ADVERTISEMENT

കണ്ണൂർ∙ കേരള ബാങ്കിന് അന്തിമ അനുമതി കിട്ടാൻ ജില്ലാ ബാങ്കുകളുടെ ഓഡിറ്റ് റിപ്പോർട്ടും സർക്കാർ ഇടപെട്ടു തിരുത്തി.  നഷ്ടത്തിലുള്ള ബാങ്കുകൾ പുതുക്കിയ റിപ്പോർട്ട് പ്രകാരം ലാഭത്തിലായി. ക്രമക്കേടുകളും കിട്ടാക്കടവും ചൂണ്ടിക്കാട്ടുന്ന ഓഡിറ്റ് റിപ്പോർട്ട് കേരള ബാങ്ക് രൂപീകരണത്തിനു തിരിച്ചടിയാകുമെന്നു പറഞ്ഞാണു തിരുത്തൽ. കേരള ബാങ്കിനു വേണ്ടി ജില്ലാ–സഹകരണ ബാങ്കുകളുടെ വൻകിട വായ്പകൾ കൂട്ടത്തോടെ എഴുതിത്തള്ളിയതിനു പുറമേയാണ് ഓഡിറ്റ് റിപ്പോർട്ടിലും തിരിമറി. 

ലേലം ചെയ്തിട്ടും മുടക്കുമുതൽ തിരിച്ചു കിട്ടാത്ത സ്വർണവായ്പകൾ, വസ്തുവായ്പകൾ, ജീവനക്കാർ തിരിച്ചടയ്ക്കാത്ത വായ്പകൾ തുടങ്ങി കോടിക്കണക്കിനു രൂപയുടെ കിട്ടാക്കടമാണു ജില്ലാ ബാങ്കുകൾക്കുണ്ടായിരുന്നത്. ഇതടക്കം ഒട്ടേറെ ക്രമക്കേടുകൾ സഹകരണ റജിസ്ട്രാർക്കു സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ ജില്ലാ ബാങ്കുകളുടെ കൺകറന്റ് ഓഡിറ്റർമാർ ചൂണ്ടിക്കാട്ടിയിരുന്നു. 

ഇവ കൂട്ടത്തോടെ വെട്ടിമാറ്റി. പ്രതികൂല പരാമർശങ്ങൾ ഉണ്ടാകരുതെന്ന് ഓഡിറ്റിങ്ങിനു മുൻപു തന്നെ ജോയിന്റ് ഡയറക്ടർമാർക്കു സർക്കാർ നിർദേശം നൽകിയിരുന്നു. ഇതു പാലിക്കാത്ത റിപ്പോർട്ടുകളാണു തിരുത്തി വാങ്ങിയത്. 

കോടികൾ എഴുതിത്തള്ളി; പക്ഷേ, പറയില്ല

സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടുന്ന സ്പെഷൽ ഓഡിറ്റ് റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നു സഹകരണ വകുപ്പ്. ‘ഇപ്പോൾ മറുപടി നൽകാൻ നിർവാഹമില്ല’ എന്നാണു വിവരാവകാശ അപേക്ഷയ്ക്കു നൽകിയ മറുപടി.  കേരള ബാങ്കിന്റെ മറവിൽ ബാലൻസ് ഷീറ്റ് ക്ലിയറാക്കാനെന്ന പേരിൽ ആസ്തികൾ എഴുതിത്തള്ളിയെന്നു സഹകരണ വകുപ്പ് സമ്മതിച്ചു. പക്ഷേ, എത്ര കോടിയാണ് എഴുതിത്തള്ളിയത് എന്നു വ്യക്തമാക്കാൻ വിസമ്മതിച്ചു. ഓഡിറ്റ് സർട്ടിഫിക്കറ്റ്, കടങ്ങൾ എഴുതിത്തള്ളിയത് ഏതു ചട്ടപ്രകാരം തുടങ്ങിയ വിവരങ്ങളും നൽകിയില്ല

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com