sections
MORE

പ്രളയക്കടലിൽ ജന്മം, ഓണത്തിന് പുനർജന്മം; രോഹിത ഒരു അദ്ഭുതമാണ് !

HIGHLIGHTS
  • വനത്തിനു നടുവിൽനിന്ന് ജീവിതത്തിലേക്കു മുട്ടിലിഴഞ്ഞെത്തിയ രോഹിതയുടെ ജനനം മഹാപ്രളയത്തെ അതിജീവിച്ച്
rohita-onam
തിരികെക്കിട്ടിയ ഓണം: മൂന്നാർ രാജമലയ്ക്കു സമീപം ജീപ്പിൽനിന്നു തെറിച്ചുവീണ ഒരു വയസ്സുകാരി രോഹിത, പൂക്കളമൊരുക്കുന്ന മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം.
SHARE

അടിമാലി ∙ ‘പ്രളയത്തെ തോൽപിച്ച കു​‍ഞ്ഞാണ് രോഹിത, അവൾ ജീവിതത്തിലേക്കു സ്വയം നീന്തിക്കയറിയതിൽ അദ്‌ഭുതപ്പെടാനില്ല.’– മൂന്നാർ രാജമലയ്ക്കു സമീപം ഞായറാഴ്ച രാത്രി ജീപ്പ് യാത്രയ്ക്കിടെ അമ്മയുടെ മടിയിൽനിന്നു റോഡിലേക്ക് തെറിച്ചുവീണ രോഹിതയെപ്പറ്റി നാട്ടുകാർ പറയുന്നതിങ്ങനെ. മഹാപ്രളയം ഇടുക്കി ജില്ലയെ തകർത്ത 2018 ഓഗസ്റ്റ് 18നാണ് രോഹിത ജനിച്ചത്. ഗർഭിണിയായ അമ്മയെ പ്രളയം തകർത്ത റോഡിലൂടെ സാഹസികമായാണ് അന്ന് ആശുപത്രിയിലെത്തിച്ചത്. ഒന്നാം ജന്മദിനത്തിനു പിന്നാലെ മറ്റൊരു ‘സാഹസിക യാത്ര’യാണു രോഹിത (അച്ചു) നടത്തിയത്.

രോഹിതയുടെ പുനർജന്മത്തിന്റെ തിരുവോണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മാതാപിതാക്കളായ മുള്ളിരിക്കുടി താന്നിക്കൽ ടി.എസ് സബീഷും സത്യഭാമയും ഒപ്പം മറ്റു രണ്ടു മക്കളായ രോഹിതും (7) റോഷ്നിയും (4).

ജനനസമയത്തെ നേർച്ചയായിരുന്ന പഴനി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ രാജമല വനപാതയിൽ രോഹിത റോഡിലേക്കു തെറിച്ചു വീണത്. അമ്മയുടെ മടിയിൽ ഉറങ്ങുകയായിരുന്നു കുഞ്ഞ്. തലച്ചോറിലേക്കുള്ള ഞരമ്പു സംബന്ധമായ രോഗത്തിന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അമ്മ സത്യഭാമ. മരുന്നു കഴിച്ചതുമൂലമുള്ള മയക്കവും 2 ദിവസത്തെ യാത്രാ ക്ഷീണവും കാരണം കുഞ്ഞ് മടിയിൽ നിന്ന് റോഡിലേക്കു വീണ വിവരം അറിഞ്ഞില്ലെന്ന് ബന്ധുക്കൾ പറയുന്നു. വനപാതയിൽ വീണ കുഞ്ഞ് മുട്ടിലിഴഞ്ഞ് സമീപത്തെ ഫോറസ്റ്റ് എയ്ഡ് പോസ്റ്റിലെത്തിയതു ഭാഗ്യമായി.

യാത്രയ്ക്കിടെ കുഞ്ഞിനെ മടിയിൽ ഇരുത്തി പാൽ കൊടുത്തതായി സത്യഭാമ പറഞ്ഞു. തണുപ്പു തോന്നിയതിനാൽ ടർക്കി കൊണ്ട് പൊതിഞ്ഞു മടിയിൽ കിടത്തി ഉറക്കി. യാത്രയ്ക്കിടെ താനും ഉറങ്ങിയെന്നും ഉറക്കം തെളിഞ്ഞത് കമ്പിളികണ്ടത്ത് വീട്ടിൽ എത്തിയപ്പോഴാണെന്നും സത്യഭാമ പറയുന്നു. കൂടെയുള്ളവർ ഉണർത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായത്. ഇതോടെ സത്യഭാമ ബോധം കെട്ടു. പിന്നീട് പൊലീസ് വഴി കുട്ടിയെ കണ്ടെത്തി.

∙ മാതാപിതാക്കൾക്ക് എതിരെ കേസ്

അമ്മയുടെ മടിയിൽ ഉറക്കത്തിലായിരുന്ന കുഞ്ഞ് ജീപ്പ് യാത്രയ്ക്കിടെ റോഡിൽ തെറിച്ചുവീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ബാലാവകാശ സംരക്ഷണ നിയമപ്രകാരം മൂന്നാർ പൊലീസ് കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തതായി അധ്യക്ഷൻ പി.സുരേഷ് അറിയിച്ചു. ഇടുക്കി കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ചൈൽ‍‍ഡ് പ്രൊട്ടക്‌ഷൻ ഓഫിസർ എന്നിവരിൽ നിന്നു റിപ്പോർട്ട് തേടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA