ADVERTISEMENT

ചങ്ങനാശേരി ∙ അധ്യാപനം ആയിരുന്നു ജോലി എങ്കിലും വാത്സല്യത്തോടെയുള്ള ഇടപെടലുകളിലൂടെ അനേകർക്കു സുഹൃത്തും രക്ഷകർത്താവും മാർഗദർശിയുമായി മാറിയ സിറിൽ സാർ ഓർമയായി. കേരളത്തിലെ വിവിധ കോളജുകളിൽ അധ്യാപകനായിരുന്ന ചങ്ങനാശേരി ഫാത്തിമാപുരം മണലോടിപറമ്പിൽ സിറിൽ മാത്യു (തോമസുകുട്ടി) ഞായറാഴ്ച രാത്രിയാണ് മരിച്ചത്.

കഴിഞ്ഞ മാസം 29ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് 3ന് ഫാത്തിമാപുരം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ നടക്കും. മസ്തിഷ്ക മരണം സംഭവിച്ചതിനാൽ ബന്ധുക്കളുടെ സമ്മതത്തോടെ സിറിൽ മാത്യുവിന്റെ വൃക്കയും കരളും ദാനം ചെയ്തു. ആരെയും ആകർഷിക്കുന്ന കൗതുകം തുളുമ്പുന്ന കണ്ണുകൾ ദാനം ചെയ്യാൻ ശ്രമിച്ചെങ്കിലും 5 ദിവസത്തിൽ കൂടുതൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്നതിനാൽ ഈ ശ്രമം വിജയിച്ചില്ല.

ഫ്രഞ്ച്, ഇംഗ്ലിഷ് അധ്യാപകനായി എംജി സർവകലാശാല ക്യാംപസിൽ ഉൾപ്പെടെ ജോലി ചെയ്ത സിറിൽ മാത്യുവിന് കേരളത്തിനകത്തും പുറത്തുമായി നൂറു കണക്കിനു ശിഷ്യന്മാരുണ്ട്. അപകട വിവരം അറിഞ്ഞതു മുതൽ പ്രിയപ്പെട്ട സാർ ജീവിതത്തിലേക്കു തിരികെ വരും എന്ന പ്രതീക്ഷയിൽ നിരവധി ആളുകൾ പ്രാർഥനയുമായി ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും മരണ വാർത്ത സ്ഥിരീകരിച്ചതോടെ പലരും നിരാശരായി പൊട്ടിക്കരഞ്ഞു.

അവയവം മാറ്റുന്ന ശസ്ത്രക്രിയയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ ഉച്ചയോടെ സിറിൽ മാത്യു ദീർഘകാലം ജോലി ചെയ്ത എസ്ബി കോളജ് അങ്കണത്തിൽ പൊതുദർശനത്തിനു വച്ചു. നൂറു കണക്കിന് ആളുകളാണ് സാറിനു അന്തിമ ഉപചാരം അർപ്പിക്കാനായി ഇവിടെ എത്തിയത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 7.30ന് ഫാത്തിമാപുരത്തുള്ള വീട്ടിൽ എത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com