ADVERTISEMENT

തൊടുപുഴ ∙ നെടുങ്കണ്ടം പൊ ലീസ് സ്റ്റേഷനിൽ കുമാറിനെ (രാജ്കുമാർ) കസ്റ്റഡിയിൽ വച്ചത് അന്നത്തെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെയും കട്ടപ്പന ഡിവൈഎസ്പിയുടെയും അറിവോടെയായിരുന്നുവെന്നും സംഭവം നടക്കുന്ന സമയത്തു താൻ സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും കേസിലെ ഒന്നാം പ്രതിയും നെടുങ്കണ്ടം മുൻ എസ്ഐയുമായ കെ.എ. സാബു.  

തൊടുപുഴ സെഷൻസ് കോടതിയിൽ സാബു നൽകിയ ജാമ്യാപേക്ഷയിലാണ് ഈ പരാമർശം. കുമാറിനെ കസ്റ്റഡിയിലെടുത്ത സമയത്ത് എഎസ്ഐ സി.ബി.റെജിമോനും ഡ്രൈവർ എസ്.നിയാസുമാണു സ്റ്റേഷനിലുണ്ടായിരുന്നത്. 

ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ബി.വേണുഗോപാലിന്റെ നിർദേശത്തെത്തുടർന്നാണു തന്റെ സഹപ്രവർത്തകർ കുമാറിനെ ചോദ്യം ചെയ്തതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അതേപടി അനുസരിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ അതതു ദിവസം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും സാബുവിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.  

സാബുവിന്റെ ജാമ്യാപേക്ഷ തൊടുപുഴ കോടതി ഇന്നു പരിഗണിക്കും. സാബുവിന്റെ ജാമ്യാപേക്ഷ പീരുമേട് കോടതി നേരത്തേ തള്ളിയിരുന്നു. കുമാർ കസ്റ്റഡിമരണക്കേസിൽ കഴിഞ്ഞ മാസം 12 മുതൽ 15 വരെ നെടുങ്കണ്ടം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. 

കഴിഞ്ഞ മാസം 12നു കസ്റ്റഡിയിലെടുത്ത കുമാറിനു പിറ്റേന്നു സ്റ്റേഷൻ ജാമ്യം നൽകിയെന്നു വ്യാജരേഖ ഉണ്ടാക്കിയതിനു വ്യക്തത വരുത്തുന്നതിനാണ് ഇത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണു വ്യാജരേഖ ചമച്ചതെന്നും ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചു. 

ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് ഡ്രൈവർമാരും കേസിലെ മൂന്നും നാലും പ്രതികളുമായ എസ്.നിയാസ്, സജീവ് ആന്റണി എന്നിവരെ ഇന്നലെ വൈകിട്ട് ദേവികുളം സബ് ജയിലിലേക്കു വീണ്ടും റിമാൻഡ് ചെയ്തു. ഇവരുടെ മൊഴി രേഖപ്പെടുത്തി. 

കുമാറിന്റെ നില മോശമായതോടെ, എസ്ഐ സാബുവിന്റെ നിർദേശപ്രകാരമാണു കഴിഞ്ഞ മാസം 13നു ജാമ്യം നൽകിയതായി വ്യാജരേഖ ഉണ്ടാക്കിയതെന്നാണു ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. 

കേസിൽ നിന്നു പെലീസുകാരെ രക്ഷിക്കാൻ വനിതാ പഞ്ചായത്തംഗത്തെ മുൻനിർത്തി മുൻ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത് സജീവ് ആന്റണിയുടെ നിർദേശപ്രകാരമായിരുന്നുവെന്നും ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചു. കസ്റ്റഡിമരണക്കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഇന്നു വൈകിട്ടോടെ ഉണ്ടാകുമെന്നാണു വിവരം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com