ADVERTISEMENT

തിരുവനന്തപുരം ∙ കൃഷിക്കാരല്ലാത്തവർ 4% എന്ന കുറഞ്ഞ വാർഷിക പലിശയ്ക്ക് ബാങ്കുകളിൽ നിന്നു സ്വർണപ്പണയത്തിന്മേൽ കൃഷി വായ്പയെടുക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്രം നടപടി തുടങ്ങി. മന്ത്രി വി.എസ്. സുനിൽ കുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. കൃഷി വായ്പ അനർഹരിലേക്ക് എത്തുന്നുണ്ടോ എന്നു കണ്ടെത്താൻ ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കൃഷി വകുപ്പു നിയോഗിച്ചു. ഇവർ 28 ന് ഇടുക്കി, വയനാട് ജില്ലകൾ സന്ദർശിക്കും. കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന കൃഷിവകുപ്പ്, ആർബിഐ, നബാർഡ്, എസ്എൽബിസി എന്നിവയുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. 

ചികിത്സ അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കായി സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വായ്പാ സൗകര്യത്തിനു മേലാണു നിയന്ത്രണം വരുന്നത്. കിസാൻ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ കുറവുള്ള ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സ്വർണ വായ്പ അധികമുള്ള തമിഴ്നാട്ടിലും വെവ്വേറെ ഉദ്യോഗസ്ഥ സംഘങ്ങളെ കേന്ദ്രം പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. 

കഴിഞ്ഞ വർഷം മാത്രം 40,409 കോടി രൂപയാണ് കേരളത്തിലെ ബാങ്കുകൾ കൃഷി വായ്പയായി നൽകിയത്. ഇതിൽ 33,768 കോടിയും സ്വർണപ്പണയത്തിന്മേലുള്ള ഹ്രസ്വകാല കൃഷി വായ്പകളായിരുന്നു. ഇതിൽ മുക്കാൽ പങ്കും കിട്ടിയത് കൃഷിക്കാർക്കല്ലെന്നാണു സർക്കാർ നിഗമനം. കൃഷിക്കാരാണെന്ന് ഉറപ്പാക്കാൻ കിസാൻ ക്രെഡിറ്റ് കാർഡ് വഴി മാത്രം വായ്പ നൽകണമെന്നതാണു സംസ്ഥാന സർക്കാരിന്റെ മുഖ്യ ആവശ്യം. കൃഷി ഓഫിസറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലേ വായ്പ നൽകാവൂ എന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

ഇത് ജനകീയ വായ്പ

4% വാർഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്നതിനാൽ കേരളത്തിലെ ഏറ്റവും ജനകീയമായ വായ്പയാണിത്. 9 ശതമാനമാണ് യഥാർഥ പലിശ നിരക്കെങ്കിലും 5 % കേന്ദ്രം സബ്സിഡിയായി ബാങ്കുകൾക്കു നൽകുന്നതിനാലാണ് ഇടപാടുകാർക്ക് 4 ശതമാനത്തിന് വായ്പ ലഭിക്കുന്നത്. തിരിച്ചടവ് ഉറപ്പായ വായ്പയായതിനാൽ ബാങ്കുകൾക്കും ഇതു വിതരണം ചെയ്യാൻ താൽപര്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com