ADVERTISEMENT

തൊടുപുഴ ∙ തുനിഞ്ഞിറങ്ങിയാൽ കയ്യിൽ വല്ലതും ‘തടയുന്ന’ കാലമാണ് കള്ളൻമാർക്ക് ഓണക്കാലം. ഓണമാഘോഷിക്കാൻ വസ്‌ത്രശാലകളും പച്ചക്കറിക്കടകളും ഹോട്ടലുകളും തേടി കറങ്ങിയടിച്ചു നടക്കുമ്പോൾ കള്ളൻമാർ കാശു കൊണ്ടുപോകാതെ സൂക്ഷിച്ചാൽ ഭാഗ്യം. വീടു പൂട്ടിപ്പോകുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ, മടങ്ങിയെത്തുമ്പോൾ ഉള്ളതെല്ലാം കള്ളൻ കൊണ്ടുപോകും. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നു പൊലീസിനു നിർദേശം ലഭിച്ചു. ഇതേത്തുടർന്നു ജില്ലയിൽ പട്രോളിങ് ഊർജിതപ്പെടുത്തി. 

അടിച്ചുമാറ്റാൻ പെൺപട

മോടിയായി വസ്‌ത്രം ധരിച്ചാണ് ഇവർ എത്തുക. കവലകളിലും ആഭരണ ശാലകളിലും, വസ്‌ത്ര ശാലകളിലും, മറ്റു കച്ചവട സ്‌ഥാപനങ്ങളിലും ആരാധനാലയങ്ങളിലും ഇവർ സംഘടിതമായി എത്തി ഓപ്പറേഷൻ നടത്തും. പോക്കറ്റടിക്കു പുറമേ ബാഗിനുള്ളിലെ പണവും കഴുത്തിലെ മാലയും ഇവർ മോഷ്‌ടിക്കും. സ്ത്രീകളുടെ നേതൃത്വത്തിലുള്ള  ഇത്തരം സംഘത്തെ തിരിച്ചറിയാൻ പ്രയാസമാണെന്നു പൊലീസ് പറയുന്നു. പുരുഷ മോഷ്‌ടാക്കളെക്കാൾ വിദഗ്‌ധമായാണു ബസുകളിലും മറ്റും വനിതാ സംഘങ്ങളുടെ പ്രവർത്തനം. മികച്ച രീതിയിൽ വസ്‌ത്രം ധരിച്ചു യാത്രക്കാർക്കിടയിലൂടെ തിക്കിത്തിരക്കി കയറുന്ന സംഘം സ്‌ത്രീകളുടെ മാല, ബാഗ്, പഴ്‌സ് മുതലായവയാണ് ഉന്നം വയ്‌ക്കുന്നത്.

പരിചയം നടിച്ച് അടുത്തുകൂടി തട്ടിപ്പു നടത്തുന്നതും സംഘത്തിന്റെ രീതിയാണ്. അടുത്തിരിക്കുന്നവരോട് പരിചയ ഭാവം കാണിക്കും. ഡയലോഗുകൾ കാച്ചി വലയിൽ വീഴ്ത്തും. സാരിത്തലപ്പ്, ചുരിദാർ ഷാൾ എന്നിവ ഉപയോഗിച്ച് കൈയും ബാഗും മറയ്‌ക്കും. പിന്നെയാണു മോഷണത്തിന്റെ നമ്പർ ഇറക്കുക. ചിലപ്പോൾ ഉറക്കം നടിക്കും. അടുത്തിരിക്കുന്നവരുടെ ശരീരത്തിലേക്ക് മെല്ലെ ചായും. ഇതിനിടെ ഇവരുടെ കൈ സഹയാത്രികയുടെ ബാഗിനു മുകളിലെത്തും. സിപ് തുറന്ന് ഉള്ളിലുള്ള പഴ്‌സും പൊതിയും അടിച്ചു മാറ്റുകയാണു ചിലരുടെ തന്ത്രം. മോഷ്‌ടാക്കൾ മറുകര കടക്കുമ്പോൾ മാത്രമാണു പണവും സ്വർണവും നഷ്‌ടപ്പെട്ട വിവരം അറിയുക.

ബസുകളിൽ മനഃപൂർവം തിക്കും തിരക്കും ഉണ്ടാക്കി മോഷണം നടത്തുന്ന സംഘങ്ങളുമുണ്ട്. പുരുഷൻമാരായ പോക്കറ്റടിക്കാരെ വെല്ലുന്ന പ്രകടനമാണു തമിഴ്‌നാട്ടുകാരായ ചില സ്‌ത്രീകളുടേതെന്നു പൊലീസ് പറയുന്നു.  മോഷണ മുതൽ ഒപ്പമുള്ളയാൾക്കു കൈമാറി, അടുത്ത സ്‌റ്റോപ്പിലിറങ്ങി മുങ്ങുന്നതും ഇവരുടെ രീതിയാണെന്നു പൊലീസ് പറയുന്നു. അണിഞ്ഞൊരുങ്ങി നല്ല വസ്‌ത്രം ധരിച്ചു ബസിൽ കയറുന്ന ഇത്തരം പെൺ മോഷണ സംഘങ്ങളെ ഒറ്റനോട്ടത്തിൽ കണ്ടാൽ സംശയം തോന്നില്ല. ചിലപ്പോൾ ഒരേ സമയം രണ്ടു വസ്‌ത്രങ്ങൾ അണിഞ്ഞാവും ഇവരുടെ ഓപ്പറേഷൻ. മോഷണം നടത്തിയ ശേഷം ബസിൽനിന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ഉടൻ വേഷം മാറി സ്‌ഥലം വിടുകയാണു പതിവ്. 

മാലക്കമ്പം !

ഇരുചക്ര വാഹനങ്ങളിൽ മിന്നൽ പോലെയെത്തി മാല പൊട്ടിച്ചു മറയുന്ന സംഘങ്ങളാണ് ജില്ലയിലേറെയുമെന്നു പൊലീസ് പറയുന്നു. സ്വർണത്തിനു പവന് 29,000 കടന്നു. പവൻവില റോക്കറ്റുപോലെ കുതിക്കുമ്പോൾ ചുരുങ്ങിയ ചെലവിൽ ചെറിയൊരു മോഷണം, കിട്ടിയാൽ ലക്ഷാധിപതി എന്നനിലയിലാണ് മാലമോഷ്‌ടാക്കൾ കരുക്കൾ നീക്കുന്നത്. മിന്നൽവേഗത്തിൽ സഞ്ചരിക്കുന്ന ബൈക്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. നമ്പർ പ്ലേറ്റ് മാറ്റിയ ശേഷമാണ് പലപ്പോഴും കവർച്ച നടത്തുന്നത്. കൗമാരക്കാരാണ് മാല മോഷണ സംഘത്തിലേറെയുമെന്നു പൊലീസ് പറയുന്നു.

വിജനമായ വഴിയിലൂടെ സ്‌ത്രീകൾ തനിച്ചു നടക്കുന്നത് ഒഴിവാക്കണം. സന്ധ്യകഴിഞ്ഞു തനിച്ചുള്ള യാത്ര ഒഴിവാക്കുക. ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘങ്ങൾക്കു ഹെൽമറ്റ് മറയാകുന്നുണ്ട്. ഹെൽമറ്റ് ധരിച്ചവർ അടുത്തുവരുമ്പോൾ ശ്രദ്ധിക്കുക. വഴി ചോദിച്ചോ പരിചയം നടിച്ചോ ആണു മിക്കപ്പോഴും മോഷ്‌ടാക്കൾ അടുത്തെത്തുന്നത്. കഴിയുന്നത്ര ഒഴിഞ്ഞുമാറുക. വളരെ അടുത്തെത്തിയാലേ മാല പൊട്ടിക്കാനാകൂ. സ്വർണമാല ധരിച്ചിട്ടുണ്ടെങ്കിൽ അതു വസ്ത്രം കൊണ്ടു മറച്ചു വയ്ക്കുക. മാല നഷ്‌ടപ്പെട്ടാൽ ബഹളംവച്ച് ആളെ കൂട്ടുക.  വേഗം പൊലീസിനെ അറിയിക്കുക. മോഷ്‌ടാക്കളെപ്പറ്റിയുള്ള പരമാവധി സൂചനകളും നൽകുക. 

മൊബൈലിൽനിന്ന് കണ്ണെടുക്കുക

മൊബൈലിൽ സംസാരിച്ചും പാട്ടുകേട്ടും സ്വയംമറക്കുന്നവരെയാണു മോഷ്‌ടാക്കൾ ഉന്നംവയ്‌ക്കുക. പണവും മറ്റും ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ ഒളിപ്പിക്കുക. യാത്രചെയ്യുമ്പോൾ കൂടുതൽ പണം കരുതുന്നത് ഒഴിവാക്കുക. ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയുടെ കോപ്പി മാത്രം ബാഗിൽ സൂക്ഷിക്കുക. അപരിചിതരുമായി ഇടപെടുന്നതു കഴിവതും ഒഴിവാക്കുക. യാത്ര ആരംഭിക്കുമ്പോഴും ഇറങ്ങുമ്പോഴും പഴ്‌സും മറ്റു വിലപിടിപ്പുള്ള വസ്‌തുക്കളും ഉണ്ടെന്ന് ഉറപ്പാക്കുക. 

തിരുട്ടു ഗ്രാമക്കാരും ഇറങ്ങുന്നു

ഓണം അവധി 8 ദിവസം, ഈ ദിവസങ്ങൾ ലക്ഷ്യമിട്ട് കള്ളൻമാർ തിരുട്ടു ഗ്രാമത്തിൽ നിന്നും എത്തും. ജില്ലയിലെ ബാങ്കുകൾക്കും, എടിഎമ്മുകൾക്കും സുരക്ഷ വർധിപ്പിച്ചു. ജില്ലയിലെ പൊലീസ് പരിധികളിൽ ബാങ്ക് ഉദ്യോഗസ്ഥർക്കായി പ്രത്യേക ക്ലാസുകൾ. ബാങ്കിൽ കള്ളൻ കയറിയാൽ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്ന  പ്രത്യേക എമർജൻസി സംവിധാനവും ഏർപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com