ADVERTISEMENT

നിലമ്പൂർ ∙ കവളപ്പാറ ഉരുൾപൊട്ടലിൽ വീട് പൂർണമായും നഷ്ടമായ എല്ലാ കുടുംബങ്ങൾക്കും വീടു വയ്ക്കാൻ സ്ഥലം നൽകി പ്രവാസി വ്യവസായി അരീക്കോട് കുനിയിൽ കാരങ്ങാടൻ അഹമ്മദ് ഇഖ്ബാൽ. ദുരന്തബാധിതർക്ക് ആത്മവിശ്വാസം പകരാൻ മലയാള മനോരമയും ജില്ലാ ഭരണകൂടവും ചേർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ മുതുകാട് തന്നെയാണ് ഇഖ്ബാൽ ഭൂമി നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. 

ഭൂമി വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം ഇഖ്ബാലിനുവേണ്ടി സുഹൃത്ത് മുജീബ് റഹ്മാൻ അപ്പോൾതന്നെ കലക്ടർ ജാഫർ മലിക്കിന് കൈമാറി. കവളപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ചർച്ചിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു പരിപാടി.

ഖത്തറിലെ വ്യാപാര, വ്യവസായ ഗ്രൂപ്പ് ആയ ‘നെക്സസി’ന്റെ ചെയർമാൻ ആണ് അഹമ്മദ് ഇഖ്ബാൽ. നിലമ്പൂരിൽനിന്ന് 5 കിലോമീറ്റർ അകലെ വണ്ടൂർ കാരാട്ട് ആദ്യഘട്ടത്തിൽ ഒന്നര ഏക്കർ വിട്ടുനൽകും. കൂടുതൽ ഭൂമി ആവശ്യമായി വന്നാൽ അതും പരിഗണിക്കും. സ്വദേശമായ കുനിയിൽ ഉൾപ്പെടുന്ന നിലമ്പൂർ മേഖലയിലുണ്ടായ ദുരന്തത്തിൽ നാടിനൊപ്പം നിൽക്കാനാണു ശ്രമിക്കുന്നതെന്ന് ഇഖ്ബാൽ പറഞ്ഞു. 

സർക്കാരുമായി ആലോചിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് കലക്ടർ അറിയിച്ചു. വീട് നഷ്ടമായവർക്ക് വെവ്വേറെ വീടുകളാണോ ഫ്ലാറ്റ് സമുച്ചയമാണോ വേണ്ടതെന്ന് തീരുമാനിക്കാൻ അവരുമായി ചർച്ച നടത്തും. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളും പുറത്തുനിന്നുള്ള സഹായവാഗ്ദാനങ്ങളും പ്രയോജനപ്പെടുത്തി, മാതൃകാ താമസകേന്ദ്രം ഒരുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പുത്തുമല: 20 വീടുകൾ നിർമിച്ചു നൽകുമെന്ന് ഡോ. ആസാദ് മൂപ്പൻ 

മേപ്പാടി ∙  പുത്തുമല ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്ക് 20 വീടുകൾ നിർമിച്ചു നൽകുമെന്ന് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയറിന്റെയും ഡിഎം വിംസ് മെഡിക്കൽ കോളജിന്റെയും ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. 

ദുരിതബാധിതർക്ക് എല്ലാ പിന്തുണയും നൽകുമെന്നും സുസജ്‌ജമായ മെഡിക്കൽ സംഘം എപ്പോഴും ഡിഎം വിംസിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആസ്‌റ്റർ ഹോംസിന്റെ നേതൃത്വത്തിലാകും 20 വീടുകളുടെ പണി പൂർത്തിയാക്കുക.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com