ADVERTISEMENT

പതിവു തെറ്റാതെ ഉത്രാട ദിനമായ ഇന്നലെയും ഫാ.കെ.ടി.മാത്യു കുഴുപ്പിലിന്റെ ഫോൺ വിളിയെത്തി. ഗൃഹാതുരത നിറയുന്ന ഓണക്കാലത്തിന്റെ ഓ‍ർമകളുമായി.

കുട്ടിക്കാലം  മുതൽ വലിയ  അധ്വാനിയായിരുന്നു എന്റെ കൂട്ടുകാരനായിരുന്ന മാത്യുവും അദ്ദേഹത്തിന്റെ പിതാവും. സ്കൂളിൽ ഒരുമിച്ചായിരുന്നു മാത്യുവിന്റെയും എന്റെയും പഠനം. കപ്പ പറിച്ചു വിൽക്കുന്നതിനായി മാത്യുവും പിതാവും പറമ്പിലേക്കു നടക്കുന്നത് അന്നൊക്കെ എന്നും രാവിലെ കാണുമായിരുന്നു. പറമ്പിലെ ജോലിക്കു ശേഷമാണ് മാത്യു സ്കൂളിൽ എത്തിയിരുന്നത്.

ഒരു ഓണത്തിനു രാവിലെ മാത്യുവിനെ കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ കുറെ പച്ചക്കറികളുമായി വീട്ടിലേക്ക് ഓടി വന്നു.  മാത്യുവിന്റെ കൃഷിയിടത്തിലെ ആ പച്ചക്കറികൾ കൊണ്ട് സദ്യയൊരുക്കി ഞങ്ങൾ അന്ന് ഇല്ലത്തെ നാലുകെട്ടിലിരുന്ന് ഒരുമിച്ച് ഓണമുണ്ടു. 

പിന്നീട് ഞാൻ പാട്ടു പഠിക്കാനായി പോയി. ഒരു ദിവസം അമ്മയുടെ കത്തുകിട്ടി. എന്റെ അനുജത്തി സരസ്വതിയെക്കൊണ്ട് എഴുതിപ്പിച്ച ആ കത്ത് ഇതായിരുന്നു. ‘നിന്റെ കൂട്ടുകാരൻ മാത്യു വീട്ടിൽ വന്നിരുന്നു. അവൻ വൈദിക പഠനത്തിനു ചേരാൻ പോകുന്നു. അതിനു മുമ്പ് എന്റെ അനുഗ്രഹം തേടി വന്നതാണ്. ഞാൻ തലയിൽ  കൈവച്ച് അനുഗ്രഹിച്ചു, നിന്നെ അനുഗ്രഹിക്കും പോലെ’

വർഷങ്ങൾക്കു ശേഷം അമ്മ വീണ്ടും എഴുതി.. ‘മാത്യു വൈദികനായി. വലിയ കുപ്പായമൊക്കെ ഇട്ട് നമ്മുടെ വീട്ടിൽ വീണ്ടും വന്നു. എന്റെ അനുഗ്രഹം തേടി വന്നതാണ്. നിറഞ്ഞ മനസ്സോടെ, പ്രാർഥനയോടെ വീണ്ടും ഞാൻ അവനെ അനുഗ്രഹിച്ചു.’

ഫാ. മാത്യു മംഗലാപുരത്തെ ദേവാലയത്തിലാണ് ചുമതലയേറ്റത്. ഒരിക്കൽ മൂകാംബികയ്ക്കു പോകുമ്പോൾ മംഗലാപുരത്തു വച്ച് എന്റെ അമ്മ മാത്യുവിനെ ഫോൺ വിളിച്ചു. മാത്യു വന്ന് അമ്മയെ കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിന്റെ ദേവാലയത്തിൽ പോയി. അമ്മയെ അടുത്തുനിർത്തി പ്രാർഥിച്ചു.  

അതെക്കുറിച്ചും അമ്മ എനിക്കു കത്തെഴുതി. ആ കത്തു വായിച്ചപ്പോൾ  മാത്യുവിനെ ഉടൻ കാണണമെന്നു തോന്നി. അന്നു ഞാൻ ഫാ. മാത്യുവിനെകുറിച്ചു ‘മലയാള മനോരമയിൽ’ എഴുതി. ആ ലേഖനം വന്നതിന്റെ പിറ്റേന്നു മാത്യു എന്നെ വിളിച്ചു.  പിന്നീട് പലതവണ ഓണസദ്യ ഉണ്ടത് ഞങ്ങൾ ഒരുമിച്ചായിരുന്നു. 

ഫാ.മാത്യു ഇപ്പോൾ കണ്ണൂരിലെ ചപ്പാരപ്പടവ് ദേവാലയത്തിലെ വികാരിയാണ്. സേവനം ചെയ്ത എല്ലാ ദേവാലയത്തിലും കൃഷിക്കും മറ്റും പ്രോൽസാഹനം നൽകിയ ആളാണ് അദ്ദേഹം. സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കുന്ന വാഴക്കുലകളും പച്ചക്കറികളുമായാണ് ഇപ്പോഴും അദ്ദേഹം ഓണക്കാലത്ത് എന്നെ കാണാൻ എത്തുന്നത്.  ഈ വർഷം വീണ് കാലിനു പരുക്കേറ്റതിനാൽ അദ്ദേഹത്തിനു വരാൻ  പറ്റിയില്ല.

‌‌‌തയാറാക്കിയത്:  അനീഷ് ആനിക്കാട്

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com