ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമലയിലെ സർക്കാർ നടപടികളുടെ കാര്യത്തിൽ കേരളത്തിലെ സ്ത്രീസമൂഹത്തിനുണ്ടായ തെറ്റിദ്ധാരണകൾ അകറ്റാൻ തീവ്രനടപടികൾ ആവശ്യമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഗൃഹസന്ദർശനങ്ങൾക്കു തുടർച്ചയായി ഇതിനായുള്ള പദ്ധതികൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.

ഗൃഹസന്ദർശനത്തിലെ അനുഭവങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ യോഗത്തിൽ വിശദീകരിച്ചു. സർക്കാരും പാർട്ടിയും വിശ്വാസപ്രമാണങ്ങൾക്കെതിരാണെന്ന ചിന്ത സ്ത്രീകൾക്കിടയിൽ ശക്തമാണെന്ന് ഇതേത്തുടർന്നു വിലയിരുത്തി. ഭൂരിപക്ഷ വിഭാഗ സ്ത്രീകളിൽ ബിജെപി അനുഭാവമുള്ളവർ കൂടി വരുന്നതിലെ വിപത്തും സിപിഎം കണക്കിലെടുക്കുന്നു.

ഗൃഹസന്ദർശനങ്ങളും വീടുകളുമായുള്ള ബന്ധവും ശക്തമാക്കാനുളള നിർദേശങ്ങൾ കീഴ്ഘടകങ്ങൾക്കു നൽകും. ഓരോ വീടിനും ചുമതലക്കാരെ വയ്ക്കാനുള്ള തീരുമാനം എത്രയും വേഗം നടപ്പിലാക്കും. വീഴ്ച വരുത്തുന്ന കമ്മിറ്റികൾക്കെതിരെ കർശന നിലപാടു സ്വീകരിക്കാനും തീരുമാനിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികളോടു പാർട്ടി വക്താക്കളായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കാൻ നിർദേശിക്കും.

കൊൽക്കത്ത ദേശീയ സംഘടനാ പ്ലീനത്തിന്റെയും പാലക്കാട്ടെ സംസ്ഥാന പ്ലീനത്തിന്റെയും നിർദേശങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയില്ലെന്ന വികാരവും യോഗത്തിലുയർന്നു. സംഘടനയെ ശക്തമാക്കാനും തെറ്റുകൾ തിരുത്താനുമായി ആവിഷ്കരിച്ച തീരുമാനങ്ങളിൽ പലതും ഇന്ത്യയിലെ ഏറ്റവും ശക്തമായ ഘടകമായ കേരളത്തിലടക്കം നടപ്പിലായിട്ടില്ല. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്താകെയുണ്ടായ തിരിച്ചടിയെത്തുടർന്നാണു കൊൽക്കത്തയിൽ പ്ലീനം ചേർന്നത്. 2014 നെക്കാൾ വലിയ തിരിച്ചടിയാണു പക്ഷേ 2019 ൽ ഉണ്ടായത്. ശക്തമായ കേഡർ സംവിധാനമുള്ള പാർട്ടിക്കു ചേരാത്ത പ്രവണതയാണിതെന്ന പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടുണ്ട്. 

ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, എം.എ.ബേബി തുടങ്ങിയവരടക്കം പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ഇന്നും തുടരും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com