എം.ഐ. തങ്ങൾ അന്തരിച്ചു

mi-thangal
SHARE

എടവണ്ണ (മലപ്പുറം) ∙ മുതിർന്ന പത്രപ്രവർത്തകനും ഗ്രന്ഥകാരനും മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.ഐ. തങ്ങൾ (75) അന്തരിച്ചു. ചന്ദ്രിക ദിനപത്രം മുൻ എഡിറ്ററും വർത്തമാനം ദിനപത്രം മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് അന്ത്യം. പത്തപ്പിരിയം സ്വദേശിയാണ്. കബറടക്കം ഇന്നു രാവിലെ 7.30ന് പത്തപ്പിരിയം പെരൂൽകുണ്ട് ജുമാ മസ്ജിദിൽ.

മാരേങ്ങലത്ത് ഇമ്പിച്ചി തങ്ങൾ എന്ന എം.ഐ.തങ്ങൾ രാഷ്ട്രീയ ഗവേഷകൻ, ഗ്രന്ഥകാരൻ, കോളമിസ്റ്റ്, ഗ്രന്ഥശാലാ സംഘം പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. മിറ്റ് എന്ന പേരിലും എഴുതിയിരുന്നു. 1944ൽ കുഞ്ഞിക്കോയ തങ്ങൾ – ഖദീശ ബീവി ദമ്പതികളുടെ ആദ്യമകനായി മലപ്പുറം തൃക്കലങ്ങോട് കാരക്കുന്നിലാണ് ജനനം. നാട്ടിലും അഹമ്മദാബാദിലുമായി വിദ്യാഭ്യാസം. അഹമ്മദാബാദിൽ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ലേഖകനായി. പിന്നീട് മുംബൈയിൽ മരുന്നുകമ്പനിയിൽ ജോലി ചെയ്‌തു. 1971ൽ തൃക്കലങ്ങോട് പഞ്ചായത്ത് യൂത്ത് ലീഗ് അഡ്‌ഹോക്ക് കമ്മിറ്റി സെക്രട്ടറിയായാണ് രാഷ്ട്രീയത്തിലെ തുടക്കം.

‘മാപ്പിളനാട്’ പത്രാധിപരായും ജോലി ചെയ്തു. ന്യൂനപക്ഷ രാഷ്‌ട്രീയം – ദർശനവും ദൗത്യവും, ഇന്ത്യയിലെ മുസ്‌ലിം രാഷ്‌ട്രീയം 1700–1906, സർ സയ്യിദ് ജീവചരിത്രം തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചു. ശാസ്ത്ര, സാമ്പത്തിക ശാസ്ത്ര, ഇസ്‌ലാമിക കൃതികൾ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ഷരീഫ ഷറഫുന്നിസയാണ് ഭാര്യ. മക്കൾ: ഷരീഫ നജ്മുന്നിസ, ഷരീഫ സബാഹത്തുന്നിസ, സയ്യിദ് ഇൻതിഖാബ് ആലം, സയ്യിദ് അമീനുൽ അഹ്സൻ, സയ്യിദ് മുഹമ്മദ് അൽതാഫ്, സയ്യിദ് മുജ്തബാ വസീം. മരുമക്കൾ: ആയിഷ നിലോഫർ ബാഫഖി, ഷബ്‌ല, റഹ്‌മത്ത്, ജമാലുദ്ദീൻ, അബ്ദുൽ ഗഫൂർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA