ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്‌സിറ്റി കോളജിൽ 18 വർഷങ്ങൾക്കു ശേഷം കെഎസ്‌യു യൂണിറ്റ് തുടങ്ങി. യൂണിവേഴ്‌സിറ്റി കോളജ്, പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ കെഎസ്‌യു നേതാക്കൾ സമരം ചെയ്തിരുന്ന പന്തലിലാണു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് യൂണിറ്റ് പ്രഖ്യാപനം നടത്തിയത്. 

അമൽ ചന്ദ്രയെ യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ആര്യ എസ്.നായർ (വൈ പ്രസി), എസ്.അച്യുത്(സെക്ര), ഐശ്വര്യ ജോസഫ് (ജോ.സെക്ര), പി.ടി.അമൽ (ട്രഷ), ബോബൻ, ഇഷാൻ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ). ഭയപ്പെടുത്തി ഭരിക്കുന്ന സാഹചര്യമായിരുന്നു കോളജിലെന്ന് അമൽ ചന്ദ്ര പറഞ്ഞു. ആരോഗ്യകരമായ ക്യാംപസ് രാഷ്ട്രീയത്തിനായി പോരാടും. നേരത്തെ താനടക്കമുള്ളവരെ ഭയപ്പെടുത്തി എസ്എഫ്ഐയ്ക്കു വേണ്ടി ജയ് വിളിപ്പിച്ചിട്ടുണ്ടെന്നും അമൽ പറഞ്ഞു.

കെഎസ്‍യു യൂണിറ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ചു ക്യാംപസിലേക്കു വന്ന പ്രവർത്തകരെ കവാടത്തിൽ പൊലീസ് തടഞ്ഞു. ചർച്ചയ്ക്കു ശേഷം കോളജിലെ നാലു വിദ്യാർഥികളെ മാത്രം കടത്തി വിട്ടു. കൊടി കയറ്റാൻ അനുവദിച്ചില്ല. ഇവർ പൊലീസ് സംരക്ഷണത്തിൽ പ്രിൻസിപ്പലിനെ കണ്ടു. കൊടിമരം കോളജിൽ സ്ഥാപിക്കണമെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചില്ല. എന്നാൽ എസ്എഫ്ഐയുടെ കൊടിമരം നീക്കാൻ അധികൃതർ തയാറായിട്ടില്ലെന്നു കെഎസ്‍യു ആരോപിച്ചു.  

ഏക സംഘടനയുള്ള ക്യാംപസുകളിലെല്ലാം യൂണിറ്റുണ്ടാക്കുമെന്ന് കെഎസ്‍യു

തിരുവനന്തപുരം∙ യൂണിവേഴ്‌സിറ്റി കോളജിനു സമാനമായി ജനാധിപത്യ ധ്വംസനത്തിലൂടെ ഏക സംഘടനാ രാഷ്ട്രീയം നടത്തുന്ന സംസ്ഥാനത്തെ എല്ലാ കോളജുകളിലും കെഎസ്‌യു യൂണിറ്റ് രൂപീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്.

യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്ഐയുടെ ഏകാധിപത്യത്തിനെതിരെ വിദ്യാർഥികൾ തന്നെ രംഗത്തു വന്നിട്ടുണ്ട്. എസ്എഫ്ഐ പതാകയിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ ചോദ്യം ചെയ്താണ് അവർ മുദ്രാവാക്യം വിളിച്ചത്. സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ പൂർണ നിയന്ത്രണത്തിലാകും യൂണിവേഴ്സിറ്റി കോളജിലെ കെഎസ്‍യു യൂണിറ്റ് കമ്മിറ്റി. എസ്എഫ്ഐയെ ഭയന്നു കഴിയുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി ഇതു വിപുലീകരിക്കുമെന്നും അഭിജിത്ത് പറഞ്ഞു. 

കെഎസ്‌യു പ്രതിഷേധം ഇന്ന് 

തിരുവനന്തപുരം ∙ തലസ്ഥാനത്തെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാനവ്യാപകമായി ഇന്നു പ്രതിഷേധം സംഘടിപ്പിക്കുമെന്നു ജനറൽ സെക്രട്ടറി സുബിൻ മാത്യു അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com