ADVERTISEMENT

അഗളി (പാലക്കാട്) ∙ നിറവയറുമായി ലാവണ്യ ഇക്കരയെത്തിയപ്പോൾ നിറഞ്ഞൊഴുകിയ ഭവാനിപ്പുഴയാകും ആദ്യം ആശ്വസിച്ചത്, ഒപ്പം, ആ കാഴ്ച ലൈവായി കണ്ടു നിന്ന കേരളവും. ഒരു കൂട്ടം രക്ഷാപ്രവർത്തകരുടെ മനസ്ഥൈര്യവും ഒരു നാടിന്റെ പ്രാർഥനയും ഒത്തു ചേർന്നപ്പോൾ ഗർഭിണിയും ഒന്നര വയസ്സുള്ള കുഞ്ഞും അടങ്ങുന്ന കുടുംബം രക്ഷയുടെ തീരത്തെത്തി.

മഴ വകവയ്ക്കാതെ 4 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവർ സുരക്ഷിതരായി പുഴ കടന്നത്. ചെന്നൈയിൽ സോഫ്റ്റ് വെയർ എൻജിനീയറായ മുരുകേശ് ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിനായാണ്, മാതാപിതാക്കളായ ശെൽവരാജും പഴനിയമ്മാളും താമസിക്കുന്ന അടപ്പാടി പട്ടിമാളം കോണാർതുരുത്തിലെ വീട്ടിലേക്കു ഭാര്യ ലാവണ്യയ്ക്കും ഒന്നര വയസ്സുള്ള മകൾ മൈനയ്ക്കുമൊപ്പം ഒരാഴ്ച മുൻപെത്തിയത്. ജോലിക്കാരൻ കാഞ്ഞിരം സ്വദേശി പൊന്നനും ഒപ്പമുണ്ടായിരുന്നു. എന്നാൽ മഴ കനത്തു പുഴ നിറഞ്ഞതോടെ ഇവർ ഒറ്റപ്പെട്ട അവസ്ഥയിലായി. ഭവാനി രൗദ്രഭാവത്തിൽ കുത്തിയൊലിച്ചതോടെ കൊട്ടത്തോണിയും ഇറക്കാൻ പറ്റാതായി.

attappadi-rescue
ലാവണ്യയും മൈനയും സുരക്ഷിതരായി കരയിലെത്തിയപ്പോൾ

ഏതു കുത്തൊഴുക്കും നീന്തിക്കയറാനുള്ള ധൈര്യം മുരുകേശിനുണ്ടെങ്കിലും ഗർഭിണിയായ ഭാര്യയെയും കുഞ്ഞിനെയും പ്രായമായ മാതാപിതാക്കളെയും എങ്ങനെ രക്ഷിക്കുമെന്നായി ആശങ്ക. ആറു ദിവസത്തോളം ഈ ഭീതിയിലായിരുന്നു കുടുംബം. വെള്ളിയാഴ്ച അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നു വടം ഉപയോഗിച്ച് ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുത്തിയൊഴുകി വന്ന വെള്ളം കണ്ടപ്പോൾ ലാവണ്യയ്ക്കു പേടിയായി. ഇന്നലെ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും വീണ്ടും രക്ഷാദൗത്യവുമായെത്തി. 

പുഴക്കരയിലെ മരത്തിൽ വലിച്ചുകെട്ടിയ വടത്തിൽ തൂങ്ങി, അഗ്നിശമന സേനയിലെ എൻ.അനിൽ കുമാറും പി.എസ്.സന്തോഷ് കുമാറും തുരുത്തിലെത്തി. ശരീരത്തിൽ ജാക്കറ്റ് ബന്ധിച്ചു വടത്തിൽ കൊളുത്തി ആദ്യം പൊന്നനെയും തുടർന്നു പഴനിയമ്മാളിനെയും കരയിലെത്തിച്ചു. കുഞ്ഞു മൈനയെ പ്രാണനെപ്പോലെ നെഞ്ചോടു ചേർത്തു കെട്ടി മുരുകേശ് ഇക്കരയെത്തി. പിന്നെ ലാവണ്യയുടെ ഊഴമായിരുന്നു. 

മുന്നിലെ പുഴ കണ്ട് അൽപം പേടിച്ചെങ്കിലും അക്കരെ അച്ഛന്റെ കൈയിൽ ചിരിയോടെ നോക്കുന്ന കുഞ്ഞു മൈനയെ കണ്ടപ്പോൾ തനിയെ ധൈര്യം വന്നു. മകളെ നോക്കിക്കൊണ്ടു തന്നെ ലാവണ്യ വടത്തിൽ തൂങ്ങി കരയിലെത്തി. എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കി മുരുകേശിന്റെ അച്ഛൻ സെൽവരാജും വടത്തിൽ തൂങ്ങി മറുകരയെത്തി.

attappadi-rescue-1
ഒന്നര വയസ്സുകാരി മകൾ മൈനയുമായി വടത്തിൽ തൂങ്ങി പുഴ കടക്കുന്ന മുരുകേശ്.
attappadi-rescue-2
മൈനയുമായി മുരുകേശ് മറുകരയെത്തിയപ്പോൾ.
attappadi-rescue-3
മൈനയെ രക്ഷാപ്രവർത്തകർ ഏറ്റുവാങ്ങുന്നു
attappadi-rescue-4
മൈനയുടെ അമ്മയും ഗർഭിണിയുമായ ലാവണ്യ വടത്തിൽ തൂങ്ങി ഭവാനിപ്പുഴ കടക്കുന്നു

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com