ADVERTISEMENT

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്  കുത്തേറ്റ് 5 ദിവസത്തിനു ശേഷം.  മാരകമായി മുറിവേറ്റ അഖിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

മൊഴിയിൽ പറയുന്നത്: ‘കുത്തിയതിനു 2 ദിവസം മുൻപു കന്റീനിൽ ഇരുന്നു പാട്ടു പാടിയതു എസ്എഫ്ഐ യൂണിറ്റിലെ ഒരു പെൺകുട്ടി ചോദ്യം ചെയ്തിരുന്നു. ഈ പെൺകുട്ടിയെ ഉദ്ദേശിച്ചു പാടിയതാണെന്ന ധാരണയിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിന്റെ പേരിൽ വഴക്ക് ഉണ്ടാക്കിയ പെൺകുട്ടി യൂണിറ്റ് നേതൃത്വത്തിനു പരാതി നൽകി. ഈ പരാതിയിൽ കോളജിലെ ഇടിമുറിയിൽ വിളിച്ച് എന്നെ വിചാരണ നടത്തി. നസീം, ശിവരഞ്ജിത് എന്നിവരടക്കം യൂണിറ്റ് അംഗങ്ങൾ ശാസിച്ചു. ഈ ശാസന അംഗീകരിക്കില്ലെന്ന് അറിയിച്ച് ഞാനും കൂടെയുള്ളവരും യൂണിറ്റ് റൂമിൽ നിന്ന് ഇറങ്ങിപ്പോയി.

നേതാക്കളുടെ സദാചാര പൊലീസ് ചമയലിനെ എതിർത്തതു പ്രതികളിൽ വിരോധമുണ്ടാക്കി. സംഭവ ദിവസം ക്ലാസിൽ കയറാതെ പുറത്തിരുന്നു പാട്ടു പാടിയപ്പോൾ പാടരുതെന്നും ക്ലാസിലേക്കു പോകണമെന്നും കമ്മിറ്റിക്കാർ ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ തർക്കമായി. ഇവർക്കെതിരെ പ്രതിഷേധിക്കാനായി പുറത്തേക്ക് ഇറങ്ങുമ്പോൾ യൂണിയൻ നേതാക്കൾ അകത്തുനിന്നു ഗേറ്റ് പൂട്ടി തടഞ്ഞു വച്ചു. തുടർന്ന് നസീം, ശിവരഞ്ജിത് എന്നിവരെ വിവരമറിയിച്ചു. അവർ ഉടൻ സ്ഥലത്ത് എത്തി. യൂണിറ്റ് അംഗങ്ങളെ മാറ്റി നിർത്തി ഇരുവരും സംസാരിച്ചു.പിന്നാലെ ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ സംസാരിക്കാമെന്ന് അറിയിച്ചു. ഇനി സംസാരമില്ല. അടിച്ച് തീർക്കാമെന്നു നസീം പറഞ്ഞു. പിന്നാലെ മർദനം തുടങ്ങി. 

ഇരുപത്തിയഞ്ചോളം പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഗേറ്റിന്റെ സമീപത്തു നിന്ന് അടിച്ച് യൂണിറ്റ് മുറിയുടെ അടുത്തവരെ എത്തിച്ചു. അവിടെയെത്തിയപ്പോഴാണ് കുത്തിയത്. നസീം , അദ്വൈത് എന്നിവർ പിടിച്ചു വച്ചു. ശിവരഞ്ജിത് കുത്തി. യൂണിറ്റ് കമ്മിറ്റിയെ അനുസരിക്കാത്ത ഒരു വിഭാഗമുണ്ടായിരുന്നതും വിരോധത്തിനിടയാക്കി’.

അഖിലിന്റെ പരുക്ക് ഗുരുതരം:ഡോക്ടറുടെ മൊഴി

നേരത്തെ ഡോക്ടറോടും ബന്ധുക്കളോടും പറഞ്ഞ കാര്യങ്ങൾ അഖിൽ ആവർത്തിച്ചതോടെ പിടിയിലായ എസ്എഫ്ഐ നേതാക്കൾക്കെതിരെയുള്ള കുരുക്ക് മുറുകും. അഖിലിനേറ്റ മുറിവ് ഗുരുതരമാണെന്നു ഡോക്ടറും മൊഴി നൽകി. ഹൃദയത്തിനു പരുക്കു പറ്റി ഒന്നര ലീറ്റർ രക്തം നഷ്ടപ്പെട്ട നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനാലാണു ജീവൻ രക്ഷപ്പെട്ടതെന്നും ഡോക്ടർ വ്യക്തമാക്കി.

അക്രമം ആസൂത്രിതമായിരുന്നുവെന്ന എഫ്ഐആറിലേയും റിമാൻഡ് റിപ്പോർട്ടിലേയും വിവരങ്ങൾ അഖിലിന്റെ മൊഴിയിൽ സാധൂകരിക്കുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com