കരച്ചിലുണ്ട് ഈ വഴിയാകെ; അകലെയെങ്കിലും പ്രതീക്ഷയുടെ തിരിനാളം കാത്ത് ഒരു ഗ്രാമം

kavalappara-visual
കവളപ്പാറയിൽ മണ്ണിനടിയിൽപെട്ട ചീരോളി ശ്രീധരനും ഭാര്യ അനിതയ്ക്കും വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ കിട്ടിയ വീട്ടുപകരണങ്ങൾ കൂട്ടിയിട്ടപ്പോൾ. 100 മീറ്റർ അകലെ നിന്നാണ് ശ്രീധരന്റെ വീടിന്റെ അവശിഷ്ടങ്ങൾ കിട്ടിയത്.
SHARE

എടക്കര (മലപ്പുറം) ∙ അടക്കിപ്പിടിച്ച ഒരു കരച്ചിലിന്റെയുള്ളിലാണ് കവളപ്പാറ ഇപ്പോൾ. മരണം കുത്തിയൊലിച്ചു പാഞ്ഞ ആ മലയോരത്ത് ആംബുലൻസുകൾ നിരയായി കാത്തു കിടക്കുന്നു. കണ്ടെടുക്കുന്ന മൃതദേഹങ്ങളുമായി ഓരോ ആംബുലൻസും കുതിക്കുമ്പോൾ ദുരിതാശ്വാസ ക്യാംപുകളിലുള്ളവരുടെ ഉള്ളിലൂടെ വേദനയുടെ മിന്നൽ പായും. ആരാവും? ആളെ തിരിച്ചറിയാൻ കഴിയുന്നവരെ തേടി ക്യാംപുകളിൽനിന്നു ക്യാംപുകളിലേക്കു പൊലീസ്. ഒടുവിൽ തിരിച്ചറിഞ്ഞവരുടെ ബന്ധുക്കളെ സംസ്കാരച്ചടങ്ങുകൾക്ക് കൊണ്ടുപോകാൻ വീണ്ടും വാഹനങ്ങളെത്തുന്നു.

അപ്പോഴും നല്ല വാർത്തകൾ എങ്ങനെയെങ്കിലുമെത്തുമെന്ന് ക്യാംപുകളിലുള്ളവർ ഇപ്പോഴും പ്രതീക്ഷിക്കുന്നു, കാണാതായവരുടെ പട്ടികയിൽപ്പെട്ട ശേഷം ക്യാംപിൽ തിരിച്ചു വന്നവരെപ്പോലെ ഇനിയുമാരെങ്കിലും വരുമെന്ന് കാത്തിരിക്കുന്നു. കവളപ്പാറയിൽനിന്ന് രക്ഷപ്പെട്ടെത്തിയവർ കൂടുതലും കഴിയുന്നത് പൂളപ്പാടം മദ്രസയിലും ജിഎൽപി സ്കൂളിലുമാണ്. മിക്കവരും കുടുംബാംഗങ്ങളെയോ കൂട്ടുകാരെയോ നഷ്ടമായവർ.ചിലർ ഒറ്റയ്ക്ക്. മറ്റു ചിലർ പുതിയ കൂട്ടുകളുടെ അഭയത്തിൽ. ക്യാംപിൽ ക്ഷേമമന്വേഷിക്കാനെത്തിയവരുടെ കണ്ണുനനയിച്ചും അവരെ കെട്ടിപ്പിടിച്ചു കരഞ്ഞും ചിലർ.

മിക്ക കുട്ടികൾക്കും പുതിയ കൂട്ടുകാരൊടൊപ്പമുള്ള കളിചിരിമുറ്റമാണ് ക്യാംപ്. ചിലപ്പോഴൊക്കെ ദുരന്തം മറന്ന് മെസ്സിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയുമൊക്കെ ജേഴ്സിയണിഞ്ഞ് അവർ ഫുട്ബോൾ മത്സരങ്ങളെക്കുറിച്ച് വാചാലരാവുന്നുണ്ട്. ചില കുട്ടികൾ ഇപ്പോഴും ദുഃസ്വപ്നങ്ങളുടെ ഒറ്റത്തുരുത്തിലാണ്. വയ്ക്കാനും വിളമ്പാനും നൂറുകണക്കിനു സന്നദ്ധപ്രവർത്തകർ രംഗത്തുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA