കടയിൽ നിന്നു പണം തട്ടി ഓടിയ ഇറാൻ ദമ്പതികൾ പിടിയിൽ

iranian couple
അറസ്റ്റിലായ ഇറാൻ ദമ്പതികൾ
SHARE

കൊല്ലം ∙ കുണ്ടറയിലെ കടയിലെത്തി പണം തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇറാൻ ദമ്പതികൾ പൊലീസ് പിടിയിൽ. ആമിർ കാമിയാബി (27), ഭാര്യ നസ്റിൻ കാമിയാർ (20) എന്നിവരാണു പിടിയിലായത്. ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. ഡൽഹി റജിസ്ട്രേഷനുള്ള കാറിൽ ചന്ദനത്തോപ്പിലെ യാസിം ട്രേഡേഴ്സിലെത്തിയ ഇരുവരും സോപ്പ് വാങ്ങി. തുടർന്ന് 2000 രൂപയ്ക്കു ചില്ലറ ആവശ്യപ്പെട്ടു. കടയുടമ പഴ്സിൽ നിന്നു പണം എടുക്കുന്നതിനിടെ ഇരുവരും ചേർന്നു പഴ്സ് തട്ടിയെടുത്ത് ഓടുകയായിരുന്നു.

 നാട്ടുകാർ പിന്നാലെ ഓടി ഇരുവരെയും പിടികൂടി പൊലീസിലേൽപിച്ചു. ഇവർ വന്ന കാറിൽ സോപ്പുകളും പലചരക്കു സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമാനമായ തരത്തിൽ മറ്റെവിടെയെങ്കിലും തട്ടിപ്പു നടന്നിട്ടുണ്ടാകുമെന്നാണു പൊലീസിന്റെ സംശയം. യാത്രാ രേഖകളും പാസ്പോർട്ടും പരിശോധിച്ചതിൽ മറ്റു പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് പറ‍ഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്പി നാസറുദീന്റെ നേതൃത്വത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്തു. 

ചെന്നൈയിൽ ചികിത്സയ്ക്കെത്തിയതാണ് എന്നാണു ദമ്പതികൾ മൊഴി നൽകിയത്. ഡൽഹിയിൽ നിന്നുള്ള സുഹൃത്തിന്റെ കാറുമായി വിനോദ സഞ്ചാരത്തിനു വന്നതാണെന്നും ഇവർ പറയുന്നു. പക്ഷേ, ഇതൊന്നും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇവരുടെ പക്കൽ നിന്ന് 1500 രൂപയും ഒന്നര ലക്ഷം യുഎസ് ഡോളറും കണ്ടെടുത്തു. 

ദമ്പതികളെ രാത്രി തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നു റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു.

 ഇവരുടെ യാത്രാരേഖകളും പാസ്പോർട്ടും വിശദമായി പരിശോധിക്കാനും ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്യാനുമാണു പൊലീസിന്റെ തീരുമാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA