ADVERTISEMENT

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിവീഴ്ത്തിയ കേസിലെ പ്രതിയുടെ വീട്ടിൽ നിന്നു ഉത്തരമെഴുതാനുള്ള പരീക്ഷാക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോളജിലെ 3 അനധ്യാപക ജീവനക്കാരെ സ്ഥലം മാറ്റി. കോളജ് വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ കെ.കെ. സുമയുടേതാണു നടപടി. യൂണിവേഴ്സിറ്റി കോളജിലെ പഠനാന്തരീഷം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി, വർഷങ്ങളായി കോളജിൽ തുടരുന്ന ജീവനക്കാരെയും അധ്യാപകരെയും സ്ഥലം മാറ്റുമെന്ന സൂചന അഡീഷനൽ ഡയറക്ടർ നൽകി. ഏതെങ്കിലും ഒരു കോഴ്സിന് അഡ്മിഷൻ നേടിയിട്ടു പാതിവഴിയിൽ പഠനം മതിയാക്കി വീണ്ടും മറ്റൊരു കോഴ്സിനു ചേരുന്ന ‘റീ അഡ്മിഷൻ’ കോളജിൽ ഇനി അനുവദിക്കില്ലെന്നും സുമ പറഞ്ഞു.

കോളജിൽ സംഘടനകളുടെ പേരിലുള്ള ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കും. ബാനറും കൊടിയുമൊക്കെ ക്യാംപസിന്റെ ഏതു ഭാഗത്ത് എങ്ങനെ പ്രദർശിപ്പിക്കണമെന്നതിൽ ഡയറക്ടറേറ്റിന്റെ അനുമതിയോടെ പ്രിൻസിപ്പൽ തീരുമാനമെടുക്കും. ഓരോ വകുപ്പിലും അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന ഇന്റേണൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായി. കോളജിലെ പരിപാടികൾക്ക് ഈ കമ്മിറ്റിയുടെയും മേൽനോട്ടമുണ്ടാകും.

ഓരോ ക്ലാസിന്റെയും ചുമതല ഓരോ ട്യൂട്ടർക്കു നൽകും. വകുപ്പു തലവന്റെയും പ്രിൻസിപ്പലിന്റെയും മേൽനോട്ടത്തിലാകും ക്ലാസുകൾ. പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ട് ആക്ഷേപമുയർന്ന പശ്ചാത്തലത്തിൽ കോളജിനുള്ളിൽ പുറത്തുനിന്നുള്ള പരീക്ഷകൾ അനുവദിക്കേണ്ടതില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു സർക്കാരിനു ശുപാർശ സമർപ്പിക്കും. പരീക്ഷാ ചീഫ് സൂപ്രണ്ടിനെ മാറ്റി പരീക്ഷാ ആവശ്യങ്ങൾക്കായി പുതിയ ഓഫിസ് തുറക്കും. അധ്യാപകരുടെ പഞ്ചിങ് സംവിധാനം കർശനമാക്കും.

പ്രിൻസിപ്പൽ റിപ്പോർട്ട് നൽകണം

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്ഐ  യൂണിറ്റ് കമ്മിറ്റി ഓഫിസിൽ നിന്ന് ഉത്തരമെഴുതാനുള്ള പരീക്ഷാക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടിയതായി അഡീഷനൽ ഡയറക്ടർ കെ.കെ. സുമ അറിയിച്ചു. തിങ്കളാഴ്ച കോളജിലെ വിദ്യാർഥി സംഘടനാ ഓഫിസിൽ ഉൾപ്പെടെ താൻ നടത്തിയ പരിശോധനയിൽ ഉത്തരക്കടലാസുകൾ കണ്ടെത്തിയിരുന്നില്ലെന്നും ഇതു പിന്നീടു കണ്ടതിൽ ദൂരൂഹതയുണ്ടെന്നും സുമ പറഞ്ഞു.

ഇന്നലെ അഡീഷനൽ ഡയറക്ടർ വിളിച്ചു ചേർത്ത അധ്യാപകരുടെ യോഗത്തിൽ, പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകനും ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. തന്റെ കാലയളവിലെ ഉത്തരക്കടലാസ് ഷീറ്റുകളല്ല പ്രതിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തതെന്ന് അദ്ദേഹം വാദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com