ADVERTISEMENT

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ  വിസിയെ ഉപരോധിച്ചതിനു പിന്നാലെ പൊലീസിന്റെ കണ്ണുവെട്ടിച്ച് കെഎസ്‌യു പ്രവർത്തകർ കേരള സർവകലാശാല കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. അരമണിക്കൂറിലധികം കെട്ടിടത്തിനു മുകളിൽ കഴിഞ്ഞവരെ ചെങ്കൽചൂളയിൽ നിന്ന് അഗ്നിശമനസേന എത്തി താഴെയിറക്കി. ഇന്നലെ ഉച്ചയ്ക്ക് 1.45 നായിരുന്നു സംഭവം. സംസ്ഥാന– ജില്ലാ ഭാരവാഹികളായ സ്നേഹ, ശിൽപ, മാത്തുക്കുട്ടി, ആദർശ് ഭാർഗവൻ,  ശരത് ശൈലേശ്വരൻ, കുളത്തൂർ ശരത്, ശ്രീജിത് എന്നിവരാണ് കെട്ടിടത്തിനു മുകളിൽ ഭീഷണിയുമായി ഇരിപ്പുറപ്പിച്ചത്. 

 യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനെ പുറത്താക്കുക, കുത്തുകേസ് പ്രതി ശിവര‍ഞ്ജിത്തിന്റെ വീട്ടിലും കോളജ് യൂണിറ്റ് മുറിയിലും സർവകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം.  ഉന്നയിച്ച ആവശ്യങ്ങൾ വിസി അംഗീകരിച്ചില്ല. തുടർന്നു ജില്ലാ പ്രസിഡന്റ് സെയ്താലി കായ്പാടി, നേതാക്കളായ ബാഹുൽകൃഷ്ണ, നിഥിൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഇതിനു പിന്നാലെ പ്രധാന ഗേറ്റിൽ കാത്തുനിന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് മറ്റൊരു ഗേറ്റിലൂടെ ഏഴു പ്രവർത്തകർ ആദ്യം സർവകലാശാലയ്ക്ക് ഉള്ളിലും പിന്നീടു കെട്ടിടത്തിനു മുകളിലും സ്ഥാനം പിടിച്ചത്. സെക്യൂരിറ്റി ജീവനക്കാർ കാണാതെ ബിരുദ വിഭാഗത്തിനു സമീപത്തുകൂടിയാണ് മുകളിൽ എത്തിയത്.

പൊലീസിനെ മറികടന്ന് അകത്തു കടക്കാനായി മതിലിനു മുകളിലൂടെ ചാടിക്കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു. ഇതിനിടയിൽ കെട്ടിടത്തിനു മുകളിൽ ഉള്ളവരെ അനുനയിപ്പിക്കാൻ പൊലീസും മറ്റുള്ളവരും ശ്രമം തുടങ്ങി. ഇതിനു പിന്നാലെ അഗ്നിശമന സേനയും സ്ഥലത്ത് എത്തി. അൽപനേരത്തെ ചർച്ചയ്ക്കൊടുവിൽ ആത്മഹത്യാ ഭീഷണി മുഴക്കിയവർ താഴെയിറങ്ങി. പിന്നാലെ പ്രധാന ഗേറ്റിൽ സമരം ചെയ്തവരേയും അറസ്റ്റുചെയ്തു നീക്കി. ഇതോടെയാണ് ഒരു മണിക്കൂറോളം നീണ്ട സംഘർഷത്തിന് അയവുവന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com