ADVERTISEMENT

തിരുവനന്തപുരം ∙ നിയമലംഘനങ്ങൾക്ക് അഞ്ചിരട്ടി വരെ പിഴ ഈടാക്കുന്ന മോട്ടർ വാഹന നിയമഭേദഗതി സംസ്ഥാനത്തു തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. 

ഓണക്കാലം കഴിയും വരെ കർശന വാഹന പരിശോധന വേണ്ടെന്നാണു തീരുമാനം. ഓണത്തിനു ശേഷം സ്ഥിതി വീണ്ടും വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കും. പിഴയിലെ വൻ വർധന പ്രാബല്യത്തിലായതോടെ പലയിടത്തും ക്രമസമാധാന പ്രശ്നങ്ങൾ ഉയർന്നിരുന്നു. 

ഭേദഗതി നടപ്പാക്കുന്നതു പുനഃപരിശോധിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഉയർന്ന പിഴ ഈടാക്കുന്നതു വിപരീത ഫലം സൃഷ്ടിക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഭേദഗതി ചെയ്ത നിയമം ചില സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടില്ലെന്നതും ചൂണ്ടിക്കാട്ടി. 

റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനക്ഷമത  വിലയിരുത്താനാണു  പ്രധാനമായും യോഗം ചേർന്നത്. സമീപകാലത്തുണ്ടായ പല പ്രധാന വാഹനാപകടങ്ങളിലും തെളിവു കണ്ടെത്താൻ ക്യാമറകൾ സഹായകമായിരുന്നില്ല. ഈ സാഹചര്യത്തിൽ ക്യാമറകൾ മുഴുവൻ പ്രവർത്തനക്ഷമമാക്കാൻ  തീരുമാനമായി.

നടപ്പാക്കാതെ 6 സംസ്ഥാനങ്ങൾ

പുതിയ മോട്ടർവാഹന നിയമം ജനങ്ങൾക്ക് അധിക ബാധ്യതയുണ്ടാക്കുന്നതിനാൽ നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് ബംഗാളാണ്. പിന്നാലെ മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളും നിയമം തൽക്കാലത്തേക്ക് നടപ്പാക്കുന്നില്ലെന്നു പ്രഖ്യാപിച്ചു. ബോധവൽക്കരണത്തിനു ശേഷമേ നടപ്പാക്കാനാവൂ എന്നാണ് നിലപാട്. 

കേന്ദ്രം നിയമം പാസാക്കിയെങ്കിലും വിജ്ഞാപനം അതതു സംസ്ഥാനങ്ങളിലെ വകുപ്പുകൾ ഇറക്കണം. 

പിഴ വർധന നടപ്പാക്കരുത്:  ചെന്നിത്തല

തിരുവനന്തപുരം ∙ മോട്ടർ വാഹന നിയമങ്ങളുടെ ലംഘനത്തിനു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പിഴ വർധന കേരളത്തിൽ നടപ്പാക്കരുതെന്നു  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിഴ വർധിപ്പിച്ചതിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ നിലപാടിൽ ആത്മാർഥത ഉണ്ടെങ്കിൽ സർക്കാരിൽ സമ്മർദം   ചെലുത്തി നടപടികൾ പിൻവലിക്കണം.  

ഏകപക്ഷീയമായാണു കേന്ദ്രം തീരുമാനം എടുത്തത്. കേരളത്തിലെ റോഡുകൾ തകർന്നു തരിപ്പണമായി കിടക്കുന്നു.  രാജസ്ഥാൻ, മധ്യപ്രദേശ്, ബംഗാൾ, തമിഴ്‌നാട്  ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  ഭേദഗതി നടപ്പാക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. എന്നിട്ടും കേന്ദ്രത്തിനു പിന്തുണയുമായി കേരളം നിയമം നടപ്പാക്കുന്നതു ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com