ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (മെഡിസെപ്) നിന്നു റിലയൻസ് ജനറൽ ഇൻഷുറൻസിനെ ഒഴിവാക്കി പുതിയ ടെൻഡർ ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചു.

ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വൈകിട്ട് ഒപ്പുവച്ചു. ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിച്ചു തുടർനടപടി സ്വീകരിക്കാൻ മന്ത്രി തോമസ് ഐസക് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മനോജ് ജോഷിക്കു നിർദേശം നൽകി. റീ ടെൻഡർ ചെയ്യുന്നതിന്റെ ഭാഗമായി ചികിത്സാ നിരക്കുകൾ വർധിപ്പിക്കും. സർക്കാർ നിശ്ചയിച്ച നിരക്കുകൾ പര്യാപ്തമല്ലെന്ന വാദവുമായി സ്വകാര്യ ആശുപത്രികൾ വിട്ടുനിന്നതോടെയാണു റിലയൻസിനു നൽകിയ കരാർ നടപ്പാക്കാനാകാത്തത്. ആശുപത്രികൾ 40% വരെ വർധന ആവശ്യപ്പെടുന്നെങ്കിലും 30% വർധനയ്ക്കാണു സാധ്യത.

ആദ്യ ടെൻഡറിൽ വർഷം 3600 രൂപയിൽ താഴെ പ്രീമിയത്തിനു പദ്ധതി നടപ്പാക്കണമെന്നായിരുന്നു വ്യവസ്ഥ. റിലയൻസ് 2992.48 രൂപ ക്വോട്ട് ചെയ്തപ്പോൾ മറ്റു കമ്പനികൾ 5000 രൂപയ്ക്കു മുകളിൽ പ്രീമിയം ആവശ്യപ്പെട്ടു. പ്രീമിയം പരിധി നിശ്ചയിച്ചു ടെൻഡർ ക്ഷണിച്ചതിനാൽ കുറഞ്ഞ തുക ക്വോട്ട് ചെയ്ത രണ്ടാമത്തെ കമ്പനിയെ ക്ഷണിക്കാൻ നിയമതടസ്സമുണ്ട്. ഇനി ടെൻഡർ ക്ഷണിക്കുമ്പോൾ പ്രീമിയം പരിധി 5000 രൂപയിൽ താഴെയായിരിക്കണമെന്ന നിബന്ധന വച്ചേക്കും

പ്രീമിയം ഉയരുമ്പോൾ ജീവനക്കാരുടെയും പെൻഷൻകാരുടെയും മാസവിഹിതം വർധിക്കും. ഇപ്പോൾ 250 രൂപ നിശ്ചയിച്ചിരിക്കുന്നത് 500 രൂപ വരെ ആയേക്കും. പെൻഷൻകാർക്കു മാസം നൽകുന്ന 300 രൂപയിൽ 250 രൂപ ഇൻഷുറൻസിലേക്ക് എടുക്കാനാണു തീരുമാനിച്ചത്. ഇനി 300 രൂപയിൽ കൂടുമ്പോൾ ആ തുക സർക്കാർ നൽകണോ പെൻഷനിൽ നിന്നു കുറയ്ക്കണോ എന്നു ധാരണയായിട്ടില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com