ADVERTISEMENT

തിരുവനന്തപുരം ∙ എക്സൈസ് വകുപ്പിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനു ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 13 തസ്തിക സൃഷ്ടിച്ചു. ജോയിന്റ് എക്സൈസ് കമ്മിഷണർ, അസിസ്റ്റൻറ് എക്സൈസ് കമ്മിഷണർ വിഭാഗത്തിൽ ഓരോ തസ്തികയും സർക്കിൾ ഇൻസ്പെക്ടറുടെ  2 തസ്തികയും പ്രിവന്റീവ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ, ഡ്രൈവർ എന്നീ വിഭാഗത്തിൽ 3 വീതം തസ്തികകളുമാണു സൃഷ്ടിച്ചത്.

മരാമത്ത്, തദ്ദേശഭരണ വകുപ്പ് എൻജിനീയർമാരുടെ സാമ്പത്തിക അധികാര പരിധി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചു. ജലവിഭവ വകുപ്പിലെ എൻജിനീയർമാർക്കു സാമ്പത്തിക അധികാരവും നൽകി. ചീഫ് എൻജിനീയർ തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കു 2 കോടി വരെ എസ്റ്റിമേറ്റുള്ള പദ്ധതികൾ നേരിട്ടേറ്റെടുക്കാനും ഭരണാനുമതി നൽകാനുമാകും. മരാമത്തു വകുപ്പിലെ അസിസ്റ്റന്റ്് എൻജിനീയർമാർക്ക് 5 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കാണു ഭരണാനുമതി നൽകാൻ കഴിഞ്ഞിരുന്നത്. പുതിയ മാറ്റത്തോടെ 20 ലക്ഷം രൂപ വരെയുള്ളവയ്ക്ക് അനുമതി നൽകാം. 2 കോടി എന്നതു പിന്നീട് ഉയർത്താനും ആലോചനയുണ്ട്.

കേരള കാഷ്യൂ ബോർഡിനു പ്രവർത്തന മൂലധനമായി സംസ്ഥാന സഹകരണ ബാങ്കിൽ നിന്നു 250 കോടി രൂപ വായ്പയെടുക്കുന്നതിനു സർക്കാർ ജാമ്യം നിൽക്കും. സപ്ലൈകോയുടെ നിലവിലുള്ള കടമെടുപ്പ് പരിധിയായ 925 കോടി രൂപ 500 കോടി രൂപ വർധിപ്പിച്ചു 1425 കോടിയായി നിജപ്പെടുത്തി. വർധിപ്പിച്ച തുകയ്ക്കു ഗാരന്റിയും ഗാരന്റി കമ്മിഷനും സർക്കാർ വഹിക്കും. വിവിധ ഫെഡറേഷനുകളുടെ വായ്പ കുടിശിക പരിഹരിക്കുന്നതിനു സംസ്ഥാന സഹകരണ ബാങ്കിന് 306.75 കോടി രൂപ അനുവദിച്ച നടപടി സാധൂകരിച്ചു.

വിമുക്തഭട വികസന പുനരധിവാസ കോർപറേഷനിൽ 8 തസ്തിക സൃഷ്ടിച്ചു. പ്രൊജക്ട് ഓഫിസർ, വാച്ച്മാൻ, കാഷ്വൽ സ്വീപ്പർ എന്നീ വിഭാഗങ്ങളിൽ ഓരോ തസ്തിക വീതവും എൽഡി ക്ലാർക്ക് തസ്തികയിൽ 5 തസ്തികകളുമാണു സൃഷ്ടിച്ചത് .സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻ‍ഡ് ലൈഫ് ലോങ് എജ്യുക്കേഷൻ കേരള (സ്കോൾ-കേരള) യുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി 80 തസ്തിക സൃഷ്ടിച്ചു. കല്യാശ്ശേരി മണ്ഡലത്തിൽ തിയറ്റർ സമുച്ചയം നിർമിക്കുന്നതിനു ചെറുതാഴം വില്ലേജിലെ 50 സെന്റ് മിച്ച ഭൂമി സാംസ്കാരിക വകുപ്പിനു 30 കൊല്ലത്തേക്കു പാട്ടത്തിനു നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com