ADVERTISEMENT

കൊച്ചി ∙ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിലെ അഭിപ്രായ ഭിന്നതകൾക്കിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടു യുഡിഎഫിൽ സമ്മർദം ശക്തിപ്പെടുത്താൻ പാർട്ടി നീക്കം. മുൻപു 4 എംഎൽഎമാർ വരെ ഉണ്ടായിരുന്ന പാർട്ടിക്കു കഴിഞ്ഞ തവണ യുഡിഎഫ് അനുവദിച്ചതു പിറവം സീറ്റ് മാത്രം. അവിടെ പാർട്ടി ലീഡർ അനൂപ് ജേക്കബ് വിജയിക്കുകയും ചെയ്തു. എന്നാൽ, പാർട്ടി ചെയർമാൻ ജോണി നെല്ലൂരിനു സീറ്റ് കിട്ടിയില്ല. യുഡിഎഫ് സെക്രട്ടറി സ്ഥാനം നൽകിയാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്.

കേരള കോൺഗ്രസ് എമ്മിലെ പിളർപ്പിനു ശേഷം ജോസഫ് വിഭാഗത്തിൽ കേരള കോൺഗ്രസ് (ജേക്കബ്) ലയിക്കണമെന്ന നിർദേശം ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന വിഭാഗം ഉയർത്തിയിരുന്നു. അനൂപ് ജേക്കബും മറ്റും യോജിച്ചില്ല. ജോസഫിനൊപ്പം പോകണമെങ്കിൽ നിയമസഭാ സീറ്റ് നൽകണമെന്ന ആവശ്യം ജോണി നെല്ലൂർ ഉന്നയിച്ചുവെങ്കിലും ഉറപ്പു ലഭിച്ചില്ലെന്നാണ് അറിയുന്നത്. തൽക്കാലം പാർട്ടി വിടുന്നതിനെ കുറിച്ചോ പിളർപ്പിനെക്കുറിച്ചോ ആലോചനയില്ല എന്നാണു ജോണി നെല്ലൂരിന്റെ നിലപാട്.

അതേസമയം, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് അംഗവുമായ  ബിജു മറ്റപ്പള്ളി കേരള കോൺഗ്രസിൽ (എം) ചേർന്നു. ജോസ് കെ. മാണി ചെയർമാനായുള്ള പാർട്ടിയിൽ കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് കുട്ടി കാറുകുളം എന്നിവരും ചേർന്നതായി ഭാരവാഹികൾ അറിയിച്ചു.

ജേക്കബ് ഗ്രൂപ്പിൽ നിന്നു കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നു കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, മീഡിയ കോ – ഓർഡിനേറ്റർ വിജി എം. തോമസ് എന്നിവർ അറിയിച്ചു. അവസരവാദ രാഷ്ട്രീയക്കാർ പാർട്ടി വിടുന്നതു കൊണ്ട് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിനു ക്ഷീണം സംഭവിക്കില്ലെന്നു ജില്ലാ പ്രസിഡന്റ് പി.എസ്. ജെയിംസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com