ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ പ്രളയകാലത്തു സാലറി ചാലഞ്ചിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നൽകാനുള്ള സുവർണാവസരമാണ് ഇപ്പോഴെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണയും സാലറി ചാലഞ്ച് ഉണ്ടാകുമോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാലറി ചാലഞ്ചിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ചില പെൻഷൻകാരും ജീവനക്കാരും ഒരു മാസത്തെ ശമ്പളവും പെൻഷനും ചോദിക്കാതെതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാർ ഒരു മാസത്തെ ശമ്പളവും അലവൻസും ചേർത്ത് ഒരു ലക്ഷം രൂപ നൽകും. ദുരന്തത്തെ മറികടക്കാൻ എല്ലാവരുടെയും സഹായമുണ്ടാകണം. നിയമവിധേയമായ ഏതു സഹായവും സ്വീകരിക്കും. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിന്നു കേരളത്തെ പുനർനിർമിക്കാൻ 31,000 കോടി രൂപയെങ്കിലും വേണമെന്നാണു യുഎൻ ഏജൻസികൾ കണക്കാക്കിയത്. ഇപ്പോൾ ആ ബാധ്യത വർധിക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യവും ആർക്കും പരിശോധിക്കാവുന്നതുമാണ്. എല്ലാ സംസ്ഥാനങ്ങളിലെയും ദുരിതാശ്വാസ നിധി ഓഡിറ്റ് ചെയ്യുന്നതു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആണ്. സംസ്ഥാന നിധിയുടെ കണക്കു നിയമസഭയിലും ദേശീയ നിധിയുടേതു പാർലമെൻറിലും പറയണം. ഇതെല്ലാം മറച്ചുവച്ചു പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം വേറെയാണ്.

എല്ലാവർഷവും ദുരിതാശ്വാസ നിധിയിലേക്കു ബജറ്റിൽ പണം നീക്കിവയ്ക്കാറുണ്ട്. അതിൽനിന്നാണു മറ്റാവശ്യങ്ങൾക്കു പണം നൽകുന്നത്. ചികിത്സാ ചെലവുൾപ്പെടെ എല്ലാക്കാലത്തും നൽകിയിട്ടുണ്ട്. സ്ഥിരനിക്ഷേപം നടത്തിയെന്നാണു മറ്റൊരു പ്രചാരണം. അതിനൊന്നും താൻ വിശദീകരണം നൽകുന്നില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്നു പരിശോധിച്ചാൽ സംശയം തീരും. പ്രളയ ദുരിതാശ്വാസത്തിനായി നൽകിയ സംഭാവന അതിനു മാത്രമാണ് ഉപയോഗിക്കുക. കഴിഞ്ഞ പ്രളയത്തിനുശേഷം 2276.4 കോടി രൂപയാണു സർക്കാർ ചെലവഴിച്ചത്. അതിൽ 457.6 കോടി രൂപ ധനസഹായമാണ്.

വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു നൽകിയത് 1636 കോടി രൂപ. കണക്കുകളെല്ലാം വെബ്സൈറ്റിൽ ഉണ്ട്. കഴിഞ്ഞ തവണത്തേതു മുഴുവൻ ചെലവാക്കിയില്ലെന്നാണ് ആരോപണം. അങ്ങനെ ഒറ്റയടിക്കു ചെലവാക്കാനുള്ളതല്ല ആ തുക. ഒരു വീടു നിർമിക്കാൻ തുക അനുവദിച്ചാൽ അതു പൂർത്തിയാകുന്ന മുറയ്ക്കാണു കൊടുത്തു തീർക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മറ്റു വീട്ടിലേക്ക് മാറിയവർക്കും സഹായം പരിഗ‌ണിക്കും’

തിരുവനന്തപുരം ∙ കാലവർഷക്കെടുതിയെത്തുടർന്ന്് സ്വന്തം വീട്ടിൽ നിന്നും മറ്റു വീടുകളിലേക്ക് മാറേണ്ടി വന്നവർക്കും അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിഞ്ഞുപോയവർക്കും സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാംപിൽ താമസിച്ചിട്ടില്ലെങ്കിലും നാശനഷ്്ടം സംഭവിച്ചവർക്ക്് ആനുകൂല്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com