ADVERTISEMENT

തിരുവനന്തപുരം ∙ തോന്നുമ്പോൾ വരികയും തോന്നുമ്പോൾ പോവുകയും ചെയ്തിരുന്ന യൂണിവേഴ്സ്റ്റി കോളജ് വിദ്യാർഥികൾ ഇത്തരത്തിലൊരു പരിശോധനയ്ക്കു മുൻപൊരിക്കലും വിധേയരായിട്ടില്ല. ഇന്നലെ വരെ ‘അണ്ണാ അണ്ണാ’ എന്നു തങ്ങൾ വിളിച്ചു നടന്ന സുരക്ഷാ ജീവനക്കാരൻ പോലും പൊലീസുകാരുടെ മുൻപിൽ വച്ച് ‘എവിടെ ഐഡി കാർഡ്’ എന്നു ചോദിച്ചത് അവരിൽ പലർക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതും പോരാത്തതിന് എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ ലഘുലേഖകളും അടിച്ചേൽപിച്ചു.

എന്നാൽ കോളജ് തുറക്കുമ്പോൾ വീണ്ടും അക്രമവും ഭീഷണിയുമൊന്നും വേണ്ടെന്ന സിപിഎം നേതൃത്വത്തിന്റെ കർശന നിർദേശമാണു കോളജിലെ സിംഹക്കുട്ടികളായ എസ്എഫ്ഐക്കാരെ പൂച്ചക്കുട്ടികളെപ്പോലെ അച്ചടക്കത്തോടെ ഇന്നലെ കോളജിൽ കയറാൻ പ്രേരിപ്പിച്ചത്. കോളജിൽ യൂണിറ്റ് രൂപീകരിച്ചെന്നു സെക്രട്ടേറിയറ്റിനു മുൻപിൽ നിന്നു പ്രഖ്യാപിച്ചു പൊലീസ് അകമ്പടിയോടെ ക്യാംപസിനകത്തു കയറിയ കെഎസ്‍യു പ്രവർത്തകർ പ്രിൻസിപ്പലിന്റെ അടുത്തേക്കു പോയപ്പോൾ എസ്എഫ്ഐക്കാർ കണ്ടതായിപ്പോലും നടിച്ചില്ല. അത്ര ക്ഷമ പൊലീസും പ്രതീക്ഷിച്ചില്ല. ഇന്റലിജൻസ് റിപ്പോർട്ടെല്ലാം കോളജിൽ സംഘർഷത്തിനു സാധ്യതയുണ്ടെന്നായിരുന്നു.

എട്ടരയോടെയാണു കോളജിന്റെ പ്രധാന കവാടം തുറന്നു പൊലീസും അധ്യാപകരും സുരക്ഷാ ജീവനക്കാരനും നിലയുറപ്പിച്ചത്. ഗേറ്റിനകത്തും പുറത്തും പൊലീസ് ഉണ്ടായിരുന്നു. ഗേറ്റിനു പുറത്ത് ആദ്യം സുരക്ഷാ ജീവനക്കാരന്റെ വക ഐഡി കാർഡ് പരിശോധന. അതിനു ശേഷം നാലഞ്ച് അധ്യാപകർ നിരന്നു നിന്നു വീണ്ടും പരിശോധന. ഒപ്പം പൊലീസുകാരും കാർഡ് വാങ്ങി പരിശോധിച്ചു. ഒരേ വിദ്യാർഥിയുടെ കാർഡ് എന്തിനാണ് ഇത്രയും പേർ പരിശോധിക്കുന്നതെന്നു ചോദിക്കാൻ ആരും ധൈര്യപ്പെട്ടില്ല. പരിശോധന നീണ്ടപ്പോൾ ഗേറ്റിനു മുന്നിൽ ആൾക്കൂട്ടമായി. മാധ്യമ പ്രവർത്തകരുടെ വൻ സംഘം കൂടി തമ്പടിച്ചതോടെ തിക്കിത്തിരക്കായി.

പത്തോടെ അധ്യാപകർ ക്ലാസുകളിലേക്കു പോയപ്പോൾ പരിശോധന പൊലീസ് ഏറ്റെടുത്തു. വിദ്യാർഥിനികളുടെ കാർഡ് പരിശോധിച്ചതു വനിതാ പൊലീസായിരുന്നു. പിന്നീടു ഗേറ്റ് അടച്ചു കോളജിന്റെ സുരക്ഷ പൊലീസ് ഏറ്റെടുത്തു. അകത്ത് അധ്യാപകർ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അഭിസംബോധന ചെയ്യുമെന്നുമൊക്കെ അറിയിച്ചിരുന്നെങ്കിലും അതൊന്നുമുണ്ടായില്ലെന്നു ചില വിദ്യാർഥികൾ പറഞ്ഞു.

ശക്തിപ്രകടനമായി രജനിയുടെ രക്തസാക്ഷിത്വ ദിനാചരണം

കോളജിനുള്ളിൽ എസ്എഫ്ഐ വൻ ശക്തിപ്രകടനം സംഘടിപ്പിച്ചു. രജനി എസ്.ആനന്ദ് എന്ന വിദ്യാർഥിനിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ പേരിലായിരുന്നു പ്രകടനവും യോഗവും. ക്യാംപസ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന സന്ദേശമാണ് ഇതുവഴി എസ്എഫ്ഐ നൽകിയത്. കോളജിലെ സംഘർഷത്തിനു ശേഷം പുതിയ പ്രിൻസിപ്പലായി ഡോ.സി.സി.ബാബുവിനെ സർക്കാർ നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ചടക്ക നടപടികൾ വിദ്യാർഥികൾ എത്രത്തോളം അംഗീകരിക്കുമെന്നു വരും ദിവസങ്ങളിൽ അറിയാം.  

പുനരാരംഭിച്ച് അധ്യയനം

തിരുവനന്തപുരം∙ കനത്ത പൊലീസ് കാവലിൽ യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും പഠനം തുടങ്ങി. എസ്എഫ്ഐ പ്രവർത്തകനായ അഖിൽ ചന്ദ്രനെ നേതാക്കൾ ക്യാംപസിൽ കുത്തി വീഴ്ത്തിയതിനെത്തുടർന്നു കഴിഞ്ഞ 12 നാണ് കോളജ് അടച്ചത്. കനത്ത പൊലീസ് കാവലിലും പരിശോധനയിലുമാണു വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഇന്നലെ ക്യാംപസിൽ പ്രവേശിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com