കുറച്ച് ഉംറ തീർഥാടകർ ബെംഗളൂരു വഴി യാത്രയായി; ചിലർ കുടുങ്ങിത്തന്നെ

SHARE

നെടുമ്പാശേരി (കൊച്ചി)∙ ടിക്കറ്റിലെ സാങ്കേതികപ്രശ്നം മൂലം തിങ്കളാഴ്ച രാത്രിയിൽ യാത്ര തടസ്സപ്പെട്ട ഉംറ തീർഥാടകരിൽ ചിലർ ഇന്നലെ ബെംഗളൂരു വഴി സൗദിയിലേക്കു പോയി. ബെംഗളൂരുവിലെത്തിയ മറ്റുള്ളവർക്കു യാത്ര വീണ്ടും തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രിയിൽ നെടുമ്പാശേരിയിൽ നിന്നു പോകാനെത്തിയ 200 തീർഥാടകരുടെ യാത്ര മുടങ്ങിയിരുന്നു. പെരുമ്പാവൂരിലെ ഒരു ഏജൻസി വഴിയാണ് ഇവർ യാത്ര ക്രമീകരിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് ഇവരുടെ യാത്രയെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും തലേന്നു വിളിച്ച് തിങ്കളാഴ്ച രാത്രിയിൽ വിമാനത്താവളത്തിലെത്താൻ പറയുകയായിരുന്നു.

നെടുമ്പാശേരിയിലെത്തിയ തീർഥാടകരോടു ബസിൽ ബെംഗളൂരുവിലെത്താനും അവിടെ നിന്നു വിമാനത്തിൽ പോകാനും ഏജൻസി അധികൃതർ അറിയിച്ചതു വിമാനത്താവളത്തിൽ സംഘർഷാവസ്ഥയുണ്ടാക്കി. യാത്രക്കാരുടെ പരാതിയെത്തുടർന്നു പൊലീസ് കേസെടുത്തു.

ബെംഗളൂരുവിലെത്തിയിട്ടും തീർഥാടകരിൽ ഏതാനും പേർക്കു ചൊവ്വാഴ്ചയും യാത്ര ചെയ്യാനായില്ല. തുടർന്ന്‌ ഇവർ ബെംഗളൂരുവിലെ ഹോട്ടലിൽ കുടുങ്ങിക്കിടക്കുകയാണ്. സ്വന്തമായി വിമാനമാർഗം ബെംഗളൂരുവിലെത്തിയവർക്കാണ് ഇന്നലെ ഉംറയ്ക്ക് പുറപ്പെടാൻ കഴിഞ്ഞത്. എന്നാൽ, ബസിൽ പോയവർക്കു ബെംഗളൂരുവിൽ ലോറി മറിഞ്ഞതിനെ തുടർന്നുണ്ടായ ഗതാഗതം തടസ്സം മൂലം നിശ്ചിത സമയത്ത് എത്താൻ കഴിഞ്ഞില്ല. ഒരു മണിക്കൂറിലേറെ കാത്തുകിടന്ന ശേഷം വിമാനം പുറപ്പെടുകയും ചെയ്തു. ഹോട്ടലിൽ തങ്ങുന്ന ഇവരെ ഇന്നു ഹൈദരാബാദ് വഴി ജിദ്ദയിലെത്തിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA