ADVERTISEMENT

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തി വീഴ്ത്തിയ കേസിലെ പ്രതികൾക്കു പൊലീസ് കസ്റ്റഡിയിൽ എസ്എഫ്ഐ നേതാക്കളുമായി ചർച്ച നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ സൗകര്യമൊരുക്കി.

അഖിൽ ചന്ദ്രനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനും സെക്രട്ടറി എ.എൻ. നസീമിനുമാണു പൊലീസ് വഴിവിട്ട സൗകര്യം ചെയ്തത്.

കഴിഞ്ഞ ദിവസം പ്രതികൾ കീഴടങ്ങിയ ശേഷം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലും തുടർന്നു കോടതിയിലും ഹാജരാക്കിയിരുന്നു. ഈ സമയം ഇവർക്ക് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമായി ചർച്ച നടത്താൻ കന്റോൺമെന്റ് പൊലീസ് സൗകര്യമൊരുക്കുകയായിരുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി ഭാരവാഹിയുമായ നേതാവിന്റെ നേതൃത്വത്തിൽ പൊലീസിന്റെ കൺമുൻപിൽ ഇവർ മാറിനിന്നു ചർച്ച നടത്തി. മാധ്യമ പ്രവർത്തകർ അടുത്തെത്താതിരിക്കാൻ പൊലീസ് പ്രത്യേക ജാഗ്രത പുലർത്തി.

മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ മാത്രമേ പ്രതികൾ അഭിഭാഷകരുമായി ചർച്ച നടത്താൻ പാടുള്ളൂവെന്നു കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. അതിനിടെയാണ് ഇതെല്ലാം.

മുൻപു പൊലീസുകാരനെ നടുറോഡിൽ ആക്രമിച്ച കേസിൽ ആഴ്ചകൾക്കു ശേഷം കീഴടങ്ങിയ നസീമിനു കന്റോൺമെന്റ് സ്റ്റേഷനിലെ അസോസിയേഷൻ നേതാവ് ബിരിയാണി വാങ്ങിക്കൊടുത്തതു വിവാദമായിരുന്നു. ഇക്കുറി സ്റ്റുഡന്റസ് സെന്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും രാത്രി നടത്തിയ പൊലീസ് റെയ്ഡ് പ്രതികൾക്കു ചോർത്തി നൽകിയതു കന്റോൺമെന്റ് സ്റ്റേഷനിലെ 3 പൊലീസുകാരാണെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ല.

അതിനിടെ, പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. ഇവരെ ഇന്നു ഹാജരാക്കാൻ കോടതി ജയിൽ അധികൃതർക്കു നിർദേശം നൽകി. കുത്താൻ ഉപയോഗിച്ച കത്തി വീണ്ടെടുക്കുന്നതിനും തിരിച്ചറിയലിനും തെളിവെടുപ്പിനും വേണ്ടിയാണു കസ്റ്റഡി അപേക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com