ADVERTISEMENT

കവളപ്പാറ/കൽപറ്റ ∙ ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽനിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മങ്ങാട്ടുപറമ്പിൽ അനീഷ് (37), കവളപ്പാറ കോളനിയിലെ ഉടുക്ക് പാലൻ (48) എന്നിവരുടെ മൃതദേഹമാണു കണ്ടെത്തിയത്. കവളപ്പാറയിൽ വായനശാലയ്ക്കു സമീപം, ഉരുൾപൊട്ടൽ ബാധിക്കാത്ത ഭാഗത്താണ് അനീഷിന്റെ വീട്. അപകടദിവസം വൈകിട്ട് കവളപ്പാറ തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് അപകട മുന്നറിയിപ്പു നൽകാൻ പോയതായിരുന്നു അനീഷ്. രണ്ടുപേരുടെയും സംസ്കാരം നടത്തി. അശ്വതിയാണ് അനീഷിന്റെ ഭാര്യ. മക്കൾ: അതുൽ, അനഘ. 

2 മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 48 ആയി. 11 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണു സൂചന. 13 ഏക്കർ വിസ്തൃതിയിലുള്ള കവളപ്പാറയിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തകർ ആദ്യഘട്ട തിരച്ചിൽ പൂർത്തിയാക്കി. രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും പ്രദേശത്തെ വെള്ളക്കെട്ടുകൾ മോട്ടർ‌ ഉപയോഗിച്ചു നീക്കം ചെയ്തശേഷമാണു തിരച്ചിൽ പുനരാരംഭിക്കുക. അപകടത്തിൽപെട്ട എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നു കലക്ടർ ജാഫർ മലിക് അറിയിച്ചു. 

അതേസമയം, വയനാട് പുത്തുമലയിലെ തിരച്ചിൽ ദുരന്തസ്ഥലത്തുനിന്ന് 6 കിലോമീറ്റർ അകലെ സൂചിപ്പാറയിലേക്കു വ്യാപിപ്പിച്ചെങ്കിലും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ഹൈദരാബാദ് നാഷനൽ ജിയോഗ്രഫിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഗ്രൗണ്ട് പെനിട്രേഷൻ റഡാർ (ജിപിആർ) സംവിധാനം ഉപയോഗിച്ചിട്ടും ഫലം കാണാതായതോടെ ഇതു തിരിച്ചുകൊണ്ടുപോയി. ഇന്ന് സൂചിപ്പാറ വെള്ളച്ചാട്ടത്തോടു ചേർന്നു പരിശോധന തുടരും. 

സൂചിപ്പാറയ്ക്കു സമീപത്തുനിന്നു കണ്ടെത്തിയ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധനാഫലം ഇന്നോ നാളെയോ കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽനിന്നു ലഭിക്കുമെന്നാണു വിവരം. 

ആകെ മരണം 128 

ഇന്നലെ രാത്രി വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്താകെ പ്രളയത്തിലും ഉരുൾപൊട്ടലിലുമായി 128 പേരാണു മരിച്ചത്. 1791 വീടുകൾ പൂർണമായും 14559 വീടുകൾ ഭാഗികമായും തകർന്നു. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 100 ആയി കുറഞ്ഞു. 13,042 പേരാണ് ഇപ്പോഴും ക്യാംപുകളിൽ കഴിയുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com