sections
MORE

ദുരന്തമുണ്ടായിട്ട് ഒരാഴ്ച; പുത്തുമലയിൽ തിരച്ചിൽ തുടരുന്നു

fire-force
പുത്തുമലയിൽ ഉരുൾപൊട്ടി മണ്ണടിഞ്ഞ സ്ഥലത്ത് തിരച്ചിലിനെത്തിയ അഗ്നിശമന സേനാംഗങ്ങളിലൊരാൾ മണ്ണിൽ താഴ്ന്നപ്പോൾ സഹായിക്കുന്ന സഹപ്രവർത്തകൻ. ചിത്രം: മനോരമ
SHARE

പുത്തുമല(വയനാട്)∙ വടം കെട്ടി കൂറ്റൻ മരങ്ങൾ വലിച്ചു നീക്കുന്ന മനുഷ്യരായിരുന്നു പുത്തുമല ദുരന്തഭൂമിയിൽ കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. ഇതു മാറി മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ സജീവമായി ഇറങ്ങിയിട്ടും വില്ലനായി മഴയെത്തിയതോടെ തിരച്ചിൽ ഇഴഞ്ഞു.  പലയിടത്തായി ചെളിയിൽ പൂണ്ട യന്ത്രങ്ങൾ തിരിച്ചു കയറ്റാൻ വൻ അധ്വാനമാണ് വേണ്ടിവരുന്നത്.

കുന്നിൻമുകളിൽ പച്ചക്കാട് ഭാഗം മുതൽ താഴെ മേപ്പാടി– സൂചിപ്പാറ റോഡിലെ കലുങ്കിനു സമീപംവരെ പലയിടത്തായി മണ്ണുമാന്തികൾ ഇറങ്ങിയിട്ടുണ്ട്. 10 അടിയിലേറെ ചെളിനിറഞ്ഞു കിടക്കുന്ന എസ്റ്റേറ്റ് പാടികളുടെ ഭാഗത്തേക്ക് പ്രവേശിക്കാൻ, കള്ളാടിയിൽനിന്ന് പുത്തുമലയിലേക്ക് ഇറങ്ങിവരുന്ന റോഡിലെ സുരക്ഷാവേലി പൊളിച്ച് മണ്ണിടുന്നുണ്ട്. ഇവിടെ യന്ത്രങ്ങൾക്ക് ഇറങ്ങാനായാൽ തിരച്ചിലിൽ കാര്യമായ പുരോഗതിയുണ്ടാകും.

കാഴ്ചക്കാരായി എത്തുന്നവർ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. വീതി കുറഞ്ഞ റോഡിൽ മണ്ണുമാന്തി യന്ത്രങ്ങൾ നീങ്ങുന്നതിന് സന്ദർശകരുടെ സാന്നിധ്യം തടസ്സമുണ്ടാക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളെ കള്ളാടിയിൽ തടയുന്നുണ്ട്. ചൂരൽമല, കശ്മീർ തുടങ്ങിയ ഭാഗങ്ങളിലെ താമസക്കാരെ കടത്തി വിടുകയും ചെയ്യും.

പുത്തുമലയിലെ പുനരധിവാസം; ദുരന്തഭീഷണിയില്ലാത്ത ഭൂമി കണ്ടെത്തും

കൽപറ്റ ∙ പുത്തുമലയിൽ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി  രണ്ടാഴ്ചയ്ക്കുള്ളിൽ ഉചിതമായ ഭൂമി കണ്ടെത്താൻ നടപടികളുമായി ജില്ലാ ഭരണകൂടം. ജനപ്രതിനിധികളുടെയും റവന്യു അധികൃതരുടെയും നേതൃത്വത്തിലാണ് സ്ഥലം കണ്ടെത്തുക. ദുരന്ത ഭീഷണിയില്ലാത്ത വാസയോഗ്യമായ ഭൂമി കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. കണ്ടെത്തുന്ന ഭൂമി വിദഗ്ധ സംഘത്തിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരസുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. 53 വീടുകൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. 24 വീടുകൾ അപകടാവസ്ഥയിലുമാണ്.

ഈ വീടുകളിൽ കഴിഞ്ഞവരെ എത്രയും പെട്ടെന്ന് പുനരധിവിപ്പിക്കുന്നതിന് സർക്കാർ തലത്തിലുള്ള വേഗതയേറിയ നടപടികൾ ഉണ്ടാവണമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് ജില്ലയിലെ രക്ഷാപ്രവർത്തന-പുനരധിവാസ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയുള്ള സ്‌പെഷൽ ഓഫിസർ യു.വി.ജോസിന്റെ ശ്രദ്ധയിൽപ്പെടുത്തി.

വീടുകൾ നഷ്ടപ്പെട്ടവർക്കുള്ള സഹായധനം നിശ്ചയിക്കുന്നതിനായി കരട് രൂപരേഖ തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ റീബിൽഡ് ആപ് വഴി നഷ്ടപരിഹാരം നിശ്ചയിച്ചതിലുണ്ടായ പാകപ്പിഴകൾ പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണു സ്‌പെഷൽ ഓഫിസർ യു.വി.ജോസിനെ ചുമതലപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA