ADVERTISEMENT

തിരുവനന്തപുരം∙സംസ്ഥാനതല കായികമേളകളിൽ സമ്മാനം നേടാത്തവർക്കു ഗ്രേസ്മാർക്ക് നൽകേണ്ടെന്നു പിഎസ്‌സിയുടെ പ്രത്യേക യോഗം തീരുമാനിച്ചു.അതേസമയം,ദേശീയ രാജ്യാന്തര മേളകളിൽ സമ്മാനം ലഭിക്കുന്നവർക്കും പങ്കെടുക്കുന്നവർക്കും ഗ്രേസ് മാർക്ക് ലഭിക്കും.

യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതിയുടെ ഗ്രേസ്മാർക്ക് വിവാദമായ പശ്ചാത്തലത്തിൽ ആയിരുന്നു യോഗം. സംസ്ഥാനതല മേളകളിൽ പങ്കെടുക്കുന്നവർക്കും ഇടക്കാലത്തു പിഎസ്‌സി ഗ്രേസ് മാർക്ക് നൽകിയിരുന്നു. സംസ്ഥാനതലത്തിൽ ഒന്നു മുതൽ മൂന്നു വരെ സമ്മാനം നേടുന്നവർക്കാണു ഗ്രേസ് മാർക്കിന് അർഹത.ഒളിംപിക്സ് മെഡൽ നേടിയാൽ 35% മാർക്ക് ലഭിക്കും.ഇതായിരിക്കും ഉയർന്ന പരിധി.സാഫ് ഗെയിംസിൽ മെഡൽ നേടുന്നവർക്ക് 40–50% മാർക്ക് നൽകണമെന്ന സർക്കാർ നിർദേശം പിഎസ്‌സി അംഗീകരിച്ചില്ല.എല്ലാ രാജ്യാന്തര മത്സരങ്ങൾക്കും  ഗ്രേസ്മാർക്ക് ഉണ്ടെങ്കിലും അത് ഒളിംപിക്സിനെക്കാൾ താഴെയായിരിക്കും. 

അന്തർ സംസ്ഥാന മേളകൾ, ഇന്റർ യൂണിവേഴ്സിറ്റി മേളകൾ എന്നിവയ്ക്കും ഗ്രേസ് മാർക്ക് ലഭിക്കും.ജില്ലാ മത്സരങ്ങൾക്കു ലഭിക്കില്ല.

ഒറിജിനൽ സർട്ടിഫിക്കറ്റ് എങ്കിൽ അർഹത

യൂണിവേഴ്സിറ്റി കോളജ് കേസിലെ ഒന്നാം പ്രതിയും സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനുമായ ആർ.ശിവരഞ്ജിത് ഹാജരാക്കിയ രണ്ടു സർട്ടിഫിക്കറ്റുകളും യഥാർഥമാണെങ്കിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ട്. സർട്ടിഫിക്കറ്റ് ഉൾപ്പെടെ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പിഎസ്‌സി വിജിലൻസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.േ‍കരള സർവകലാശാലാ ഇന്റർ കോളിജിയറ്റ് ഹാൻഡ്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതായും ഭുവനേശ്വറിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി ആർച്ചറിയിൽ പങ്കെടുത്തതായുമുള്ള രണ്ടു സർട്ടിഫിക്കറ്റുകളാണു ഗ്രേസ് മാർക്കിനായി ശിവരഞ്ജിത്ത് ഹാജരാക്കിയത്. ഏതെങ്കിലും ഒരു സർട്ടിഫിക്കറ്റേ പരിഗണിക്കൂ. കൂടുതൽ മാർക്ക് ഏതിനാണോ അതാണ് എടുക്കുക. ഇതനുസരിച്ചാണു ശിവരഞ്ജിത്തിനു ഹാൻഡ്ബോൾ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 13.58 മാർക്ക് കൂടി നൽകിയത്. ഇതോടെ ഇയാളുടെ ആകെ മാർക്ക് 91.91 ആയി. സ്പോർട്സ് കൗൺസിൽ സാക്ഷ്യപ്പെടുത്തിയ ഈ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം ഉണ്ടോയെന്ന് അന്വേഷണത്തിലേ വ്യക്തമാകൂ. അതേസമയം, പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണം  അടുത്തദിവസം ആരംഭിക്കും.     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com