sections
MORE

കണ്ണീർവാതകം, ജലപീരങ്കി, കുപ്പിയേറ്; യൂത്ത് കോ‌ൺ. മാർച്ചിൽ സംഘർഷം

HIGHLIGHTS
  • 10 പേർക്ക് പരുക്കേറ്റു
  • കെഎസ്‌യു സമരം അവസാനിപ്പിച്ചു
  • സമരം ഏറ്റെടുത്തതായി യൂത്ത് കോൺഗ്രസ്
youth-con-march
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിലെ കെഎസ്‍യു സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിലെത്തിയപ്പോൾ ലാത്തി വീശുന്ന പൊലീസ്. ചിത്രം: മനോജ് ചേമഞ്ചേരി
SHARE

തിരുവനന്തപുരം ∙ തുടർച്ചയായി 25 തവണ കണ്ണീർവാതക ഷെല്ലുകൾ, പല റൗണ്ട് ജലപീരങ്കി പ്രയോഗം, ലാത്തിച്ചാർജ്, സമരപ്പന്തലിൽ നിന്ന് കുപ്പിയേറ്... ! യൂണിവേഴ്സിറ്റി കോളജ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കെഎസ്‌യുവിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഒരു മണിക്കൂർ നീണ്ട തെരുവുയുദ്ധമായി മാറി. ഈ സമയമത്രയും പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. മൂന്നു മണിക്കൂറോളം എംജി റോഡിൽ ഗതാഗതം സ്തംഭിച്ചു. 

ലാത്തിച്ചാർജിലും കല്ലേറിലും വഴിയാത്രക്കാരൻ ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തു. കണ്ണീർവാതക പ്രയോഗത്തിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെയും മറ്റ് പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി. കെ‍എസ്‍യു നടത്തിവരുന്ന നിരാഹാരം സമരം ഇതോടെ അവസാനിപ്പിച്ചു. സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുന്നതായി മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് അറിയിച്ചു.

കണ്ണീർവാതക പ്രയോഗത്തിലും കല്ലേറിലും മാത്യഭൂമി ഓൺലൈൻ ക്യാമറമാൻ പ്രവീൺദാസിന് തലയ്ക്കും ഫോർട്ട് എസി പ്രതാപൻ നായർക്ക് കൈക്കും പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ടി.ആർ. രാജേഷ്, അജു.കെ .മധു, നേമം ബൈജു, നേമം ഷജീർ, അച്ചു അജയ്ഘോഷ്, സുമ, പവിജ, എന്നിവർക്കും ഒരു വഴിയാത്രക്കാരനുമാണു പരുക്കേറ്റത്.

12.30ന് പ്രസ്ക്ലബ് പരിസരത്ത് നിന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സെക്രട്ടേറിയറ്റിനുള്ളിലും പുറത്തും കനത്ത പൊലീസ് കാവൽ ഒരുക്കിയിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതോടെ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിനിടയിൽപ്പെട്ട കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയെ പൊലീസ് കയ്യേറ്റം ചെയ്തതായി ആരോപിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. 

നേതാക്കൾ പ്രസംഗിക്കുന്നതിനിടെ സമരപ്പന്തലിന് എതിർവശത്ത് നിർത്തിയിരുന്ന പൊലീസ് വാഹനം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസും പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി.തുടർന്ന് പൊലീസിന് നേർക്ക് കല്ലേറു നടന്നു. സമരഗേറ്റിനു സമീപമുണ്ടായിരുന്ന ഒരു വിഭാഗം പ്രവർത്തകർ പൊലീസിന് നേർക്ക് പാഞ്ഞു. ഇതോടെ പൊലീസ് നടുവിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ടു വശങ്ങളിലുമായി. 

കല്ലും കുപ്പികളുമായി പൊലീസിനു നേർക്ക് ഏറും പൊലീസിന്റെ തിരിച്ചടിയും ഒരു മണിക്കൂറോളം തുടർന്നു. പൊലീസ് തുടരെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. പിന്നാലെ ഗ്രനേഡുകളും. അവയിൽ പലതും പൊട്ടിയതും സമരപ്പന്തലിനു മുന്നിൽ. പ്രവർത്തകർ കണ്ണെരിഞ്ഞ് ഓടുന്നതിനിടെ പൊരിഞ്ഞ ലാത്തിയടിയും നടന്നു. 

അറസ്റ്റിലായവരിൽ റിങ്കു പടിപ്പുരയിൽ, കഴക്കൂട്ടം സഫീർ, നൗഫൽ കണിയാപുരം, കണ്ണൂർ ഷോബിൻ, സുഹൈൽ, ഫെബിൻ വെഞ്ഞാറമൂട് എന്നിവരെ റിമാൻഡ് ചെയ്തു. സമരത്തിന് ശേഷം നടന്നു പോയവരെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തതായി ആരോപിച്ച് യൂത്ത് കോൺഗ്രസുകാർ പ്രസ്ക്ലബിനു സമീപം ഉപരോധം നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി.ആർ മഹേഷ്, ദേശീയ ഭാരവാഹികളായ എൻ.എസ്. നുസൂർ, ഷോൺ പെല്ലിശ്ശേരി , സംസ്ഥാന നേതാക്കളായ ജോഷി കണ്ടതിൽ, വിനോദ് യേശുദാസ്, ഷിബു വർക്കല, എസ്.എം. ബാലു, റ്റിജിൻ ജോസഫ്, രാജേഷ് ചന്ദ്രദാസ്, മണക്കാട് രാജേഷ്, റിയാസ് മുക്കോളി, റിജിൽ മാങ്കുറ്റി, ധനീഷ് ലാൽ, കെഎസ്‌യു നേതാക്കളായ അബ്ദുൽ റഷീദ്, റിങ്കു പടിപ്പുരയിൽ, സൈയ്താലി കായ്പ്പാടി, ശ്രീലാൽ, മാത്യു.കെ. ജോൺ, ബഹുൽ കൃഷ്ണ, ശിൽപ, ശരത് ശൈലേശ്വരൻ എന്നിവർ നേതൃത്വം നൽകി.  

യൂത്ത് കോൺ. പ്രവർ‍ത്തകർക്ക് പൊലീസ് വാനിൽ മർദനം

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തെ തുടർന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ് പ്രവർ‍ത്തകർക്കു പൊലീസ് വാനിൽ മർദനം. പ്രവർത്തകരുമായി നന്ദാവനം ക്യാംപിലേക്കു പോയ പൊലീസ് വാഹനത്തിലാണു മർദനം നടന്നത്. സംഭവം അറിഞ്ഞു സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവർ എത്തി പൊലീസ് വാഹനം തടഞ്ഞു. പ്രവർത്തകരെ വിട്ടയ്ക്കാത്തതിനാൽ ഡീനും അറസ്റ്റ് വരിച്ചു.

സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നും പിടികൂടിയവരെ പ്രസ് ക്ലബിനു സമീപത്തുകൂടി കൊണ്ടുപോകുമ്പോഴായിരുന്നു മർദനം. ഡീനും പ്രവർത്തകരും മന്നം ക്ലബിന് മുന്നിൽ പൊലീസ് വാഹനത്തിന് ഉപരോധം തീർത്തു. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ​ഉപരോധം. ആവശ്യം അംഗീകരിക്കാതെ പിൻമാറില്ലെന്നു ഡീനും മറ്റും അറിയിച്ചതോടെ കൂടുതൽ പ്രവർത്തകർ എത്തി. വിട്ടയ്ക്കില്ലെന്നു പൊലീസ് വ്യക്തമാക്കിയതോടെ മറ്റൊരു സംഘർഷമുണ്ടാകുമെന്ന് ആശങ്ക പരന്നു. 

ചർച്ചകൾക്ക് ഒടുവിൽ കസ്റ്റഡിയിൽ എടുത്തവരെ ക്യാംപിൽ എത്തിച്ചു ജാമ്യത്തിൽ വിട്ടയ്ക്കാമെന്നു പൊലീസ് അറിയിച്ചു. തന്നെയും അറസ്റ്റ് ചെയ്യണമെന്നു ഡീൻ ആവശ്യപ്പെട്ടു. തുടർന്നു ഡീനിനെയും പൊലീസ് വാനിൽ കയറ്റി. ഉപരോധിച്ച മറ്റുള്ളവരെ മാറ്റിയതോടെ സംഘർഷത്തിന് അയവു വന്നു. സമരത്തിന് ശേഷം നടന്നു പോയവരെയും പൊലീസ് പിടികൂടിയെന്നു ഡീൻ ആരോപിച്ചു  

യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ ‌മാർച്ച് ഇന്നും നാളെയും 

തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് മാർച്ചിനെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു ഇന്നും നാളെയും നിയോജക മണ്ഡലാടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.

പിഎസ്‌സി ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്ത് 29, 30 തീയതികളിൽ രാപകൽ സമരം സംഘടിപ്പിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഓഗസ്റ്റ് 1ന് ശേഷം പിഎസ്‌സി ഓഫിസുകളിൽ പാർലമെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തും. പിഎസ്‌സിയുടെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA