ADVERTISEMENT

ദുബായ് ∙ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്‍മാൻ കോടതി തള്ളി. തൃശൂർ സ്വദേശിയും വ്യവസായിയുമായ നാസിൽ അബ്ദുല്ല ഹാജരാക്കിയ രേഖകൾ വിശ്വാസയോഗ്യമല്ലെന്നു കോടതി കണ്ടെത്തി. പാസ്പോർട്ട് തിരികെ ലഭിച്ച തുഷാറിനു നാട്ടിലേക്കു മടങ്ങാം. തുഷാറിനു യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ദുബായ് കോടതി നേരത്തെ തള്ളിയിരുന്നു.

തുഷാറിന്റെ ഉടമസ്ഥതയിൽ 12 വർഷം മുൻപ് ദുബായിൽ പ്രവർത്തിച്ച നിർമാണ കമ്പനിയുടെ ഉപകരാറുകാരനായ നാസിൽ, 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നു കാട്ടിയാണു പരാതി നൽകിയത്. എന്നാൽ പരമാവധി 6 ലക്ഷം ദിർഹത്തിന്റെ (1. 2 കോടി രൂപയോളം) കരാറുകൾ മാത്രം നൽകിയിരുന്ന ഒരാൾക്ക് ഇത്രയും തുക കൊടുക്കാനില്ലെന്നും എല്ലാ ഇടപാടുകളും നേരത്തെ തീർത്തതാണെന്നുമായിരുന്നു തുഷാറിന്റെ നിലപാട്. 

അതിനിടെ, നാസിൽ അബ്ദുല്ല മറ്റൊരാളിൽ നിന്നു തുഷാറിന്റെ ചെക്ക് സംഘടിപ്പിച്ചതാണെന്നു സൂചിപ്പിക്കുന്ന ശബ്ദേരേഖ പുറത്തുവന്നതു കേസിൽ വഴിത്തിരിവായി.   

കഴിഞ്ഞമാസം 20നു ദുബായിലെത്തിയ തുഷാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 10 ലക്ഷം ദിർഹം (ഏകദേശം 1.9 കോടിയോളം രൂപ) കെട്ടിവച്ച്  പിറ്റേന്നു തന്നെ ജാമ്യത്തിലിറങ്ങിയെങ്കിലും പാസ്പോർട്ട് പിടിച്ചുവച്ചതിനാൽ യുഎഇ വിടാനായില്ല. ഇതിനിടെ നടന്ന ഒത്തുതീർപ്പു ശ്രമങ്ങളും പരാജയപ്പെട്ടു. 

നാസിലിനോടു വിരോധമില്ലെന്നും നാട്ടിലേക്കു മടങ്ങും മുമ്പ് കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ പറഞ്ഞു. ഓണത്തിനു നാട്ടിൽ പോകുന്നില്ല.  കൂടെനിന്നു ചതിച്ചയാളെ കണ്ടെത്തുമെന്നു പറഞ്ഞ തുഷാർ മുഖ്യമന്ത്രി, എം.എ.യൂസഫലി, കേന്ദ്രനേതാക്കൾ, സമുദായ അംഗങ്ങൾ എന്നിവരുടെ പിന്തുണയ്ക്കു നന്ദി പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com