ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസ്  ബറ്റാലിയൻ കോൺസ്റ്റബിളിനെ തിരഞ്ഞെടുക്കാനുള്ള പിഎസ്‌സി പരീക്ഷയിലെ തട്ടിപ്പിൽ യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികൾക്ക് ഒരേ ബാർകോഡ് ചോദ്യങ്ങൾ ലഭിച്ചതിനു പിഎസ്‌സിയിൽ നിന്നു സഹായം ലഭിച്ചോ എന്നതു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. പ്രതികളായ ആർ.ശിവരഞ്ജിത്ത്, പി.പി.പ്രണവ്, എ.എൻ.നസീം എന്നിവർക്ക് ഒരേ കോഡിലെ ചോദ്യങ്ങൾ ലഭിച്ചതാണു പുറത്തു നിന്ന് ഉത്തരം അയച്ചു നൽകാ‍ൻ മറ്റു പ്രതികൾക്ക് എളുപ്പമായത്.

ചോദ്യക്കടലാസ് ചോർന്നതു യൂണിവേഴ്സിറ്റി കോളജിൽ നിന്നാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. കോളജിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോർത്തിയ ചോദ്യക്കടലാസുകൾ എസ്എപി ക്യാംപിലെ പൊലീസുകാരനായ ഗോകുലിന്റെയും കല്ലറ സ്വദേശി ഷഫീറിന്റേയും കൈകളിൽ എത്തുകയായിരുന്നു. ഇവർ പാളയം ടവർ ലൊക്കേഷനിലിരുന്നു ഉത്തരങ്ങൾ സന്ദേശങ്ങളായി പരീക്ഷാ ഹാളിലുണ്ടായിരുന്ന ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും മൊബൈൽ ഫോണുകളിലേക്ക് അയച്ചു. നാലു മൊബൈൽ നമ്പരുകളിൽ നിന്നാണു സന്ദേശങ്ങൾ കൈമാറിയത്.

അതേസമയം, പിഎസ്‌സിയിൽ വ്യത്യസ്ത ജനനത്തീയതികളുള്ള രണ്ടു പ്രൊഫൈലിൽ നിന്നാണു യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി കൂടിയായ നസീം അപേക്ഷ അയച്ചതെന്നു കണ്ടെത്തി.പ്രതികളായ പ്രണവും സഫീറും ഗോകുലും ഇപ്പോഴും ഒളിവിലാണ് .പ്രതികളെ ഇതുവരെയും പിഎസ്‌സി ഡീബാർ ചെയ്തിട്ടില്ല. കെഎപി നാലാം ബറ്റാലിയൻ പരീക്ഷയിൽ ശിവരഞ്ജിത്തിന് ഒന്നും പ്രണവിനു രണ്ടും നസീമിനും ഇരുപത്തിയെട്ടും റാങ്കുകളാണു യഥാക്രമം ലഭിച്ചത്. പ്രതികൾ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥികളെ കുത്തിവീഴ്ത്തിയ കേസിൽ ഉൾപ്പെട്ടതോടെയാണു തട്ടിപ്പ് പുറത്തുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com