ADVERTISEMENT

ശബരിമല ∙ കർക്കടകത്തിന്റെ കഷ്ടതകളിൽ നിന്നു കാത്തുകൊള്ളണമെന്ന പ്രാർഥനയുമായി മലകയറി എത്തിയ ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണംവിളികളും എണ്ണമറ്റ തൊഴുകൈകളും ഹരിഹരാത്മജനുള്ള നിറമാലയാക്കി അയ്യപ്പ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. മാളികപ്പുറം മേൽശാന്തി എം.എൻ നാരായണൻ നമ്പൂതിരിക്ക് നടതുറക്കാൻ ശ്രീകോവിലിന്റെ താക്കോലും ഭസ്മവും നൽകി യാത്രയാക്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. അതിനു ശേഷമാണ് കാത്തുനിന്ന അയ്യപ്പന്മാരെ പടികയറ്റി വിട്ടത്. ഇന്നു പുലർച്ചെ 5.30ന് നടതുറന്നു പൂജകൾ തുടങ്ങും. 21 വരെ പൂജകൾ ഉണ്ടാകും. ഇന്ന് കർക്കടകപ്പുലരിയിൽ ദർശനത്തിനായി സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്കാണ്.

പമ്പാ ഗണപതികോവിലിന്റെ ശ്രീകോവിലിൽ പിച്ചള പൊതിഞ്ഞ സോപാനപ്പടിയും മുഖമണ്ഡപവും സമർപ്പിച്ചു. തന്ത്രി കണ്ഠര് രാജീവര് സമർപ്പണം നിർവഹിച്ചു. 

പമ്പാ മേൽശാന്തിമാരായ നെയ്യാറ്റിൻകര എസ്.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മലയൻകീഴ് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ വഴിപാടായാണ് പിച്ചള പൊതിഞ്ഞു നൽകിയത്. ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, ഡി.വിജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണം . തുടർന്ന് പമ്പാ ഗണപതിക്ക് കളഭാഭിഷേകവും ഉണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com