ADVERTISEMENT

കൊച്ചി∙പഴയ കോച്ചുകൾ മാറ്റി  ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ഏർപ്പെടുത്തുന്നതിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനു ഗുരുതര വീഴ്ച. ഇതു സംബന്ധിച്ച ് അന്വേഷിക്കാൻ  ദക്ഷിണ റെയിൽവേയ്ക്കു റെയിൽവേ ബോർഡ് നിർദേശം നൽകി. ഡിവിഷനിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയാണു പ്രശ്നങ്ങൾക്കു കാരണം. 

തിരുവനന്തപുരം – വെരാവൽ എക്സ്പ്രസ്, തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് എന്നിവ എൽഎച്ച്ബി കോച്ചുകളാക്കാൻ 5 സെറ്റ് റേക്കുകളാണ് റെയിൽവേ അനുവദിച്ചത്. 

വെരാവലിനുളള കോച്ചുകൾ ചെന്നൈയിൽ നിന്ന് എത്തിച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും സർവീസിന് ഉപയോഗിച്ചില്ല. തൊട്ടുപിന്നാലെ നേത്രാവതിലേക്കുളള 3 സെറ്റ് കോച്ചുകളും വന്നു. കൊല്ലം, കരുനാഗപ്പളളി, ഇടപ്പളളി  സ്റ്റേഷനുകളിൽ ഇവ അനാഥമായി കിടക്കുകയാണ്. ഇവ മാറ്റാതെ നേത്രാവതിയുടെ 4–ാം റേക്ക് കേരളത്തിലേക്ക് അയയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. മറ്റു റെയിൽവേ ‍ഡിവിഷനുകൾ 3 ദിവസംകൊണ്ടു പുതിയ റേക്കുകൾ കമ്മിഷൻ ചെയ്യുമ്പോൾ തിരുവനന്തപുരം ഡിവിഷനു മാസങ്ങളാണു വേണ്ടിവരുന്നത്.

മധുര ഡിവിഷനിൽ മധുര – ചെന്നൈ വൈഗൈ എക്സ്പ്രസിന്റെ എൽഎച്ച്ബി മാറ്റം ഒരു ദിവസം കൊണ്ടു പൂർത്തിയാക്കി. ഉച്ചയ്ക്കു ലഭിച്ച പുതിയ റേക്ക് പിറ്റേ ദിവസം രാവിലെ സർവീസ് നടത്തി. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഓവർടൈം ജോലി ചെയ്തു പുലർച്ചെ നാലോടെയാണു റേക്ക് സർവീസിന് തയാറാക്കിയത്. അധിക ബാച്ചുകളായി ജീവനക്കാരെ ഇതിനായി നിയോഗിച്ചു. ബയോ ശുചിമുറികൾ സജ്ജമാക്കുകയും ഇലക്ട്രിക് സംവിധാനങ്ങൾ ഉൾപ്പെടെ പ്രവർത്തന ക്ഷമമാണോ എന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകുകയുമാണു ചെയ്യേണ്ടത്.  ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന കൂടുതൽ സുരക്ഷിതവും വേഗം കൂടിയതുമായ  ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുകൾ കേരളത്തിലെ ട്രെയിനുകൾക്കും അനുവദിക്കണമെന്ന മുറവിളി ഏറെക്കാലമായുണ്ട്. 

വൈകിയാണെങ്കിലും കഴിഞ്ഞ 2 കൊല്ലത്തിനിടെ തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് ഉൾപ്പെടെ  ദീർഘദൂര  ട്രെയിനുകൾക്കെല്ലാം പുതിയ കോച്ചുകൾ  ലഭിച്ചു. കോച്ചുകൾ കിട്ടുന്നില്ലെന്ന പരാതി ഇനി പറയാൻ കഴിയില്ല.  കിട്ടുന്ന കോച്ചുകൾ യാത്രക്കാർക്കു പെട്ടെന്നു ലഭ്യമാക്കാൻ ഡിവിഷനു കഴിയുന്നില്ല എന്നതാണു പുതിയ പ്രതിസന്ധി. 

ഏകദേശം നൂറോളം പുതിയ എൽഎച്ച്ബി കോച്ചുകളാണ് ഡിവിഷനിൽ കെട്ടികിടക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. രൂക്ഷമായ കോച്ച് പ്രതിസന്ധി നേരിടുമ്പോൾ ഇത്രയും കോച്ചുകൾ വെറുതെയിട്ടിരിക്കുന്നതു നീതികരിക്കാനാകില്ലെന്നും പുതിയ റേക്ക് നൽകുമ്പോൾ ഒഴിവാക്കുന്ന പരമ്പരാഗത കോച്ചുകൾക്കായി  കോച്ച് ക്ഷാമമുളള ഡിവിഷനുകൾ കാത്തിരിക്കയാണെന്നും  അധികൃതർ പറയുന്നു.കോച്ചുകൾ വെറുതേയിടുന്നതു വഴി കോടികളുടെ നഷ്ടവും റെയിൽവേയ്ക്ക് ഉണ്ടാകുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com