ADVERTISEMENT

തിരുവനന്തപുരം ∙ ഗതാഗത നിയമലംഘനത്തിനു പിഴത്തുക വർധിപ്പിച്ചുള്ള തീരുമാനം പിൻവലിക്കാനാകില്ലെന്നു നിയമോപദേശം. വിവിധ നിയമവിദഗ്ധരോട് മോട്ടർ വാഹന വകുപ്പ് അനൗദ്യോഗികമായി അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഒരിക്കൽ വിജ്ഞാപനം ചെയ്ത നിയമം പിൻവലിക്കാൻ കഴിയില്ലെന്ന മറുപടി ലഭിച്ചത്. ചാടിക്കയറി വിജ്ഞാപനം ചെയ്യാതിരിക്കാമായിരുന്നു; എന്നാൽ, ഒരിക്കൽ വിജ്ഞാപനം ചെയ്തു കഴിഞ്ഞതിനാൽ ഇനി പിൻവലിക്കാൻ വകുപ്പില്ല എന്നാണ് എല്ലാ നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയത്. നിയമ സെക്രട്ടറിയും സമാനമായ നിർദേശം തന്നെയാകും സർക്കാരിനു നൽകുക.

നിലവിലെ പിഴസംഖ്യയിൽ മാറ്റം വരുത്തി ഓർഡിനൻസ് ഇറക്കണമെങ്കിൽ, കേന്ദ്ര നിയമമെന്ന നിലയ്ക്ക് രാഷ്ട്രപതിയുടെ അനുവാദം വേണം. രാഷ്ട്രപതി അനുവാദം നൽകുമെന്ന പ്രതീക്ഷ സംസ്ഥാന സർക്കാരിനില്ല. കാര്യമായ ആലോചനകളില്ലാതെ നിയമം നടപ്പാക്കി ഒടുവിൽ പുലിവാലുപിടിച്ച അവസ്ഥയിലാണിപ്പോൾ സർക്കാർ.

ഓണത്തിരക്കു കഴിഞ്ഞ് സംസ്ഥാനത്തു വീണ്ടും വാഹന പരിശോധന ആരംഭിക്കുമ്പോൾ നിലവിലെ നിയമപ്രകാരമേ പിഴ ഇൗടാക്കാൻ കഴിയൂ. ഇത് ജനവികാരം എതിരാക്കുമെന്ന ഭയത്തിലാണ് സർക്കാർ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ പരിശോധന പൂർണമായി ഒഴിവാക്കാൻ രഹസ്യ നിർദേശം പൊലീസിനു നൽകിക്കഴിഞ്ഞു.

∙ ഗുജറാത്തിൽ പിഴ കുറച്ചു

ഗതാഗത നിയമങ്ങൾ ജനങ്ങൾ നിസ്സാരമായി എടുക്കുന്നതിനാൽ നിയമം കടുകട്ടിയാക്കണമെന്നു പറഞ്ഞ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് സ്വന്തം പാർട്ടി ഭരിക്കുന്ന ഗുജറാത്തിൽ നിന്നു തിരിച്ചടി. ഗതാഗതനിയമലംഘനങ്ങൾക്കു കൂട്ടിയ പിഴത്തുക ഗുജറാത്ത് സർക്കാർ പകുതിയോ അതിൽ താഴെയോ ആയി കുറച്ചു. പുതിയ മോട്ടർവാഹനനിയമം നടപ്പാക്കില്ലെന്ന് നേരത്തേതന്നെ 6 സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ബിജെപി ഭരിക്കുന്നവയല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com