്ചില്ല. മൂത്രത്തിൽ രക്തം കണ്ടിട്ടും യൂറോളജി വിഭാഗത്തിലും പ്രതിയെ കാണിച്ചില്ല. പൊലീസ് മർദിച്ച കാര്യം കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരോടു പ്രതി പറഞ്ഞിട്ടും അവിടെ കിടത്തി ചികിത്സിച്ചില്ല.

ജയിലുകളിലെ നിർണായക ഡ്യൂട്ടികളിൽ ദിവസ വേതനക്കാരെ നിയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അവശ നിലയിൽ എത്തുന്ന തടവുകാർക്ക് അവർ വേണ്ടെന്നു പറഞ്ഞാലും നിർബന്ധിത ചികിത്സ ലഭ്യമാക്കണമെന്നും ഡിഐജി ശുപാർശ ചെയ്തു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com