ADVERTISEMENT

കോട്ടയം ∙ കെവിൻ പി.ജോസഫ് കൊല്ലപ്പെട്ട കേസിൽ വിധി 22ന്. ഈ കേസ് ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്നു പ്രോസിക്യൂഷനും ദുരഭിമാനക്കൊല അല്ലെന്നു പ്രതിഭാഗവും ഇന്നലെ വാദിച്ചു. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ജില്ലാ സെഷൻസ് കോടതി വിധി പ്രഖ്യാപനം 22 ലേക്കു മാറ്റി. ഇന്നലെ വിധി പ്രഖ്യാപിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. വംശീയ ഉച്ചനീചത്വമാണു കെവിന്റെ മരണത്തിലേക്കു നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കെവിന്റെ ജാതിയെപ്പറ്റി പ്രതികൾ മോശമായി പരാമർശിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

നീനുവും കെവിനും തമ്മിലുള്ള പ്രണയം സംബന്ധിച്ച തർക്കം മാത്രമായിരുന്നെങ്കിൽ കെവിൻ കൊല്ലപ്പെടുകയില്ലായിരുന്നുവെന്നും അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് അഭ്യർഥിച്ചു. നീനുവിന്റെയും കെവിന്റെയും വിവാഹം ഒരു മാസത്തിനകം നടത്തിക്കൊടുക്കാമെന്നു ചാക്കോ ജോൺ പൊലീസ് സ്റ്റേഷനിൽ പറഞ്ഞിരുന്നുവെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുവാദം. അതിനർഥം ജാതി നീനുവിന്റെ കുടുംബത്തിനു പ്രശ്നമല്ലെന്നാണ്. ചാക്കോയും ഭാര്യ രഹ്നയും വ്യത്യസ്ത സമുദായക്കാരാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.

നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയ നട്ടാശേരി സ്വദേശി കെവിൻ പി.ജോസഫിനെ തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു കേസ്. 2018 മേയ് 28നായിരുന്നു സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com