ADVERTISEMENT

വയനാട്‌ മേപ്പാടി പുത്തുമലയിൽ ഇന്നലെ എന്താണ് സംഭവിച്ചത്? കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തവാർത്തയോ? പുത്തുമലയിലെ ദുരന്തം ദൃക്സാക്ഷികൾ വിവരിക്കുന്നത് ഭീതിയോടെയല്ലാതെ കേൾക്കാനാകില്ല. 

കനത്ത മഴയിൽ  വൻ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. തകർന്ന കെട്ടിടത്തിനുള്ളിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഒട്ടേറെ വാഹനങ്ങളും മണ്ണിനടിയിൽപെട്ടിട്ടുണ്ട്. റോഡ് പണിക്കായി കൊണ്ടുവന്നിരുന്ന ഉപകരണങ്ങളും ഒലിച്ചുപോയി.

ശക്തമായ മഴയും കാറ്റും വൈദ്യുതിബന്ധം നിലച്ചതും മൊബൈൽ നെറ്റ്‌വർക്ക് സംവിധാനം തകരാറിലായതും രക്ഷാപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നു. ഈ പ്രദേശത്ത് എത്തിപ്പെടാനും പ്രയാസമുണ്ട്. റോഡിൽ പലയിടത്തും മണ്ണും മരങ്ങളും വീണു ഗതാഗതം തടസപ്പെട്ടുകിടക്കുകയാണ്. പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയും ഡിഫൻസ് സെക്യൂരിറ്റി കോറും  രാത്രി വൈകി രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. 

ഉരുൾപ്പൊട്ടലുണ്ടായ പുത്തുമലയിൽ നിന്ന് ഇന്നലെ വാട്സാപ്പിൽ പ്രചരിച്ച വോയ്സ്ക്ലിപ്പുകൾ

എല്ലാം പടച്ചോൻ വിധിച്ചപോലെ

''ഞങ്ങൾ ഇങ്ങനെ കുറെ ആളുകൾ പാലം നോക്കി നിൽക്കുന്നുണ്ട്. കുറെ ആൾക്കാർ കടയുടെ മുന്നിൽ, കുറെ ചെക്കന്മാരും കടയുടെ മുന്നിൽനിന്നു ചായ കുടിച്ചു പുറത്തുനിൽക്കുന്നുണ്ട്. അപ്പോഴാണ് ഈ ഒച്ച കേൾക്കുന്നത്. അപ്പോ നോക്കുമ്പോ കണ്ടുനിന്ന ആളുകൾ ഓടി. ഇറങ്ങാൻ പറ്റുന്നവരും പുറത്തുള്ളോരും ഇറങ്ങിയോടി. ഓടുന്ന എല്ലാവരും മുകളിലേക്കാണ് കേറുന്നത്.

ആ വരവിലാണ് മുകളില് ഇമ്മടെ പള്ളി പോയ്ക്കണ് എന്നതു നൂറു ശതമാനം ഉറപ്പ്. കറക്ട് ആയി കാണാൻ പറ്റിയില്ല. പിന്നെ കാറും പള്ളിയുമൊന്നും ആരും മൈൻഡ് ചെയ്യുന്നില്ലല്ലോ. അവിടെയൊരു ക്വാർട്ടേഴ്സ് ഉണ്ടായിരുന്നു. അത് മൊത്തത്തിൽ പോയി. കന്റീൻ പോയി. രണ്ടുമൂന്നാല് കാറുകൾ പോയി. കുറെ ആളു‍കൾ കാണാൻ നിൽക്കുന്നുണ്ടായിരുന്നു. അവരൊക്കെ ഓടിരക്ഷപ്പെട്ടോ മണ്ണിനടിയിൽപെട്ടോ എന്നൊന്നും അറിയില്ല. എന്തായാലും ആ ക്വാർട്ടേഴ്സിലുള്ളവർ മണ്ണിന്റടിയിൽപ്പെട്ടർക്ക്ണ്. അതുറപ്പാണ്. കന്റീനിലുള്ളവരും മണ്ണിനടിയിലാണ്. കന്റീൻ നടത്തിയിരുന്നവരുടെ ഒന്നരവയസ്സുള്ള കുട്ടിയെ കാണാനില്ല. മേപ്പാടി തട്ടുകടയിൽ നിന്നിരുന്ന ചെക്കനാണ്. ചെക്കനെ അപ്പത്തന്നെ ചെളിയിൽനിന്നു പൊക്കി. കുട്ടി മിസ്സിങ്ങാണ്.

''ചെളിയുടെ മുകളിൽ ഉയർന്നുനിൽക്കുന്ന കൈ. മരവിച്ചു പോയ അവസ്ഥ''

ഞാനിപ്പോ ഉള്ളത് നെടുമ്പാലയാണ്. അവിടുന്നു നടന്നാണു വന്നത്. എന്റെ ലൈഫിൽ ഞാൻ ഇതുപോലെ സംഭവം കണ്ടിട്ടില്ല. ചെളിയുടെ മുകളിൽ ഒരു കൈ ഇങ്ങനെ ആട്ടുകയാണ്. കരയുകയാണോ രക്ഷിക്കാനാണോ എന്നൊന്നും അറിയില്ല. ഒന്നും ചെയ്യാനാകില്ല. ഒരു രക്ഷയുമില്ല. മരവിച്ചുപോയ അവസ്ഥ. എല്ലാവരും ഫോറസ്റ്റ് ഓഫിസിലാണ്. ഒരു ഐ‍ഡിയയുമില്ല. ഇനിയൊക്കെ പടച്ചോൻ വിധിച്ചപോലെ നടക്കും''!

വോയ്സ് ക്ലിപ് 2

''പുത്തുമലയിൽ പള്ളിയിൽ ജോലി ചെയ്യുന്ന ആളാണു പറഞ്ഞത്. പള്ളിയും ക്ഷേത്രവും പാടിയും ഒലിച്ചുപോയി. പാടിയിലുണ്ടായിരുന്നവർ നേരത്തേ മാറിത്താമസിച്ചോ എന്നതിൽ വ്യക്തതയില്ല. അങ്ങനെയാണെങ്കിൽ അവർ രക്ഷപ്പെട്ടുകാണും. മണ്ണുമാന്തി യന്ത്രം എത്തി മണ്ണുനീക്കുന്നുണ്ട്. എങ്കിലും രക്ഷാപ്രവർത്തനം സജീവമായിട്ടില്ല''. 

വോയ്സ് ക്ലിപ് 3

''നാലാളുകൾ കാറിനുള്ളിൽ പെട്ടിട്ടുണ്ടെന്നാണു സംശയം. ഹെലികോപ്റ്റർ സംവിധാനമില്ലാതെ ഇവിടെ രക്ഷാപ്രവർത്തനം നടക്കില്ല. അവസാന സന്ദേശമാണ്. ഇനി എന്താണു സംഭവിക്കുകയെന്നറിയില്ല. മണ്ണിനടിയിൽനിന്നു കിട്ടിയവരെ വിംസ് ആശുപത്രിയിലേക്കു കൊണ്ടുപോയിട്ടുണ്ട്''. 

വോയ്സ് ക്ലിപ് 4 

''ഞാൻ ഹുസൈൻ ചൂരമല. കരാട്ടെ ഇൻസ്ട്രക്ടർ ആണ്. ദയനീയ അവസ്ഥയാണ് ഇവിടെ. ഏറ്റവും താഴെയുള്ള വീടും പള്ളിയും അമ്പലവും താഴെയുള്ള വീടുകളും നശിച്ചുവെന്നാണു പറയപ്പെടുന്നത്. ഭീകരാവസ്ഥയാണ് ഇവിടെ''. 

പരുക്കേറ്റവർ

മേപ്പാടി ചൂരൽമല പുത്തുമല ദുരന്തത്തിൽ പരുക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നവർ:പുത്തുമല സ്വദേശികളായ ഷൗക്കത്ത് (39), ഗണേശ് പ്രഭു (27), ജലീൽ (34), സരോജിനി (58), മുനീറ (37), റോയ് തോമസ് (44), ശിവ (33), സത്യപ്രകാശ് (27), തങ്കരാജ് (70). പരുക്കേറ്റ് ചികിത്സ തേടിയ സുമിത്ര(54) പരുക്കു ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com