ADVERTISEMENT

തിരുവനന്തപുരം∙ നെൽവയൽ ഡേറ്റാബാങ്കിലെ തെറ്റുതിരുത്താൻ ലഭിച്ച അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ അന്തിമതീരുമാനമെടുക്കണമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ.  

അപേക്ഷകൾ തീർപ്പാക്കാൻ ആവശ്യമെങ്കിൽ അദാലത്തുകൾ നടത്തണം. സർവേ നമ്പർ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള അപേക്ഷകളിൽ മാത്രം വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടാൽ മതിയാകും. തർക്കമുള്ള അപേക്ഷകൾ മാത്രം തുടർ നടപടിക്കായി മാറ്റിവച്ചാൽ മതിയെന്നും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർക്കായുള്ള അഗ്രിവിഷൻ 20:20 ശില്പശാല ഉദ്ഘാടനം ചെയ്തു മന്ത്രി വ്യക്തമാക്കി. 

വിള ഇൻഷുറൻസിന്റെ പ്രാധാന്യം കർഷകരെ ബോധ്യപ്പെടുത്തണമെന്നും മുഴുവൻ വാഴ കർഷകരെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

100 ദിവസത്തിനുള്ളിൽ മുഴുവൻ കാർഷിക വായ്പകളും  കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തണം. സംസ്ഥാനത്തെ കാർഷിക മേഖലയെ 5 അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിക്കും. ഇവയെ 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളാക്കും. ഓരോ യൂണിറ്റിനും ആവശ്യമായ പാക്കേജ് ഓഫ് പ്രാക്ടീസ് രൂപീകരിക്കാനുള്ള നടപടികൾ കാർഷിക സർവകലാശാല ആരംഭിച്ചിട്ടുണ്ട്. കൃഷി, ഉല്പാദനം, മണ്ണുപരിശോധന ഉൾപ്പെടെ എല്ലാ കാര്യങ്ങളും പുനർനിർണയിക്കും. റീബിൽഡ് കേരളയുടെ ഭാഗമായാണ് ഈ പദ്ധതി. 

കൃഷി വകുപ്പിൽ സ്‌പെഷൽ റൂൾ മൂന്നുമാസത്തിനകം നടപ്പാക്കും. വിദ്യാർഥികളെ പാടത്തേക്കിറക്കുന്ന ‘പാഠം 1– പാടത്തേയ്ക്ക്’ സെപ്റ്റംബർ 26 നു നടത്തും. കർഷക മിത്ര പദ്ധതി വ്യാപിപ്പിക്കും. 

കൃഷി ഭവനുകളിൽ ഉത്പാദന ലക്ഷ്യം രേഖപ്പെടുത്തിയ മാപ്പുകൾ ഉണ്ടായിരിക്കണം. പ്രളയമുൾപ്പെടെ ദുരന്തങ്ങൾ സംഭവിച്ചെങ്കിലും നെൽകൃഷി ഉത്പാദനം 4.8 മെട്രിക് ടണ്ണിൽ നിന്നു 8.9 മുതൽ 10.2 മെട്രിക് ടൺ ആയി വർധിച്ചതായും മന്ത്രി പറഞ്ഞു. 

അഡിഷനൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിങ് അധ്യക്ഷനായി. സ്‌പെഷൽ സെക്രട്ടറി രത്തൻ ഖേൽക്കർ, സോയിൽ സർവേ ഡയറക്ടർ ജസ്റ്റിൻ മോഹൻ, ഡപ്യൂട്ടി ഡയറക്ടർമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com