ADVERTISEMENT

നിലമ്പൂർ ∙ കവളപ്പാറയിൽ മണ്ണിൽ പുതഞ്ഞുകിടക്കുന്നെന്നു കരുതുന്ന മൃതദേഹങ്ങൾ കണ്ടെത്താൻ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജിപിആർ) ഉപയോഗിച്ച് നടത്തിയ തിരച്ചിൽ വിഫലം. 30 അടിയോളം ആഴത്തിൽ കുഴമ്പുരൂപത്തിൽ അടിഞ്ഞുകിടക്കുന്ന മണ്ണും ജലത്തിന്റെ വൻതോതിലുള്ള സാന്നിധ്യവും മൂലം ജിപിആറിന്റെ ഇലക്ട്രോ മാഗ്‌നറ്റിക് തരംഗങ്ങൾ ദുർബലമാകുന്നതിനാൽ കൃത്യമായ സൂചനകൾ ലഭിക്കുന്നില്ലെന്ന് വിദഗ്ധസംഘം പറഞ്ഞു. സംഘം ഇന്ന് വയനാട് പുത്തുമലയിൽ പരിശോധന നടത്തും.

ജിപിആർ പുറപ്പെടുവിക്കുന്ന തരംഗങ്ങൾ, തിരികെ ആന്റിനയിലെത്തുന്നതിന്റെ ആവൃത്തിയും സമയവും അനുസരിച്ചാണ് ഭൂമിക്കു താഴെയുള്ള ഘടനയും വസ്തുക്കളുടെ സാന്നിധ്യവും തിരിച്ചറിയുന്നത്. 20 മീറ്റർ താഴെയുള്ള ജീവനുള്ളതോ അല്ലാത്തതോ ആയ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. 

തകർന്ന കെട്ടിടങ്ങളിലും മറ്റും വിജയകരമായി ഉപയോഗിക്കാവുന്ന ജിപിആർ സിഗ്‌നലുകൾ ജലത്തിലും കുഴമ്പുരൂപത്തിലുള്ള മണ്ണിലും ദുർബലമായിരിക്കും. 

ഹൈദരാബാദ് നാഷനൽ ജിയോഫിസിക്കൽ റിസർച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘമാണ് 2 സെറ്റ് ജിപിആറുമായി പരിശോധനയ്ക്കെത്തിയത്. 

കൺട്രോൾ യൂണിറ്റ്, സ്‌കാനിങ് ആന്റിന, സ്ക്രീൻ എന്നിവയുൾപ്പെടെ ഒരു സെറ്റിന് 130 കിലോയാണ് ഭാരം. പ്രിൻസിപ്പൽ സയന്റിസ്‌റ്റുമാരായ ആനന്ദ് കെ.പാണ്ഡെ, രത്‌നാകർ ദാക്‌തെ, ടെക്‌നിക്കൽ അസിസ്‌റ്റന്റ് ദിനേശ് കെ സഹദേവൻ, സീനിയർ റിസർച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയർ റിസർച് ഫെലോ സതീഷ് വർമ, സഞ്‌ജീവ് കുമാർ ഗുപ്‌ത എന്നിവരാണ് സംഘത്തിലുള്ളത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com