ADVERTISEMENT

തലശ്ശേരി∙ കൊളശ്ശേരിയിൽ സിപിഎം പ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ 9 സിപിഎം പ്രവർത്തകർക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജിയുടേതാണു വിധി. സിപിഎം പ്രവർത്തകൻ വടക്കുമ്പാട് സിന്ധു നിവാസിൽ യു.ഷിധിനെ (22) കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ.

സിപിഎം പ്രവർത്തകരായ കാവുംഭാഗം കുന്നിനേരിമീത്തൽ വിപിൻ എന്ന ബ്രിട്ടോ(34), കൊളശ്ശേരി ചെറിയാണ്ടി ഹൗസിൽ മിഖിൽലാൽ എന്ന കുഞ്ഞികാടപ്പൻ(28), കളരിമുക്ക് കാർത്തികയിൽ എം. ധീരജ്(28), കൊളശ്ശേരി അങ്കണവാടിക്കു സമീപം കൃഷ്ണയിൽ ദിൽനേഷ്(27), നിഹാൽ മഹലിൽ സി.കെ. നിഹാൽ(26) ചെറിയാണ്ടി ഹൗസിൽ മിഥുൻ എന്ന മൊയ്തു(31), പെരുന്താറ്റിൽ വൈശാഖത്തിൽ ഷിബിൻ(26), കാവുംഭാഗം ആയാടത്തിൽമീത്തൽ ദേവിനിവാസിൽ കെ.അമൽകുമാർ(25), കുന്നിനേരിമീത്തൽ വി.കെ. സോജിത്ത്(25) എന്നിവരെയാണു ശിക്ഷിച്ചത്. പിഴ അടച്ചാൽ ഷിധിന്റെ ആശ്രിതർക്കു നൽകാനും ഉത്തരവായി. അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം തടവു വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

2013 ഒക്ടോബർ 4ന് രാത്രി 10.30ന് കാവുംഭാഗം അയോധ്യ ബസ് സ്റ്റോപ്പിനു സമീപം തെരുറോഡിൽ അക്രമിസംഘം ഷിധിനെ ഇരുമ്പു വടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷിധിൻ 11.25 നു മരിച്ചുവെന്നാണു കേസ്. ഷിധിൻ വധക്കേസിൽ പ്രതികളായ വിപിൻ എന്ന ബ്രിട്ടോ, മിഥുൻ എന്ന മൊയ്തു, വി.കെ.സോജിത്ത് എന്നിവർ സിപിഎം മുൻനേതാവ് സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതികളാണ്. നസീർ വധശ്രമക്കേസിൽ ഇവർ ഇപ്പോൾ റിമാൻഡിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com