ADVERTISEMENT

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിനു പിന്നാലെ വെളിപ്പെട്ട ഉത്തരക്കടലാസ് ചോർച്ചയും വ്യാജ സീൽ നിർമാണവും കേരള സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിനെത്തന്നെ പ്രതിക്കൂട്ടിലാക്കിയതോടെ ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവത്തിന്റെ കർശന ഇടപെടൽ. വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള ഗവർണറുടെ നിർദേശപ്രകാരം നടപടികൾ വിശദീകരിച്ച് അടിയന്തര റിപ്പോർട്ട് നൽകി. മന്ത്രി കെ.ടി. ജലീൽ‌ അദ്ദേഹത്തെ രാജ്ഭവനിൽ സന്ദർശിച്ച് പരിഹാര നടപടികൾ ഉറപ്പു നൽകി.

കുത്തുകേസിലെ ഒന്നാം പ്രതി ആർ. ശിവരഞ്ജിത്തിന്റെ വീട്ടിലും കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫിസിലും കണ്ടെത്തിയ പരീക്ഷാ ഉത്തരക്കടലാസ് ചോർന്നത് എവിടെ നിന്നെന്നറിയാൻ എല്ലാ കോളജുകളിലും കണക്കെടുപ്പ് തുടങ്ങിയെന്നു ഗവർണർക്കു നൽകിയ റിപ്പോർട്ടിൽ വിസി അറിയിച്ചു. ഉപയോഗിക്കാത്ത ഉത്തരക്കടലാസുകൾ കർശന സുരക്ഷയോടെ സൂക്ഷിക്കാൻ കോളജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിനു പരീക്ഷകൾക്കായി ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ ചോർന്നത് എവിടെ നിന്നെന്നു വ്യക്തമാകുമെന്നും അറിയിച്ചു. പ്രതിയുടെ വീട്ടിൽ നിന്നു ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തിൽ കോളജിലെ 3 അനധ്യാപക ജീവനക്കാരെ സ്ഥലം മാറ്റി.

കോളജിന്റെ സുഗമമായ പ്രവർത്തനത്തിനും വിദ്യാർഥികളുടെ സുരക്ഷയ്ക്കും കർശന നടപടി സ്വീകരിക്കുമെന്നാണു മന്ത്രി ജലീൽ ഗവർണർക്കു ഉറപ്പ് നൽകിയത്. കോളജ് പ്രശ്നത്തിൽ സർക്കാർ സ്വീകരിച്ച നടപടികളും വിശദീകരിച്ചപ്പോൾ ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടാകണമെന്നു ഗവർണർ നിർദേശിച്ചു.

ഉത്തരക്കടലാസ്– വ്യാജ സീൽ കേസ് ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം ∙ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നുൾപ്പെടെ ഉത്തരക്കടലാസും വ്യാജ സീലും കണ്ടെടുത്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം. കേരള സർവകലാശാല റജിസ്ട്രാർ തന്ന പരാതിയുടെ അടിസ്ഥാനത്തിലാണിതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com