ADVERTISEMENT

തിരുവനന്തപുരം∙പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 4,106.38 കോടി രൂപ ലഭിച്ചുവെന്നും അതിൽ 2,041.34 കോടി രൂപ ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളി ഭവന നിർമാണത്തിനുൾപ്പെടെ ബാക്കിയുള്ള തുക ചെലവഴിക്കും. അതിജീവനത്തിന്റെയും നവകേരള സൃഷ്ടിയുടെയും ഭാഗമായുള്ള പൊതുസംഗമങ്ങൾ 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. പൂർത്തിയായ വീടുകളുടെ താക്കോൽദാനവും നടത്തും.

ലോകത്തിന്റെ സഹായം ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള വികസന പങ്കാളിത്ത സംഗമം വിജയകരമായി നടന്നു. ഇതിലെ തീരുമാനങ്ങൾ നടപ്പാക്കും. വിവിധ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച ചർച്ചകളും തീരുമാനങ്ങളും ഉടനുണ്ടാകും. പ്രളയഘട്ടത്തിൽ 5 ലക്ഷത്തിലേറെ പേരെയാണു രക്ഷപ്പെടുത്തിയത്. 6,92,966 കുടുംബങ്ങൾക്കു 10,000 രൂപ വീതം അടിയന്തര സഹായം നൽകി. 16,954 കിലോമീറ്റർ റോഡിന്റെ കേടുപാടു തീർത്തു. 25.6 ലക്ഷം വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിച്ചു. പൂർണമായി തകർന്ന 15,521 വീടുകളുടെ പുനർനിർമാണം നടക്കുന്നു.

അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും നിശ്ചയദാർഢ്യമായാണു റീബിൽഡ് കേരള ഇനിഷ്യേറ്റീവ്് ഏറ്റെടുത്തത്. കേരളത്തിനുണ്ടായ നഷ്ടം (31,000 കോടി രൂപ), ആഭ്യന്തര വരുമാനത്തിന്റെ 4 ശതമാനത്തോളം വരും. കോവളത്തു നടന്ന വികസന പങ്കാളികളുടെ സംഗമത്തിൽ ലോക ബാങ്ക്് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ഏജൻസികളും വിവിധ മേഖലകളിലെ സാമ്പത്തിക,സാങ്കേതിക വിദഗ്ധരും പങ്കാളികളായി. ലോകബാങ്ക് ഇതിനകം 50 കോടി ഡോളറിന്റെ (ഏതാണ്ട് 3500 കോടി രൂപ) ഡവലപ്്മെന്റ് പോളിസി ലോൺ അനുവദിച്ചിട്ടുണ്ട്. ആദ്യ ഗഡുവായി 25 കോടി ഡോളറാണു ലഭിക്കുക.

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാൻ പൂർണ സ്വാതന്ത്യ്രമുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ ലോക ബാങ്ക്് വികസന പങ്കാളിയാക്കുന്നത്. നമ്മുടെ മികവിനു ലഭിക്കുന്ന അംഗീകാരമാണിത്. പ്രളയദുരന്തത്തിൽ നിന്നു കരകയറുക മാത്രമല്ല; പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെ അതിജീവിക്കുന്ന രീതിയിലുള്ള പുനർനിർമാണമാണു ലക്ഷ്യം. ഏതു ദുരന്തം വന്നാലും ഇതുപോലുള്ള നാശനഷ്ടങ്ങൾ സംഭവിക്കരുത്. അതിജീവന ക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയും അതിലൂടെ സുസ്ഥിര വികസനം ഉറപ്പാക്കുകയുമാണു ചെയ്യുന്നത് – മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com