ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമലയിൽ സർക്കാരിനെ പൊലീസ് ആർഎസ്എസിന് ഒറ്റു കൊടുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാനച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു മുഖ്യമന്ത്രി ആഞ്ഞടിച്ചത്. 

ആദ്യ ഘട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചെങ്കിലും തമിഴ്നാട്ടിലെ മനിതി സംഘം വന്നപ്പോൾ നാറാണത്തു ഭ്രാന്തനെപ്പോലെയായി പൊലീസ്. യുവതികൾ വരുന്നത് ആർഎസ്എസിനു ചിലർ കൃത്യമായി ചോർത്തി നൽകി. ‘കൊണ്ടു പോയതും നീയേ ചാപ്പാ, കൊല്ലിച്ചതും നീയേ ചാപ്പാ’ എന്ന സമീപനം. ആർഎസ്എസ് നേതാവിനു മൈക്ക് പിടിച്ചു കൊടുക്കാനായി താൽപര്യം. ഇതുകൊണ്ടാണു സുപ്രീം കോടതി വിധി വേണ്ട വിധത്തിൽ നടപ്പാക്കാൻ സർക്കാരിനു കഴിയാതിരുന്നത്. സത്യസന്ധമായി ജോലി ചെയ്തെന്നു നെഞ്ചിൽ കൈവച്ചുപറയാൻ എത്രപേർക്കു പറ്റുമെന്നു പരിശോധിക്കണം – മുഖ്യമന്ത്രി പറഞ്ഞു. 

കസ്റ്റഡി കൊല: പിരിച്ചുവിടൽ 3 മാസത്തിനകം

കസ്റ്റഡി കൊലയ്ക്ക് ഉത്തരവാദികളായ പൊലീസുകാരെ  3 മാസത്തിനുള്ളിൽ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി. കസ്റ്റഡിയിൽ മർദിക്കാൻ പൊലീസിന് അധികാരമില്ല. കാര്യങ്ങൾ മനസ്സിലാക്കി പെരുമാറുകയാണു പൊലീസിനു നല്ലതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. 

സർക്കാർ ശമ്പളം വാങ്ങുന്നവർ സർക്കാർ നയത്തിനൊപ്പമുണ്ടോ? മുഖ്യമന്ത്രി ഉന്നയിച്ച  പ്രധാന വിമർശനങ്ങൾ

∙ പല ഉന്നത ഉദ്യോഗസ്ഥരും ശബരിമല ഡ്യൂട്ടിയിൽനിന്ന് ഒഴിഞ്ഞുമാറി. ചിലർ അവധിയെടുത്തു മുങ്ങി. 

∙ സർക്കാർ ശമ്പളം വാങ്ങുന്നവർ സർക്കാരിന്റെ നയങ്ങളോടൊപ്പം നി‍ൽക്കണം. അങ്ങനെ എത്ര പേർ പ്രവർത്തിച്ചു?

∙ പല ഉദ്യോഗസ്ഥരും സ്വന്തം താൽപര്യപ്രകാരം പ്രവർത്തിച്ചു. വ്യക്തിപരമായ അജൻഡ പൊലീസിൽ പാടില്ല. 

∙ പൊലീസ് ആസ്ഥാനത്തുനിന്നു പോലും വിവരങ്ങൾ ചോരുന്നു. അവിടെനിന്നു ഫയൽ ആഭ്യന്തര വകുപ്പിലെത്തും മുൻപേ പലർക്കും പകർപ്പ് ലഭിക്കുന്നു. ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ സ്വന്തം സ്ഥാനക്കയറ്റ ശുപാർശയുടെ ഫയലുമായി തന്റെ മുൻപിലെത്തി. 

പൊലീസ് യോഗം: ആർക്കും മുഖ്യമന്ത്രിയോട് ഒന്നും ചോദിക്കാനില്ല

തിരുവനന്തപുരം ∙ ക്രമസമാധാനച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ആശയവിനിമയവും നിശ്ചയിച്ചിരുന്നു. എന്നാൽ ശബരിമല വിഷയത്തിലും മറ്റുമായി പൊലീസിനെ രൂക്ഷമായി വിമർശിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ഒരാൾ പോലും അഭിപ്രായം പറയാനോ സംശയം ചോദിക്കാനോ തുനിഞ്ഞില്ല. ഡിജിപി ലോക്നാഥ് ബെഹ്റ മുതൽ ക്രമസമാധാനച്ചുമതലയിലുള്ള ഡിവൈഎസ്പിമാർ വരെ യോഗത്തിനെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com