ADVERTISEMENT

ആലുവ ∙ എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയും പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യ മുൻ ദേശീയ പ്രസിഡന്റുമായ ഒ.പി. ജോസഫ് (94) അന്തരിച്ചു. ഊരകത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്നു 3നു സെന്റ് ഡൊമിനിക് പള്ളിയിൽ. 

ഭാര്യ: പൊയ്യ മാഞ്ഞൂരാൻ പരേതയായ കാതറിൻ. മക്കൾ: സന്ധ്യ, ഷെല്ലി ജോസഫ് (ചീഫ് ജനറൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, ബെംഗളൂരു), ഷീല, ശുഭ. മരുമക്കൾ: കൊച്ചി വലിയമ്യാലിൽ ജോർജ് ജോസ് (ചാർട്ടേഡ് അക്കൗണ്ടന്റ്), ലൗലി തെക്കേക്കുന്നേൽ, പാലാ നിലയ്ക്കപ്പിള്ളിൽ അഡ്വ. ഏബ്രഹാം തോമസ്, തിരുവനന്തപുരം മുക്കട ജേക്കബ് ചാക്കോ (യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്). 

കഥ, നോവൽ,  യാത്രാവിവരണം, വിവർത്തനങ്ങൾ ഉൾപ്പെടെ 30 കൃതികൾ പ്രസിദ്ധീകരിച്ചു. ‘ജീവിതാഹ്ലാദത്തിന്റെ നിറനിലാവി’ന് 1993ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 

യുസി കോളജ് വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. സർ സിപിയുടെ കാറിനു കല്ലെറിഞ്ഞ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ കഴിയേണ്ടി വന്നു. ആർട്സിലും കൊമേഴ്സിലും നിയമത്തിലും ബിരുദമെടുത്ത ശേഷം 1953ൽ കൊൽക്കത്തയിലെ ജെ. വാൾട്ടർ തോംസൺ കമ്പനിയിൽ മീഡിയ വിഭാഗത്തിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.  1957ൽ മുംബൈയിൽ കയർ ബോർഡിന്റെ എക്സിബിഷൻ ഇൻ ചാർജായി. പിന്നീടു തൃശൂരിലെ എക്സ്പ്രസിന്റെ പത്രാധിപസമിതി അംഗമായി കേരളത്തിൽ തിരിച്ചെത്തി. 

1960 മുതൽ 1985 വരെ ഫാക്ടിൽ പബ്ലിക് റിലേഷൻസ് മാനേജരായിരുന്നു. വിരമിച്ച ശേഷം ഏരീസ് പരസ്യ ഏജൻസിയുടെ റീജനൽ ഡയറക്ടറായി. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം, കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള പ്രസ് അക്കാദമിയിൽ അധ്യാപകൻ, ധർമദീപ്തി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള ഹിസ്റ്ററി അസോസിയേഷൻ സ്ഥാപക അംഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com