ADVERTISEMENT

തൃശൂർ/ ന്യൂഡൽഹി ∙ മണാലിയിലെ കാഴ്ചകൾക്കുമപ്പുറമാണ് ഛത്രു; മോഹിപ്പിക്കുന്ന ആ താഴ്‍വാരത്തിലേക്കു സിനിമാ ഫ്രെയിമുകൾ തേടിപ്പോയ സംഘം സുരക്ഷിതരാണെന്ന് അറിയുമ്പോൾ കേരളത്തിന് ആശ്വാസം. ബോർഡർ റോഡ് ടാസ്ക് ഫോഴ്സിന്റെ കണക്കുപ്രകാരം ഛത്രു ഉൾപ്പെടുന്ന ജില്ലയിൽ നിന്നു വിദേശികളടക്കം നാനൂറോളം പേരെയാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി രക്ഷപ്പെടുത്തിയത്. ഏതാനും പേർ മരിച്ചു. 

സംവിധായകൻ സൽകുമാർ ശശിധരന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് സംഘം താമസിക്കുന്ന സ്ഥലത്തു വാർത്താ വിനിമയ സൗകര്യങ്ങളില്ലാത്തതാണു പരിഭ്രാന്തിക്കിടയാക്കിയത്. മഞ്ജുവാരിയർ സാറ്റലൈറ്റ് ഫോണിൽ സഹോദരനെ വിളിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും പെട്ടെന്ന് ഇടപെടലുണ്ടായതും.

കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനെ അടക്കം വിളിച്ചു. ഹൈബി ഈഡൻ എംപി, ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി എ. സമ്പത്ത് എന്നിവരും ഹിമാചൽ സർക്കാരുമായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ളവരുമായും സംസാരിച്ചു. നടൻ ദിലീപാണ് തന്നെ വിവരം അറിയിച്ചതെന്ന് ഹൈബി  ഫെയ്സ്ബുക്കിൽ കുറിച്ചു.പിന്നാലെ, കലക്ടറുടെ നേതൃത്വത്തിൽ ഇവർക്കു ഭക്ഷണവും വെള്ളവും ഉൾപ്പെടെ എത്തിച്ചുവെന്നാണു വിവരം.

മടക്കം ഷൂട്ടിങ് പൂർത്തിയാക്കിയതിനുശേഷം

himachal
ഛത്രുവിന്റെ ദൃശ്യം

ഹിമാചൽപ്രദേശിലെ മലയോരഗ്രാമത്തിൽ കുടുങ്ങിയ നടി മഞ്ജു വാരിയരും സംവിധായകൻ സനൽകുമാർ ശശിധരനും അടക്കമുള്ള സിനിമാ സംഘം സുരക്ഷിതരാണ്. ഛത്രു ഗ്രാമത്തിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചതിനാൽ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷമേ സംഘം മടങ്ങൂ. ഇവർക്കു തിരികെ മണാലിയിലെത്താനുള്ള സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കിയെങ്കിലും ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം മടങ്ങാൻ തീരുമാനിച്ചു.

സനൽകുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുൻപാണ് ഇവർ ഹിമാചലിലെത്തിയത്. മണാലിയിലെ ഷൂട്ടിങ്ങിനു ശേഷം, 12 നാണ് 30 അംഗ സംഘം 100 കിലോമീറ്റർ അകലെ ഛത്രുവിലേക്കു പോയത്. മഴ നാശം വിതച്ച ഇവിടെ ഭക്ഷണം പോലും കിട്ടാതായി. ഫോണിൽ ബന്ധപ്പെടാനും കഴിയാതായി. മഞ്ജു സാറ്റലൈറ്റ് ഫോണിൽ സഹോദരൻ മധു വാരിയരെ വിളിച്ചതോടെയാണ് വിവരമറിഞ്ഞ് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇടപെട്ടത്. 

മോഹത്താഴ്‍വാരം

റോഹ്തങ് ചുരം, ഹംത ചുരം, സ്പിതി എന്നിവിടങ്ങളിലേക്കുള്ള വഴി സംഗമിക്കുന്ന സ്ഥലമാണ് ഛത്രു. ചില ഡാബകളും സഞ്ചാരികൾ ഒരുക്കിയ ഏതാനും ടെന്റുകളും 100 ൽ താഴെ വീടുകളും പിന്നെ വിസ്മയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യവും മാത്രമേ ഇവിടെയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com