ADVERTISEMENT

തിരുവനന്തപുരം ∙ ഗവ. ആർട്സ് കോളജിനു പുറത്തുപോകാൻ വിദ്യാർഥികൾ എസ്എഫ്ഐ യൂണിറ്റ് നേതാക്കളുടെ സമ്മതം ചോദിക്കണമെന്നു വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. സംഘടനയുടെ സമര പരിപാടികളിൽ ഉൾപ്പെടെ പങ്കെടുക്കാത്തതിനു നേതാക്കൾ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശത്തിലാണ് ഈ പരാമർശങ്ങൾ.

കുട്ടികൾ പഠിക്കുന്ന വകുപ്പിലല്ല, എസ്എഫ്ഐ യൂണിറ്റ് നേതാക്കളോടാണു അനുമതി ചോദിക്കേണ്ടതെന്നും 10 മിനിറ്റ് നീളുന്ന സംഭാഷണത്തിലുണ്ട്. പെൺകുട്ടികൾ സംഘടനാ പരിപാടിയിൽ പങ്കെടുക്കാതെ വീട്ടിൽ പോയത് ആരോടു ചോദിച്ചിട്ടാണെന്നും ഇത് ആവർത്തിച്ചാൽ പഠനം മുടങ്ങുന്ന സ്ഥിതിയുണ്ടാകുമെന്ന ഭീഷണിയുമുണ്ട്. പെൺകുട്ടികളെ വിളിച്ചപ്പോൾ അവർ ഫോൺ കട്ട് ചെയ്തത് എന്തിനാണെന്നു നേതാക്കൾ തട്ടിക്കയറുന്നതും കേൾ‍ക്കാം. കോളജിലെ കുട്ടികൾക്കു പ്രശ്നങ്ങളുണ്ടായാൽ പ്രിൻസിപ്പൽ എസ്എഫ്ഐ നേതാക്കളോടാണു ചോദിക്കുകയെന്നും അവകാശപ്പെടുന്നു. എടീ, പോടീ എന്നാണ് അഭിസംബോധന. തങ്ങൾ വീട്ടിൽ പോയതായാണു പെൺകുട്ടികൾ നേതാക്കളോടു വിശദീകരിക്കുന്നത്.

സംഭാഷണത്തിലെ  പ്രസക്തഭാഗങ്ങൾ:

നേതാക്കൾ: തിങ്കളാഴ്ച കോളജിൽ വന്നശേഷം എവിടെ പോയിരുന്നു.

പെൺകുട്ടി: വീട്ടിൽ പോയി.

നേ: ആരോടു ചോദിച്ചിട്ടു പോയി? നിന്നോട് ഒരു പരിപാടി ഉണ്ട്. അതു കഴിഞ്ഞിട്ട് നോക്കാമെന്നല്ലേ പറഞ്ഞത്.

പെൺ: ടീച്ചറിനോടു ചോദിച്ചിട്ട്

നേ: എടീ, ഡിപാർട്മെന്റ് പറഞ്ഞാൽ നീയൊക്കെ ഇറങ്ങി പോകുവോ. നീയൊക്കെ എത്ര ദിവസം ഡിപാർട്മെന്റിൽ ചോദിച്ചു പോയിട്ടുണ്ട്. നീയൊക്കെ ഇവിടെ വന്നു ചോദിച്ചിട്ടു പോകണമെന്നു പറഞ്ഞിട്ടുണ്ടാ. എടീ, ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പോകുന്നത് ഡിപാർടമെന്റിൽ ചോദിച്ചിട്ടാ. പേപ്പർ വാങ്ങാൻ പോകുന്നത് ഡിപാർട്മെന്റിൽ ചോദിച്ചിട്ടാ. ഡിപാർടമെന്റിൽ ചോദിച്ചിട്ട് ഇറങ്ങിപ്പോകാൻ ആരു പറഞ്ഞു? ഈ സ്വഭാവം എന്നു മുതൽ തുടങ്ങി?

നേ: നിന്നെ ഫോൺ വിളിച്ചപ്പോൾ കട്ട് ചെയ്തത് എന്തിന്. നീ കോളജിൽ നിന്ന് എന്തിന് ഇറങ്ങിപ്പോയത് എന്നല്ലേ ചോദിച്ചുള്ളു. അതു ചോദിക്കാനുള്ള അധികാരം എനിക്കുള്ളതു കൊണ്ട് ഞാൻ ചോദിച്ചത്, കേട്ടാ. എത്ര കമ്മിറ്റിക്കു പറഞ്ഞിട്ടുണ്ട് ഇവിടെ യൂണിറ്റിൽ ചോദിച്ചാൽ മാത്രമേ പോകാവുള്ളുവെന്ന്. എന്ത് ഉണ്ടാക്കാനാടീ ഡിപാർട്മെന്റിൽ ചോദിച്ചിട്ട് പോയത്? പറയെടീ. യൂണിറ്റിനെക്കാൾ വലുതല്ല ഡിപാർട്മെന്റ്.

അസമയത്തു പടിക്കെട്ടിൽ ഇരുന്ന എന്ത് ഫോണിൽ കുത്തക്കം? സെൽഫിയെടുക്കാനും മ്യൂസിക്ക് എടുക്കാനും വാട്സാപ്പ് നോക്കാനും ആരോടും പറഞ്ഞിട്ടില്ല. ഗേൾസായതു കൊണ്ട് വീട്ടിൽ നിന്ന് അത്യാവശ്യ സമയത്ത് ഫോൺ വരുമ്പോൾ എടുക്കാൻ മാത്രമാണു പറഞ്ഞിട്ടുള്ളത്.

നേ: ഇവിടെ ഏതു സെലിബ്രേഷൻ ഉണ്ട് നിങ്ങൾ ഡിപാർട്മെന്റ് മുഖേന നടത്തിയത്. ഇവിടെ നമ്മൾ ആഘോഷിച്ചില്ലേ ക്രിസ്മസ്? ഏതു ടീച്ചർ വന്ന് ആഘോഷിക്കാൻ..... നിനക്കൊക്കെ ഒരു വിഷയം വന്നാൽ ഡിപാർട്മെന്റ് നിന്റെ കൂടെ നിക്കൂല. ഇവിടെ സെക്കൻഡ് ഇയേഴ്സ് വരെ ഞങ്ങളോടു ചോദിച്ചിട്ടാണു പോകുന്നത്.

നീയൊക്കെ മ്യൂസിയത്തിലോ എവിടെ വേണമെങ്കിലും പോ. എന്തെങ്കിലും ആയാൽ പോൽ എന്തു ചെയ്യും, എന്തെങ്കിലും പ്രശ്നമുണ്ടായി. വീട്ടിലുള്ളവർ നേരെ വന്നു പ്രിൻസിപ്പൽ കാണും. പ്രിൻസിപ്പൽ ആരെ വിളിച്ചു ചീത്ത വിളിക്കുമെന്ന് അറിയാമോ? നമ്മളോടു ചോദിക്കും.. ഇവിടെ എസ്എഫ്ഐ ഭാരവാഹികൾ ഉള്ള കോളജിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ എസ്എഫ്ഐയോടേ ചോദിക്കുകയുള്ളു. സെക്രട്ടറി വന്ന് ഞങ്ങളോടേ ചോദിക്കൂ. കോളജിനകത്ത് ഒരു വിഷയം ഉണ്ടായാൽ ടീച്ചർമാരും ഡിപാർട്മെന്റിലുള്ളവരും ഒന്നുമല്ല അതു തീർക്കുന്നത്. എസ്എഫ്ഐ ഒരു സംഘടന ഉള്ളതു കൊണ്ടാണ് ഓരോ പ്രശ്നങ്ങൾ വന്നു തീർക്കുന്നത്....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com