ADVERTISEMENT

തൊടുപുഴ ∙ മഴ ഗണ്യമായി കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ ഒരടി കൂടി ഉയർന്ന് 2313.72 അടിയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴവെള്ളം അണക്കെട്ടിൽ എത്തിയതോടെയാണ് ജലനിരപ്പ് ഒരടി ഉയർന്നത്. 

ഇപ്പോൾ സംഭരണശേഷിയുടെ 18.94 ശതമാനം വെള്ളമാണു ഡാമിൽ ഉള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 2386.54 അടിയായിരുന്നു. ഇതു സംഭരണശേഷിയുടെ 81.18 ശതമാനമാണ്. ഇന്നലെ 14.964 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി. മഴ എത്തിയതോടെ സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിൽ ജലനിരപ്പ് 19 ശതമാനത്തിൽ എത്തി.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ഇപ്പോൾ ഉള്ളത് 791 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാ‍ൻ ആവശ്യമായ വെള്ളമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 3374.882 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഉണ്ടായിരുന്നു.  എന്നാൽ വൈദ്യുതി ഉൽപാദനം ഉയർത്തിയതോടെ ചെറുകിട അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു. 4 ദിവസം മുൻപ് ചെറുകിട പദ്ധതികളായ നേര്യമംഗലം, പെരിങ്ങൽകുത്ത്, ലോവർ പെരിയാർ പദ്ധതികളിൽ സംഭരണശേഷിയുടെ 76 ശതമാനം വെള്ളം ഉണ്ടായിരുന്നത് ഇന്നലെ 56 ശതമാനമായി കുറഞ്ഞു. എന്നാൽ വൻകിട, ഇടത്തരം പദ്ധതികളിൽ ജലനിരപ്പ് ഉയർന്നത് കെഎസ്ഇബിക്കു ആശ്വാസമാകും. ജലനിരപ്പ് താഴ്ന്നതോടെ മലങ്കര അണക്കെട്ടിലെ എല്ലാ ഷട്ടറുകളും താഴ്ത്തി. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 39.92 മീറ്റർ ആണ്. 

മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം കുറച്ചതും മഴ കുറഞ്ഞതുമാണു സംഭരണിയിൽ ജലനിരപ്പ് താഴാൻ കാരണമായത്. മൂന്നാറിലും മഴ കുറഞ്ഞു. 

കാലവർഷം ദുർബലമായി

തിരുവനന്തപുരം ∙ കാലവർഷം അതീവ ദുർബലമാകുന്നു. അടുത്ത അഞ്ചു ദിവസത്തേക്കു സംസ്ഥാനത്തു നേരിയ മഴയ്ക്കേ സാധ്യതയുള്ളൂവെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

    27, 28 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ മഴ പ്രതീക്ഷിക്കുന്നില്ല. കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ‌ കടലിൽ പോകരുതെന്ന മുന്നറിയിപ്പു തുടരും.    ഇന്നലെ ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 3 പേർ മുങ്ങിമരിച്ചു. 137 പേരെക്കൂടി ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com