sections
MORE

കണ്ണീരുകൊണ്ടൊരു പൊന്നോണം

HIGHLIGHTS
  • ശമ്പളമില്ലാതെ ബിഎസ്എൻഎൽ, എച്ച്എൻഎൽ ജീവനക്കാർ
  • സൗജന്യ റേഷനില്ലാതെ പട്ടിണിപ്പാവങ്ങൾ
SHARE

പൂവിളിയും ആഘോഷവുമായി പൊന്നോണമെത്തിയപ്പോഴും കണ്ണീരുണ്ടു കഴിയാൻ വിധിക്കപ്പെട്ട് കുറെ ആളുകൾ നമുക്കു ചുറ്റും. പട്ടികവർഗക്കാർ ഒഴികെയുള്ള ഒരു വിഭാഗം അതീവ ദരിദ്ര (എഎവൈ) കുടുംബങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റ്് വിതരണം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തവണ സർക്കാർ വേണ്ടെന്നു വച്ചിരിക്കയാണ്. പാവപ്പെട്ടവർക്കു വർഷങ്ങളായി ലഭിച്ചിരുന്ന ഓണക്കിറ്റാണ് ഒഴിവാക്കിയത്. കഴിഞ്ഞ വർഷം 5.95 ലക്ഷം എഎവൈ കുടുംബങ്ങൾക്കു കിറ്റ് നൽകിയിരുന്നു. ഇത്തവണ ഇതിനുള്ള പണം ധനവകുപ്പ് അനുവദിച്ചില്ല. എല്ലാ കാർഡ് ഉടമകൾക്കും റേഷൻകട വഴി നൽകിയിരുന്ന സ്പെഷൽ പഞ്ചസാര സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നേരത്തേ തന്നെ റദ്ദാക്കിയിരുന്നു.

മാസങ്ങളായി വേതനം മുടങ്ങിയ ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്ക് ഇതു പട്ടിണിയോണമാണ്. വേതനം ആവശ്യപ്പെട്ടുള്ള സമരം കണ്ണൂരിൽ 74 ദിവസം പിന്നിട്ടു. പ്രതിഷേധ സൂചകമായി ഇന്നലെ ഉത്രാടം ദിനത്തിൽ സമരപ്പന്തലിൽ പട്ടിണി സമരം സംഘടിപ്പിച്ചു. കാസർകോട് ഭെൽ ഇഎംഎൽ ജീവനക്കാർക്ക് ഓണത്തിനുൾപ്പെടെ 9 മാസത്തെ ശമ്പള കുടിശിക കിട്ടിയില്ല. ഇവർക്കു സംസ്ഥാന സർക്കാർ 10,000 രൂപ വീതം ഓണം അലവൻസ് നൽകി. 

കോട്ടയം വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് (എച്ച്എൻഎൽ) ജീവനക്കാർക്ക് 11 മാസമായി ശമ്പളം മുടങ്ങിയിരിക്കയാണ്. 453 ജീവനക്കാരും 700 കരാർ തൊഴിലാളികളും 300 ട്രെയിനികളും ഇവിടെ തൊഴിലെടുത്തിരുന്നു. ആദിവാസികൾ ഉൾപ്പെടെ  അയ്യായിരത്തോളം പേർ എച്ച്എൻഎല്ലിനെ ആശ്രയിച്ച് ജീവിച്ചിരുന്നു. ഇവരെല്ലാം ദുരിതത്തിലാണ്. 

ഏറ്റുമാനൂർ വേദഗിരിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കോട്ടയം സ്പിന്നിങ് മില്ലിലും ആദ്യമായി ഇത്തവണ ഓണത്തിനു ശമ്പളം മുടങ്ങി. ബോണസായി 7,000 രൂപ വിതരണം ചെയ്തെങ്കിലും ശമ്പളവും ശമ്പള കുടിശികയും ലഭിക്കാനുണ്ട്. 200 സ്ഥിരം ജോലിക്കാരും 100 താൽക്കാലിക ജോലിക്കാരുമാണ് കോട്ടയം ടെക്സ്റ്റൈൽസിൽ ഉള്ളത്. 

ആരോഗ്യമേഖലയിലെ സന്നദ്ധ പ്രവർത്തകരായ ആശ വർക്കർമാർക്കു കണ്ണൂരിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയവും ഇൻസെന്റിവും ലഭിച്ചിട്ടില്ല. കണ്ണൂരിലെ മൽസ്യത്തൊഴിലാളികൾക്കാകട്ടെ, 2 മാസത്തെ പെൻഷൻ കുടിശിക മാത്രമല്ല, പ്രളയബാധിതർക്കു കിട്ടേണ്ട സൗജന്യ റേഷനും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ ഭൂരിഭാഗം റേഷൻ വ്യാപാരികൾക്കും ഓഗസ്റ്റിലെ വിൽപനയുടെ കമ്മിഷൻ തുക വിതരണം ചെയ്തിട്ടില്ല. സർക്കാർ പണം അനുവദിച്ചിട്ടും പണം കിട്ടാത്ത സ്ഥിതിയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA