ADVERTISEMENT

തിരുവനന്തപുരം ∙ പ്രളയാനന്തര പുനർനിർമാണത്തിനുള്ള സാലറി ചാലഞ്ചിന്റെ ഭാഗമായി ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും വൈദ്യുതി ബോർഡ് പിരിച്ച 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറാതിരുന്നതു വിവാദമായി.

മാർച്ച് 31 വരെ 102.61 കോടി രൂപ പിരിച്ചിട്ടുണ്ടെന്നും, തുക അതതു മാസം ദുരിതാശ്വാസ നിധിയിലേക്കു നൽകിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ബോർഡ് അറിയിച്ചതോടെയാണു വിവാദത്തിന്റെ തുടക്കം. ഇതുൾപ്പെടെ, കഴിഞ്ഞ ഒക്ടോബർ മുതൽ ഈ വർഷം ജൂലൈ വരെ 10 മാസം കൊണ്ടു പിരിച്ച 132.46 കോടി നൽകാനുണ്ട്. പിരിച്ചതിൽ 10.23 കോടി മാത്രമാണു ദുരിതാശ്വാസ നിധിയിലേക്കു നൽകിയതെന്ന് ബോർഡ് ഫിനാൻസ് ഓഫിസർ അറിയിച്ചിരുന്നു. ഇതു ചർച്ചയായതോടെ, ഇന്നു മൂന്നിനു തുക മുഖ്യമന്ത്രിക്കു കൈമാറുമെന്നു വൈദ്യുതി മന്ത്രി എം.എം. മണി അറിയിച്ചു.

നേരത്തേ ബോർഡിന്റെ വിഹിതമായി 36.2 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകിയിരുന്നു. ജല അതോറിറ്റിയുടെ 331.67 കോടി രൂപ വൈദ്യുതി ബിൽ കുടിശിക ഉൾപ്പെടെ ബോർഡിനു സർക്കാർ 541.79 കോടി നൽകാനുണ്ട്. ഒക്ടോബർ ആകുമ്പോഴേക്കും വൈദ്യുതി വാങ്ങാൻ ബോർഡിന് 200 കോടി രൂപയുടെ കമ്മി നേരിടുമെന്നു കണക്കാക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാർ അനുമതിയോടെ തുക കൈമാറ്റം വൈകിക്കുകയായിരുന്നുവെന്നാണു വിവരം.

കഴിഞ്ഞ രണ്ടു പ്രകൃതിദുരന്തങ്ങളിൽ തങ്ങൾക്കും കനത്ത നഷ്ടമുണ്ടായതായി ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വിവിധ സർക്കാർ സ്ഥാപനങ്ങൾ വൈദ്യുതി ബിൽ കുടിശിക വരുത്തിയതും സാമ്പത്തിക പ്രതിസന്ധിക്കു കാരണമാണ്.

സാലറി ചാലഞ്ച് സത്യത്തിൽ പിരിച്ചതെത്ര 

തിരുവനന്തപുരം ∙ സാലറി ചാലഞ്ച് വഴി സർക്കാർ ജീവനക്കാരിൽനിന്നു ലഭിച്ച സംഭാവന സംബന്ധിച്ച് ട്രഷറിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കും വ്യത്യസ്ത കണക്ക്. 1206.39 കോടി രൂപ കിട്ടിയെന്നാണ് ദുരിതാശ്വാസനിധി വെബ്‌സൈറ്റിലെ ഏറ്റവും പുതിയ കണക്ക്. എന്നാൽ, ഇൗ മാസം അഞ്ചിന് വിവരാവകാശ നിയമപ്രകാരം ട്രഷറി വകുപ്പ് നൽകിയ മറുപടിയിൽ 1499 കോടി കിട്ടിയെന്നാണു പറയുന്നത്. ദിവസേന അപ്ഡേറ്റ് ചെയ്യുന്ന ദുരിതാശ്വാസനിധിയുടെ കണക്കിൽ ഉയർന്ന തുകയാണു വരേണ്ടത്. എന്നാൽ, 292.61 കോടിയുടെ കുറവാണു കാണുന്നത്.

ഒരു ദിവസത്തെ  ശമ്പളം കൂടി നൽകും

തിരുവനന്തപുരം ∙ ഈ മാസത്തെ മഴക്കെടുതിയിൽ ദുരിതബാധിതരെ സഹായിക്കാൻ വൈദ്യുതി ബോർഡ് ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. മന്ത്രി എം.എം.മണിയുമായി ബോർഡിലെ സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. 

 

തുക ഓരോ മാസവും നൽകുന്നതിന്റെ അസൗകര്യം മൂലം ഇപ്പോൾ ഒന്നിച്ചുനൽകാൻ ഉത്തരവായി. വകമാറ്റി ചെലവഴിച്ചിട്ടില്ല. ബോർഡിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുക കൈമാറ്റം ഒരുമിച്ചാക്കുന്നതിനു കാരണമാണ്. ഓവർഡ്രാഫ്റ്റ് എടുത്താണു ശമ്പളം നൽകുന്നത്. സാലറി ചാലഞ്ച് തുകയും ഇങ്ങനെ എടുത്തുനൽകും.

  എൻ.എസ്. പിള്ള, ചെയർമാൻ, വൈദ്യുതി ബോർഡ്

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com