ADVERTISEMENT

തിരുവനന്തപുരം ∙ പിഎസ്‌സിയുടെ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ക്രമക്കേട് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഈ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള 8 റാങ്ക് ‌ലിസ്റ്റുകളിലെയും ആദ്യ 100 പേരുടെ വീതം മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ തീരുമാനം. അന്വേഷണം പൂർത്തിയാകുംവരെ ഈ റാങ്ക് ലിസ്റ്റുകളിൽ നിന്നു നിയമനം നടത്തില്ല. വ്യാപക ക്രമക്കേട് തെളിഞ്ഞാൽ പരീക്ഷ റദ്ദാക്കുമെന്നും പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ അറിയിച്ചു.

യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ആർ.ശിവരഞ്ജിത്തും പി.പി.പ്രണവും കെഎപി 4 കാസർകോട് ബറ്റാലിയൻ റാങ്ക് ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയതിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. ഇതടക്കം 7 ബറ്റാലിയനുകളുടെ റാങ്ക് ലിസ്റ്റായിക്കഴിഞ്ഞു. വനിതാ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് തയാറായിട്ടില്ല. ആകുമ്പോൾ അതിലെയും ആദ്യ 100 റാങ്കുകാരുടെ ഫോൺ വിവരം പരിശോധിക്കും. 

ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണത്തിനു കഴിഞ്ഞ ദിവസം പിഎസ്‍സി ശുപാർശ ചെയ്തിരുന്നു.

ശിവരഞ്ജിത്, പ്രണവ്, കുത്തുകേസിലെ രണ്ടാം പ്രതിയും 28–ാം റാങ്കുകാരനുമായ എ.എൻ. നസീം എന്നിവരെയാണു നിലവിൽ റാങ്ക് ലിസ്റ്റിൽ നിന്നു പുറത്താക്കിയിരിക്കുന്നത്. മറ്റുള്ളവർ നിരപരാധികളെന്നു തെളിഞ്ഞാൽ ഈ 3 പേരെ മാത്രം ഒഴിവാക്കി പട്ടിക പുനഃക്രമീകരിക്കുമെന്നു ചെയർമാൻ അറിയിച്ചു. 

ചോദ്യം: പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ക്രമക്കേടു നടത്തിയത് എങ്ങനെ?

 

എ) മൊബൈൽ സന്ദേശങ്ങൾ വഴി 

ഉത്തരങ്ങൾ പുറത്തുനിന്ന് സംഘടിപ്പിച്ച്

ബി) രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്

പരീക്ഷാഹാളിലെ 

ഇൻവിജിലേറ്ററെ ഭീഷണിപ്പെടുത്തി 

സി) വാട്ട്സാപ്പ്, ബ്ലൂടൂത്ത് 

തുടങ്ങിയവ ഉപയോഗിച്ച് 

ഡി) ഇവയെല്ലാം വഴി

തെറ്റിയതും ഒരേ ഉത്തരം

തിരുവനന്തപുരം ∙ ഒന്നും രണ്ടും റാങ്ക് നേടിയവർ നൽകിയത് ഒരേ തെറ്റുത്തരം. ഇതു കണ്ടെത്തിയതിനെത്തുടർന്നാണ് 2 പേരുടെയും മൊബൈൽ ഫോൺ വിവരങ്ങൾ സൈബർ സെല്ലിൽ നിന്നു ശേഖരിച്ചത്. ഇരുവരും പിഎസ്‌സിയിൽ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്കു തന്നെ സന്ദേശങ്ങൾ സ്വീകരിച്ചതിനാൽ അന്വേഷണം എളുപ്പമായി.   ഒന്നാം റാങ്കുകാരനായ ആർ. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 2 ഫോൺ നമ്പറുകളിൽ നിന്നായി 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പി.പി. പ്രണവിന്റെ ഫോണിലേക്കു 3 നമ്പറുകളിൽ നിന്നായി 78 സന്ദേശങ്ങളുമാണു പരീക്ഷയ്ക്കിടെ വന്നത്. ആകെ 100 മാർക്കിന്റേതായിരുന്നു എഴുത്തുപരീക്ഷ. ഇതിൽ ശിവരഞ്ജിത്തിനു ലഭിച്ചത് 78.33 മാർക്ക്. പ്രണവിന് 78.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com